ഭാവിയിൽ, ദൂരവ്യാപക സ്വാധീനം ഉളവാക്കിയേക്കാവുന്ന സുപ്രധാന സംരംഭത്തിന് മന്നോടിയായി , ബയോടെക്‌നോളജി വകുപ്പിന്റെ (ഡിബിടി) 'ബയോഇ3- സമ്പദ്വ്യവസ്ഥ, പരിസ്ഥിതി, തൊഴിൽ എന്നിവയ്ക്കായി ജൈവസങ്കേതികവിദ്യ ( (Biotechnology for Economy, Employment and Environment) നയ'ത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകി. സംശുദ്ധവും ഹരിതാഭവും സ്വയംപര്യാപ്തവുമായ ഭാരതത്തിനായി ജൈവ ഉൽപ്പാദനം പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ളതാണ് ഈ നയം. ലോകത്തിന്റെ ഭാവി സാമ്പത്തിക വളർച്ചയുടെ മുൻനിരയിലുള്ള രാജ്യം എന്ന നിലയിൽ ഇന്ത്യക്ക്, ആഗോളതലത്തിൽ സുപ്രധാന സ്ഥാനം ഇത് ഉറപ്പാക്കും.
അമിതമായ വിഭവ വിനിയോഗം, ഉപഭോഗം, മാലിന്യങ്ങളുടെ ഉൽപ്പാദനം എന്നിവയുടെ സുസ്ഥിരമല്ലാത്ത മാതൃക കാട്ടുതീ, ഹിമാനികളുടെ ഉരുകൽ, ജൈവവൈവിധ്യ ശോഷണം തുടങ്ങിയ ആഗോള വിപത്തുകൾക്ക് കാരണമായിട്ടുണ്ട്. കാലാവസ്ഥാ വ്യതിയാനം, പുനരുൽപ്പാദിപ്പിക്കാനാകാത്ത വിഭവങ്ങൾ, സുസ്ഥിരമല്ലാത്ത മാലിന്യ ഉൽപ്പാദനം എന്നിവയുടെ വെല്ലുവിളി നിറഞ്ഞ പശ്ചാത്തലത്തിൽ സംയോജിത 'ബയോ ഇ 3' നയം, സുസ്ഥിര വളർച്ചയിലേക്കുള്ള ശുഭകരവും നിർണായകവുമായ ചുവടുവയ്പ്പാണ്. ഈ നയത്തിന്റെ പ്രധാന ലക്ഷ്യം, രാസ-അധിഷ്ഠിത വ്യവസായങ്ങളെ സുസ്ഥിര ജൈവ-അധിഷ്ഠിത വ്യവസായ മാതൃകകളിലേക്ക് പരിവർത്തനംചെയ്യുക എന്നതാണ്. ഇത് വർത്തുള ജൈവ സാമ്പത്തിക ശൃംഖലയെ പ്രോത്സാഹിപ്പിക്കും.
കൂടാതെ മാലിന്യ നിക്ഷേപ കേന്ദ്രങ്ങൾ, ഹരിതഗൃഹ വാതകങ്ങൾ മുതലായവയിൽ നിന്നുള്ള പാഴ് വസ്തുക്കളെ സൂക്ഷ്മജീവാണുക്കൾ ഉപയോഗിച്ച് ജൈവ അധിഷ്ഠിത ഉൽപ്പന്നങ്ങളായി മാറ്റുന്നതിലൂടെ നെറ്റ്-സീറോ കാർബൺ ബഹിർഗമനം കൈവരിക്കുന്നതിന് പ്രചോദനമേകുകയും ചെയ്യും.
കൂടാതെ, ബയോ ഇ 3 നയം ഇന്ത്യയുടെ ജൈവ സമ്പദ്വ്യവസ്ഥയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. ജൈവ അധിഷ്ഠിത ഉത്പന്നങ്ങളുടെ വ്യാപനത്തിനും വാണിജ്യവത്കരണത്തിനും സൗകര്യമൊരുക്കൽ; മാലിന്യങ്ങൾ കുറയ്ക്കലും പുനരുപയോഗവും പുനഃചംക്രമണവും; ഇന്ത്യയിൽ ഉയർന്ന വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ കൂട്ടായ്മ വിപുലീകരിക്കൽ; വൻതോതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കൽ; ഒപ്പം സംരംഭകത്വ മന്നേറ്റം സൃഷ്ടിക്കൽ എന്നിവയും ഈ നയം ലക്ഷ്യമിടുന്നു.
നയത്തിന്റെ പ്രധാന സവിശേഷതകൾ ഇവയാണ് :
1) ഉയർന്ന മൂല്യമുള്ള ജൈവ-അധിഷ്ഠിത രാസവസ്തുക്കൾ, ബയോപോളിമറുകൾ, എൻസൈമുകൾ ; സ്മാർട്ട് പ്രോട്ടീനുകളും ഫംഗ്ഷണൽ ഭക്ഷ്യ വിഭവങ്ങളും ; ബയോതെറാപ്യുട്ടിക്സ്; കാലാവസ്ഥ മാറ്റത്തെ പ്രതിരോധിക്കുന്ന കൃഷിരീതി ; കാർബൺ പിടിച്ചെടുക്കലും അതിന്റെ ഉപയോഗവും; സമുദ്ര - ബഹിരാകാശ ഗവേഷണം തുടങ്ങി വിവിധ മേഖലകളിലുടനീളം തദ്ദേശീയ ഗവേഷണത്തിനും വികസന-കേന്ദ്രീകൃത സംരംഭകത്വത്തിനും പ്രോത്സാഹനവും പിന്തുണയും നൽകൽ.
2) ജൈവ ഉത്പാദന സൗകര്യങ്ങൾ, ബയോ ഫൗണ്ടറി ക്ലസ്റ്ററുകൾ, ജൈവ നിർമ്മിത ബുദ്ധി (ബയോ-എഐ) ഹബുകൾ എന്നിവ സ്ഥാപിച്ച് സാങ്കേതിക വികസനവും വാണിജ്യവൽക്കരണവും ത്വരിതപ്പെടുത്തൽ
3) ധാർമികവും ജൈവസുരക്ഷ സംബന്ധിച്ച വസ്തുതകളും പരിഗണിച്ച് സാമ്പത്തിക വളർച്ചയുടെ പുനരുൽപ്പാദന മാതൃകകൾക്കും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും മുൻഗണന നൽകൽ
4) നിയന്ത്രണ - പരിഷ്‌കരണ നടപടികളെ ആഗോള മാനദണ്ഡങ്ങളുമായി സമന്വയിപ്പിക്കൽ
കഴിഞ്ഞ ദശകത്തിൽ ശക്തമായ സാമ്പത്തിക വളർച്ച പ്രകടമാക്കിയ ഇന്ത്യക്ക് നാലാം വ്യാവസായിക വിപ്ലവത്തിന്റെ ആഗോള നേതൃനിരയിൽ മുൻപന്തിയിൽ എത്താൻ അപാരമായ സാധ്യതകളുമുണ്ട്. നമ്മുടെ ജൈവ സമ്പദ്വ്യവസ്ഥ 2014-ലെ 10 ശതകോടി ഡോളറിൽ നിന്ന് 13 മടങ്ങ് വർദ്ധിച്ച് 2024-ൽ 130 ശതകോടി ഡോളറായി ഉയർന്നു. 2030-ഓടെ വിപണി മൂല്യം 300 ശതകോടി ഡോളറാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിവിധ മേഖലകളിലായി ബയോഇ3 നയം നടപ്പാക്കുന്നത് രാജ്യത്തിന്റെ ജൈവ സമ്പദ്വ്യവസ്ഥയെ കൂടുതൽ ഉത്തേജിപ്പിക്കുകയും ' ഹരിത വളർച്ചയെ ' പ്രോത്സാഹിപ്പിക്കുകയും ചെയ്യും. പുതിയ സാങ്കേതിക വിദ്യകളും നൂതനാശയങ്ങളും പ്രയോജനപ്പെടുത്തിയാണ് രാജ്യത്തെ ഉയർന്ന പ്രവർത്തനശേഷിയുള്ള ജൈവ ഉൽപ്പാദന സംരംഭങ്ങളെ പരിപോഷിപ്പിക്കുന്നതിനായുള്ള അടിത്തറ പാകുന്നത്. 'മേക്ക് ഇൻ ഇന്ത്യ' സംരംഭത്തിന്റെ പ്രധാന സ്തംഭമായി മാറുന്നതിനാണ് ജൈവ ഉൽപ്പാദനം പ്രാഥമികമായി ലക്ഷ്യമിടുന്നത്.
കൂടാതെ 21-ാം നൂറ്റാണ്ടിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള പരിവർത്തന സമീപനം ഇത് പ്രദാനം ചെയ്യും. വിവിധ മേഖലകളുടെ സംയോജിത സംരംഭം എന്ന നിലയിൽ, സൂക്ഷ്മാണുക്കൾ, സസ്യങ്ങൾ, മനുഷ്യകോശങ്ങൾ ഉൾപ്പെടെയുള്ള ജന്തു കോശങ്ങൾ എന്നിവയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി കുറഞ്ഞ കാർബൺ പാദമുദ്ര മാത്രം സൃഷ്ടിച്ചു കൊണ്ട് ചെലവ് കുറഞ്ഞ രീതിയിൽ ജൈവ അധിഷ്ഠിത ഉൽപ്പന്നങ്ങൾ വികസിപ്പിക്കാൻ ഇതിന് ശക്തിയുണ്ട്.
നൂതന നിർമ്മാണ സാങ്കേതികവിദ്യകളിലൂടെയും സഹകരണ പ്രയത്നങ്ങളിലൂടെയും ജൈവ അധിഷ്ഠിത ഉൽപ്പന്നങ്ങളുടെ ഉൽപ്പാദനം, വികസനം, വാണിജ്യവൽക്കരണം എന്നിവയെ ഉത്തേജിപ്പിക്കുന്ന കേന്ദ്രീകൃത സംവിധാനമായി ബയോ മാനുഫാക്ചറിംഗ് ഹബുകൾ പ്രവർത്തിക്കുമെന്ന് വിഭാവനം ചെയ്യുന്നു. ജൈവനിർമ്മാണ പ്രക്രിയകളുടെ തോത്, സുസ്ഥിരത, നൂതനാശയങ്ങൾ എന്നിവയുടെ ആക്കം വർദ്ധിപ്പിക്കുന്നതിന് വിഭവങ്ങൾ, വൈദഗ്ധ്യം, സാങ്കേതികവിദ്യ എന്നിവയുടെ പങ്കാളിത്ത സമൂഹം സൃഷ്ടിക്കാൻ ഇത് സഹായിക്കും. ഈ ജൈവ ഉൽപ്പാദന ഹബ്ബുകൾ, ജൈവ അധിഷ്ഠിത ഉൽപ്പന്നങ്ങളുടെ നിർമ്മാണം 'ലാബ്-ടു-പൈലറ്റി'ൽ നിന്നും 'പ്രീ-കൊമേഴ്സ്യൽ തല'ത്തിലേക്കുള്ള വിടവ് നികത്തും.ഈ പ്രക്രിയയിൽ നവീനമായ ആശയങ്ങൾ കൊണ്ടുവരികയും വികസിപ്പിക്കുകയും ചെയ്യുന്നതിലൂടെയും സ്റ്റാർട്ടപ്പുകൾ, ചെറുകിട ഇടത്തരം സംരംഭങ്ങളിലും (എസ്എംഇ) സ്ഥാപിത നിർമ്മാതാക്കളിലും നിർണായക സ്വാധീനം ചെലുത്തും.
ജൈവ എൻജിനിയറിങ് പ്രക്രിയകൾക്കായി- അതായത്, പ്രാരംഭ രൂപകൽപ്പനയും പരീക്ഷണ ഘട്ടങ്ങളും മുതൽ പൈലറ്റ്, പ്രീ-കൊമേഴ്സ്യൽ ഉൽപ്പാദനം വരെ വ്യത്യസ്ത ഘട്ടങ്ങളിലെ പ്രവർത്തനങ്ങൾക്ക് വേണ്ടി വിപുലമായ ക്ലസ്റ്ററുകൾ സൃഷ്ടിക്കുന്നതിനെയാണ് ബയോഫൗണ്ടറി സൂചിപ്പിക്കുന്നത്. എംആർഎൻഎ അടിസ്ഥാനമാക്കിയുള്ള വാക്സിനുകളുടെയും വ്യത്യസ്ത ഉപയോഗങ്ങൾക്കായുള്ള പ്രോട്ടീനുകളുടെയും വൻ തോതിലുള്ള നിർമ്മാണം ബയോഫൗണ്ടറികളുടെ പ്രാധാന്യം വ്യക്തമാക്കുന്ന ശ്രദ്ധേയമായ ഉദാഹരണങ്ങളാണ്. സ്റ്റാൻഡേർഡ്, ഓട്ടോമേറ്റഡ് പ്രക്രിയകൾ ഉപയോഗിച്ച് ജൈവ സംവിധാനങ്ങളുടെ രൂപകല്പന, നിർമ്മാണം,ജീവികളിലെ പരീക്ഷണം എന്നിവയിൽ ഈ ക്ലസ്റ്ററുകൾ വൈദഗ്ദ്ധ്യം നൽകും.
ഗവേഷണത്തിലും വികസനത്തിലും നിർമ്മിത ബുദ്ധിയുടെ സംയോജനത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു കേന്ദ്രബിന്ദുവായി ബയോ- എ ഐ ഹബ്ബുകൾ പ്രവർത്തിക്കും. ജൈവ സാങ്കേതികവിദ്യ വൈദഗ്ധ്യം, അത്യാധുനിക അടിസ്ഥാനസൗകര്യങ്ങൾ, നിർമ്മിത ബുദ്ധി , മെഷീൻ ലേണിംഗ് എന്നിവ ഉപയോഗിച്ച് ബയോളജിക്കൽ ഡാറ്റയുടെ സംയോജനത്തിനും സംഭരണത്തിനും വിശകലനത്തിനും ആവശ്യമായ പിന്തുണയും ഈ ഹബുകൾ നൽകും. വിവിധ വിഭാഗങ്ങളിൽ നിന്നുള്ള വിദഗ്ധർക്ക് (ബയോളജി, എപ്പിഡെമിയോളജി, കമ്പ്യൂട്ടർ സയൻസ്, എൻജിനിയറിങ്, ഡാറ്റാ സയൻസ്, മുതലായവ) ഈ വിഭവങ്ങൾ പ്രാപ്യമാക്കുന്നത്, പുതിയ തരം ജീൻ തെറാപ്പി, അല്ലെങ്കിൽ പുതിയ ഭക്ഷണ സംസ്‌കരണ മാർഗം പോലെ വ്യത്യസ്ത ജൈവ അധിഷ്ഠിത ഉൽപ്പന്നങ്ങളുടെ നിർമ്മാണം സുഗമമാക്കും.
ഈ ഏകോപിത സംരംഭങ്ങളിലൂടെ, ബയോ ഇ 3 നയം തൊഴിലവസരങ്ങളിൽ വൻ കുതിച്ചുചാട്ടം സൃഷ്ടിക്കും. ജൈവപിണ്ഡ സ്രോതസ്സുകൾക്ക് സമീപമുള്ള പ്രദേശങ്ങളിലാണ് ജൈവ ഉൽപ്പാദന ഹബ്ബുകൾ സ്ഥാപിക്കാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നത് എന്നതിനാൽ തന്നെ ഇടത്തരം നഗരങ്ങളിൽ തൊഴിലവസരങ്ങൾ വർദ്ധിക്കും. ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ, പരിസ്ഥിതി, തൊഴിൽ എന്നിവയിൽ നിക്ഷേപിക്കുന്നതിലൂടെ, ഈ സമഗ്രമായ നയം വികസിത ഭാരതം എന്ന രാജ്യത്തിന്റെ സങ്കൽപ്പത്തിലേക്ക് സംഭാവന ചെയ്യും. ഫലപ്രദമായ . ശാസ്ത്ര നയത്തിന്, രാഷ്ട്രനിർമ്മാണത്തിനും വികസനത്തിനും സജീവമായി സംഭാവന ചെയ്യാൻ കഴിയുമെന്ന് തെളിയിക്കുന്ന നാഴികക്കല്ലായി ഈ നയം വർത്തിക്കും.