gulf
പ്രതീകാത്മക ചിത്രം

കൊച്ചി: പ്രവാസികളുടെ കാലങ്ങളായുള്ള സ്വപ്‌നമാണ് കേരളത്തില്‍ നിന്ന് ഗള്‍ഫ് മേഖലയിലേക്കുള്ള കപ്പല്‍ യാത്ര. ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഈ സ്വപ്‌നം വൈകാതെ യാഥാര്‍ത്ഥ്യമാകുമെന്ന പ്രതീക്ഷയിലാണ് കേരള മാരിടൈം ബോര്‍ഡ്. കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്കുള്ള സര്‍വീസിന് താത്പര്യം അറിയിച്ച് രണ്ട് കമ്പനികള്‍ മുന്നോട്ട് വന്നിരിക്കുകയാണിപ്പോള്‍. കോഴിക്കോട് ആസ്ഥാനമായ ജബല്‍ വെഞ്ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വൈറ്റ് ഷിപ്പിംഗ് എന്നീ കമ്പനികളാണ് സന്നദ്ധത അറിയിച്ച് മുന്നോട്ട് വന്നിരിക്കുന്നത്.

ഷിപ്പിംഗ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയും മാരിടൈം ബോര്‍ഡും ഇരു കമ്പനികളുമായും കഴിഞ്ഞമാസം ഒരു ഓണ്‍ലൈന്‍ കൂടിക്കാഴ്ച നടത്തി തുടര്‍നടപടികളെ കുറിച്ച് അറിയിച്ചിരുന്നു. നിലവില്‍ ഒരേസമയം 600 മുതല്‍ 700 പേര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയുന്ന കപ്പലുകളെയാണ് കേരളം പരിഗണിക്കുന്നത്. എന്നാല്‍ ഇത്തരത്തിലുള്ള കപ്പല്‍ കണ്ടെത്തുകയെന്നതാണ് പ്രധാന വെല്ലുവിളി. അനുയോജ്യമായ കപ്പലുകള്‍ കണ്ടെത്തിയ ശേഷം മെര്‍ച്ചന്റ് ഷിപ്പിംഗ് ആക്ട് അനുസരിച്ച് പൂര്‍ണമായ രേഖകള്‍ സഹിതം ഡയറക്ടര്‍ ജനറല്‍ ഓഫ് ഷിപ്പിംഗില്‍ ലൈസന്‍സിന് അപേക്ഷിക്കാനാണ് കമ്പനികളോട് നിര്‍ദേശിച്ചിരിക്കുന്നത്.

യാത്രക്കാരുടെ എണ്ണം ആണ് പ്രധാനമായി കേരളം പരിഗണിക്കുന്നത്. അതിനോടൊപ്പം മറ്റ് മാനദണ്ഡങ്ങള്‍ കൂടി പാലിക്കേണ്ടതുമുണ്ട്. കാര്യങ്ങള്‍ അനുകൂലമായി വന്നാല്‍ യാത്രയ്ക്ക് സജ്ജമാക്കുന്നതിന് ബുക്കിംഗ് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് നാല് മാസത്തെ സമയം വരെ വേണ്ടിവരുമെന്നാണ് മാരിടൈം ബോര്‍ഡ് പറയുന്നത്. മുന്നോട്ട് വന്ന രണ്ട് കമ്പനികളില്‍ ഒരെണ്ണം 600 യാത്രക്കാരെ ഉള്‍ക്കൊള്ളുന്ന കപ്പല്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ മറ്റ് ചില മാനദണ്ഡങ്ങള്‍ പാലിക്കാന്‍ കഴിയാത്തത് കാരണം അതുമായി മുന്നോട്ട് പോകാന്‍ കഴിഞ്ഞില്ല.

യാത്രാ സമയം വിമാനങ്ങളേക്കാള്‍ കൂടുതലാണെങ്കിലും സര്‍വീസ് ആരംഭിക്കാന്‍ കഴിഞ്ഞാല്‍ അത് വിമാനക്കമ്പനികളുടെ കൊള്ളയ്ക്ക് ഒരു പരിധി വരെ അന്ത്യംകുറിക്കുമെന്ന പ്രതീക്ഷയും പ്രവാസികള്‍ക്കുണ്ട്. ഓഫ് സീസണില്‍ വില്‍ക്കുന്ന ടിക്കറ്റ് നിരക്കിനേക്കാള്‍ അഞ്ചിരട്ടി വരെ അമിത നിരക്കാണ് വിവിധ വിമാനക്കമ്പനികള്‍ അവധിക്കാലത്തും ഉത്സവ സീസണുകളില്‍ ഈടാക്കുന്നത്.