ബംഗളൂരു: കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ജീവനക്കാരനെ കുത്തിക്കൊന്നു. മധുഗിരി സ്വദേശി രാമകൃഷ്ണയാണ് (48) കൊല്ലപ്പെട്ടത്. രാമകൃഷ്ണയുടെ നാട്ടുകാരൻ രമേശിനെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യക്തി വൈരാഗ്യമാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഭാര്യയുമായി ബന്ധം ഉണ്ടെന്ന സംശയത്തെ തുടർന്നാണ് കൊലപാതകമെന്ന്

പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ടെർമിനൽ ഒന്നിന് മുമ്പിൽ ഇന്നലെ വൈകിട്ട് ആറിനായിരുന്നു സംഭവം. സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് രാമകൃഷ്ണയെ ടെർമിനലിന് സമീപത്തെ ടോയ്‌ലെറ്റിനടുത്തേക്ക് കൊണ്ടുപോകുകയും കത്തി എടുത്ത് കുത്തുകയുമായിരുന്നു. സംഭവസ്ഥലത്ത് രാമകൃഷ്ണ മരിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. അന്വേഷണം ആരംഭിച്ചു.