crime

തിരുവനന്തപുരം: കാര്‍ വാങ്ങാന്‍ ഗ്യാരന്റി നില്‍ക്കാന്‍ ഭാര്യവീട്ടുകാര്‍ വിസമ്മതിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ ഭര്‍ത്താവിന്റെ തലയില്‍ മരക്കഷണം കൊണ്ടടിച്ച് ഭാര്യ. നരുവാമൂട് മച്ചേല്‍ അയ്യന്‍പുറ സാഗര്‍വില്ല വീട്ടില്‍ പ്രസാദി (38) നാണ് മര്‍ദ്ദനമേറ്റത്. പ്രസാദിന്റെ തലയില്‍ 15 തുന്നലിട്ടു. സംഭവത്തിന് ശേഷം പ്രസാദിന്റെ ഭാര്യ ചിഞ്ചു ഒളിവില്‍ പോയി. 26ന് അര്‍ദ്ധരാത്രിയായിരുന്നു സംഭവം. ചിഞ്ചുവിന്റെ കുടുംബത്തിനായി ആറ് ലക്ഷത്തോളം രൂപ പ്രസാദ് മുടക്കിയിരുന്നു.

ഓണ സീസണില്‍ ഓഫര്‍ ഉള്ളതിനാല്‍ കാര്‍ വാങ്ങുന്നതിനായി ഈ പണം തിരികെ നല്‍കുകയോ അല്ലെങ്കില്‍ പുതിയ കാര്‍ വാങ്ങാന്‍ ജാമ്യം നില്‍ക്കുകയോ വേണമെന്ന് പ്രസാദ് ആവശ്യപ്പെട്ടു. എന്നാല്‍, ചിഞ്ചുവും കുടുംബവും ഇതിന് തയ്യാറായില്ല. ഇതാണ് തര്‍ക്കത്തിനിടയാക്കിയത്. പകല്‍ നടന്ന തര്‍ക്കം രാത്രിയിലാണ് മൂര്‍ച്ഛിച്ചത്. തുടര്‍ന്ന് പ്രസാദിന്റെ കണ്ണില്‍ മുളകുപൊടി എറിഞ്ഞശേഷം മരക്കഷണം കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. മദ്യലഹരിയിലായിരുന്ന പ്രസാദിന് ആക്രമണം തടയുന്നതിനിടെ കൈക്കും പരിക്കേറ്റു.

തലയ്ക്ക് ഗുരുതര പരിക്കേറ്റ പ്രസാദിനെ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്ന് ശാന്തിവിള ആശുപത്രിയിലും തുടര്‍ന്ന് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു. വഴക്കിനിടെ ചിഞ്ചു മരക്കഷണം കൊണ്ട് അടിച്ചതായി പ്രസാദ് നരുവാമൂട് പൊലീസിന് മൊഴി നല്‍കി. സംഭവത്തെ തുടര്‍ന്ന് ഇരുകൂട്ടരേയും പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.