d

ബെംഗളുരു : കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ യുവാവിനെ കുത്തിക്കൊന്നു. വിമാനത്താവളത്തിലെ സെക്യൂരിറ്റി ജീവനക്കാരൻ മധുഗിരി സ്വദേശി രാമകൃഷ്ണ (48)​ ആണ് കൊല്ലപ്പെട്ടത്. ഇന്ന് വൈകിട്ട് ആറുമണിയോടെയാണ് സംഭവം. ദേവനഹള്ളിയിലെ ടെർമിനൽ ഒന്നിന് സമീപത്താണ് കൊലപാതകം നടന്നത്. പ്രതി രമേഷിനെ എയർപോർട്ട് പൊലീസ് അറസ്റ്റ് ചെയ്തു. ഭാര്യയുമായി അവിഹിത ബന്ധം ഉണ്ടെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക വിവരം.

രമേഷും രാമകൃഷ്ണയും തുംകൂർ ജില്ലയിലെ മധുഗിരി താലൂക്കിൽ നിന്നുള്ളവരാണ്. വിമാനത്താവളത്തിലെ ടെർമിനൽ ഒന്നിന്റെ ടോയ്‌ലെറ്റിന് സമീപം വച്ചാണ് കൊല്ലപ്പെട്ട രാമകൃഷ്ണയെ രമേശ് ആക്രമിച്ചത്. രമേശ് കൈയിൽ കരുതിയ കത്തിയെടുത്ത് കുത്തുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പൊലീസിന് നൽകിയ മൊഴി. സംഭവസ്ഥലത്ത് വച്ച് തന്നെ രാമകൃഷ്ണ മരിച്ചു. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. നിയമപരമായ നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.