''ഇന്ന് നമുക്കൊരു അമേരിക്കൻ കഥകേട്ടാലോ? അത് കേരളീയ പശ്ചാത്തലത്തിലായിക്കോട്ടെ, എന്താ, എല്ലാവർക്കും സന്തോഷമായില്ലേ? ""പ്രഭാഷകൻ ഇപ്രകാരം തുടർന്നു:''കഥകൾ കേൾക്കാനും, ആസ്വദിക്കാനുമുള്ള മനുഷ്യസ്വഭാവത്തിന് മനുഷ്യനോളം തന്നെ പഴക്കമുണ്ടെന്നു വേണംകരുതാൻ! വാമൊഴിയായും, വരമൊഴിയായും എത്രകഥകളാണ് തലമുറകൾ കൈമാറി നമ്മിലെത്തിയിരിക്കുന്നത്!""സദസ്യരെ വാത്സല്യപൂർവ്വം നോക്കി പുഞ്ചിരിച്ചുകൊണ്ട് പ്രഭാഷകൻ തുടർന്നു:
''ഒരു പൊലീസ് ഉദ്യോഗസ്ഥൻ സർക്കാരിന്റെ പ്രത്യേക പൊലീസ് മെഡലിന് അർഹനായി. സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ മന്ത്രിയുടെ പക്കൽ നിന്നുമാണ് മെഡൽ സ്വീകരിക്കുന്നത്. ദിവസവും പരേഡ് റിഹേഴ്സലുള്ളതിനാൽ, അദ്ദേഹം തിരക്കിലായിരുന്നു. തന്റെ വാസസ്ഥലത്തു നിന്നു അതിരാവിലെ പുറപ്പെട്ടാലെ മെഡൽ സ്വീകരിക്കാനാകു. ഓഗസ്റ്റ് പതിനാലിന് അദ്ദേഹം വീട്ടിലെത്തിയപ്പോൾ രാത്രി പത്തു കഴിഞ്ഞിരുന്നു. തുന്നൽക്കാരൻ കൊണ്ടുവന്ന പുതിയ യൂണിഫോം ഭാര്യ നൽകി. ഇത് ധരിച്ചപ്പോഴാണ് ഗുരുതരമായ കുഴപ്പം ശ്രദ്ധയിൽപ്പെട്ടത്: പാന്റ്സിന് രണ്ടിഞ്ച് നീളക്കൂടുതൽ! തയ്യൽക്കാരൻ കട പൂട്ടിയതിനാൽ, എന്തുചെയ്യുമെന്ന ചിന്തയായി. പാന്റ്സിന്റെ നീളം രണ്ടിഞ്ച് മുറിച്ച് തുന്നിയെടുക്കാനായി അദ്ദേഹം ഭാര്യയുടെ സഹായം തേടി. താൻ അന്നു ചെയ്ത വീട്ടുജോലിയുടെ കണക്കുകൾ പറഞ്ഞ് ഭാര്യ, ആവശ്യം നിരാകരിച്ചു! ഉടനെ, അദ്ദേഹം വിദ്യാർത്ഥിനിയായ മകളുടെ സഹായം തേടി. സ്വാതന്ത്ര്യദിനമായിട്ടും, തനിക്ക് സ്വാതന്ത്ര്യവുമില്ലാത്ത പഠനമാണെന്ന് പറഞ്ഞ് അച്ഛനെ, മകളും കൈവിട്ടു. അടുത്ത ഊഴം അമ്മക്കായിരുന്നു. തന്റെ പ്രായാധിക്യവും, ആരോഗ്യപ്രശ്നങ്ങളും പറഞ്ഞ് അമ്മയും ഒഴിഞ്ഞു. ഒടുവിൽ, അദ്ദേഹം, തന്നെ പാന്റ്സ് രണ്ടിഞ്ച് മുറിച്ച് തുന്നിച്ചേർത്ത് ഉറങ്ങാൻ പോയി. കുറച്ചു കഴിഞ്ഞ്, സ്നേഹസമ്പന്നനായ ഭർത്താവ് സഹായം ആവശ്യപ്പെട്ടിട്ട് അത് നിഷേധിച്ചതിലെ സങ്കടം ഭാര്യയെ പിടികൂടി! ഉടനെ തന്നെ പാന്റ്സിന്റെ കാൽനീളം രണ്ടിഞ്ച് മുറിച്ച് തുന്നിച്ചേർത്ത് സന്തോഷപൂർവം ഉറങ്ങാൻ പോയി!
എന്നാൽ, അപ്പോഴും ഉറങ്ങാതിരുന്ന മകൾക്കും, അച്ഛനെ കയ്യൊഴിഞ്ഞതിലെ വേദന, താങ്ങാവുന്നതായിരുന്നില്ല! അതിനാൽ അവളും അച്ഛനും, അമ്മയും ഉപയോഗിച്ച കത്രിക കണ്ടുപിടിച്ച്, പാന്റ്സിന്റെ അധികനീളം മുറിച്ചുമാറ്റി സന്തോഷത്തോടെ ഉറങ്ങാൻ പോയി. ഇത്രയൊക്കെ നടന്നപ്പോഴും, അവിടെ ഉറങ്ങാത്ത രണ്ടു കണ്ണുകൾ കൂടിയുണ്ടായിരുന്നു! എല്ലാവരും തന്റെ മകനെ ഉപേക്ഷിച്ചെന്ന തീവ്രദുഖം അമ്മയ്ക്കും താങ്ങാനായില്ല. മാതാവും ഇതേ പ്രവൃത്തി ആവർത്തിച്ചു!
അതിരാവിലെ പുതിയ പാന്റ്സ് ധരിക്കാനെടുത്ത അദ്ദേഹം കണ്ടത് അത് 'ബർമൂഡ"യായി രൂപാന്തരം പ്രാപിച്ചിരിക്കുന്നതാണ്! ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ടകാര്യം,നമ്മൾ കണ്ട ഈ കുടുംബം മറ്റുള്ളവർക്ക് മാതൃകയാക്കാവുന്ന നല്ല കുടുംബമായിരുന്നു. എന്നാൽ, അവർ തമ്മിലുള്ള സംഭാഷണം കുറഞ്ഞതിനാൽ, ഒരാൾ ചെയ്തകാര്യം മറ്റൊരാൾ അറിഞ്ഞില്ല. അതാണ് മഹാദുരന്തമായി മാറിയത്. ഇതിലെ സന്ദേശം മനുഷ്യരുടെ എല്ലാ കൂട്ടായ്മകളിലും പ്രസക്തമാണ്! ഞാൻ കുറച്ചുകാലങ്ങളായി ഈ കഥ പലകൂട്ടായ്മകളിലും പറയുകയാണ്. അപ്രകാരം കഥകേട്ട ഒരു സുഹൃത്ത് ഈയിടെ കണ്ടപ്പോൾ എന്നോടു ചോദിച്ചു സാറേ, ആ പാന്റ്സ് ഇപ്പോഴും വീട്ടിലുണ്ടോ?""സദസിലെ ആരവങ്ങളിൽ പ്രഭാഷകനും പങ്കുചേർന്നു.