gold

വില കൂടുതലാണെങ്കിലും സ്വര്‍ണം ഇന്നും ഒരുപാട് പേര്‍ക്ക് പ്രിയപ്പെട്ടതാണ്. ഒരു സുരക്ഷിത നിക്ഷേപം എന്ന നിലയിലും സ്വര്‍ണം വാങ്ങുന്നവരുടെ എണ്ണം നിരവധിയാണ്. എത്ര വില കൂടിയാലും സ്വര്‍ണത്തിന് ഡിമാന്‍ഡ് കുറയുന്നില്ലെന്നതാണ് മാര്‍ക്കറ്റിലെ ട്രെന്‍ഡ്. കേരളത്തില്‍ ഇന്നത്തെ സ്വര്‍ണവില പവന് 53,720 രൂപയും ഗ്രാമിന് 6715 രൂപയുമാണ്. പണിക്കൂലി, ജിഎസ്ടി എന്നിവ കൂടി ചേരുമ്പോള്‍ ഒരു പവന്‍ തൂക്കം വരുന്ന ആഭരണം വാങ്ങാന്‍ 60,000 രൂപയെങ്കിലും ചെലവാക്കണം.

സ്വര്‍ണാഭരണങ്ങളുടെ വില നിശ്ചയിക്കപ്പെടുന്നതിന് വിവിധ ഘടകങ്ങളുണ്ട്. സ്വര്‍ണത്തിന്റെ വില, പണിക്കൂലി, ഹാള്‍മാര്‍ക്ക് ചാര്‍ജ്, ജിഎസ്ടി എന്നിവയാണ് അത്. എന്നാല്‍ സ്വര്‍ണവില ഉയരുമ്പോള്‍ വലിയ നഷ്ടമില്ലാതെയും അധികം പണം ചെലവാക്കാതെയും ആഭരണം വാങ്ങാനുള്ള എളുപ്പ വഴികളില്‍ ഒന്നാണ് അഡ്വാന്‍സ് ബുക്കിംഗ്. ബുക്ക് ചെയ്യുന്ന ദിവസത്തെ വിലയില്‍ സാധനം വാങ്ങാനുള്ള മാര്‍ഗമാണിത്. എല്ലാ ജൂവലറികളും ഈ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുമുണ്ട്.

വിവാഹ പാര്‍ട്ടികള്‍ക്കാണ് അഡ്വാന്‍സ് ബുക്കിംഗ് ഏറെ സഹായകമാകുന്നത്. വില ഉയര്‍ന്നാല്‍ ബുക്ക് ചെയ്ത ദിവസത്തെ വിലയ്ക്കും വില കുറഞ്ഞാല്‍ അന്നത്തെ മാര്‍ക്കറ്റ് നിരക്കിനും വാങ്ങാം എന്നതാണ് അഡ്വാന്‍സ് ബുക്കിംഗ് കൊണ്ടുള്ള ഏറ്റവും വലിയ ഗുണം. മൊത്തം വിലയുടെ നിശ്ചിത ശതമാനം തുക അടച്ചാല്‍ അഡ്വാന്‍സ് ബുക്കിംഗ് നടത്താം എന്നതാണ് സവിശേഷത. വിവാഹ സീസണ്‍ എത്തിയതോടെ വാങ്ങുന്നവര്‍ക്ക് വലിയ ആശ്വാസമാണ് ഈ പ്രീ ബുക്കിംഗ് സംവിധാനം.