തിരുവനന്തപുരം: മലയാള സിനിമ മേഖലയിലെ ലൈംഗിക ചൂഷണങ്ങളെക്കുറിച്ച് വെളിപ്പെടുത്തലുമായി ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്ന് രണ്ടാഴ്ചയാകുമ്പോഴും വിവാദങ്ങള്‍ തുടരുകയാണ്. കൂടുതല്‍ നടന്‍മാര്‍ക്കെതിരെ പീഡന ആരോപണങ്ങള്‍ ഉയരുമ്പോള്‍ മലയാളികള്‍ ഞെട്ടലോടെയാണ് ഓരോ കഥകളും കേള്‍ക്കുന്നത്. മാന്യതയുള്ളവ്യക്തികളെന്ന് പൊതുസമൂഹം കരുതിയിരുന്നവര്‍ വരെ ആരോപണങ്ങള്‍ നേരിടുകയാണ്. ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ഇടപെടലുകളെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇപ്പോള്‍.
ആലപ്പുഴയിലെ ഹരിപ്പാട് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഷയത്തില്‍ സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. പരാതി നല്‍കിയാല്‍ നിയമനടപടി എടുക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും ഇപ്പോള്‍ നമ്മള്‍ ഒരു തീരുമാനത്തില്‍ എത്തേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് തൃപ്തിയുണ്ടോ എന്നതല്ല, മറിച്ച് ലോ ആന്‍ഡ് ഓര്‍ഡര്‍ കൃത്യമായി പാലിക്കപ്പെടുന്നുണ്ടോ എന്നതാണ് നോക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തലുകളും ആരോപണങ്ങളും അന്വേഷിക്കുന്നതിനായി പ്രത്യേക അന്വേഷണ സംഘത്തെ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ചിരുന്നു. വനിതാ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയാണ് സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനെ രൂപീകരിച്ചത്. കമ്മിറ്റിക്ക് മുമ്പാകെ നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കാന്‍ കഴിയില്ലെന്ന നിയമത്തെത്തുടര്‍ന്ന് പരാതിയുള്ള നടിമാര്‍ ഉള്‍പ്പെടെയുള്ള സിനിമാ പ്രവര്‍ത്തകര്‍ക്ക് പ്രത്യേക അന്വേഷണ സംഘത്തെ സമീപിച്ച് പരാതി നല്‍കാം.
പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ എത്തി മൊഴിയും പരാതിയും ലഭിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ കര്‍ശന നടപടി സ്വീകരിക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ പൊലീസിന് നല്‍കിയിരിക്കുന്ന നിര്‍ദേശം. മുഖ്യമന്ത്രി പിണറായി വിജയന്‍ സംസ്ഥാന പൊലീസ് മേധാവിയുമായും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തിയ ശേഷമാണ് അന്വേഷണ സംഘത്തെ നിയോഗിച്ചത്.