നീലേശ്വരം: സഹധർമ്മിണിയുടെ പ്രചോദനത്തിൽ തുടങ്ങിയ പശുവളർത്തലിൽ വിജയക്കൊടി പാറിച്ച് ചോയ്യങ്കോട് കൂവാറ്റിയിലെ ശ്രീജിത്ത്. 24 പശുക്കളും 6 കിടാരികളുമുള്ള നന്മയ ഡയറി ഫാമിൽ നിന്ന് എല്ലാ ചെലവുകളും കഴിച്ച് ശ്രീജിത്തിന് മാസത്തിൽ ലഭിക്കുന്ന വരുമാനം മുക്കാൽ ലക്ഷം രൂപ.
2010ലാണ് ആലക്കോട്ടെ ശ്രുതിയെ ശ്രീജിത്ത് വിവാഹം ചെയ്യുന്നത്. ശ്രുതിയുടെ കുടുംബം പശുവളർത്തൽ കൃഷിയിൽ ഏർപ്പെട്ടവരായിരുന്നു. ശ്രുതിയെ വിവാഹം കഴിച്ചതോടെയാണ് ശ്രീജിത്തും ഈ മേഖലയിലേക്ക് കാലെടുത്തുവെച്ചത്. പുലർച്ചെ 3.30ന് തുടങ്ങുന്ന ജോലി രാത്രി 9നാണ് അവസാനിക്കുക. ഇതിനിടയിൽ പകൽ നീലേശ്വരം മർച്ചന്റ് അസോസിയേഷൻ ഓഫീസിലും ജോലി നോക്കുന്നുണ്ട്.
കർണ്ണാടക ഉൾപ്പെടെ വിവിധ പ്രദേശങ്ങളിൽ നിന്നും എത്തിച്ച 14 പശുക്കളുമായായിരുന്നു തുടക്കം. ഇപ്പോൾ എച്ച്.എഫ്, ജഴ്സി, ഗീർ എന്നീ ഇനങ്ങളിൽ പെട്ട പശുക്കളുണ്ട്. ദിവസം 230 ലിറ്റർ പാൽ സൊസൈറ്റിയിലും 30 ലിറ്ററോളം പാൽ നാട്ടിലും വിതരണം ചെയ്യുന്നു. പശുക്കളുടെ എണ്ണം വർദ്ധിച്ചതോടെ ഒറ്റയ്ക്ക് പരിപാലനം വിഷമകരമായി. ഇപ്പോൾ അസം സ്വദേശിയായ അജീബ് റഹ്മാനും ഭാര്യ മുസ്ലിമ ബീഗവും ഇവർക്ക് തുണയായുണ്ട്. തൊഴുത്തിനടുത്ത് തന്നെ ഇവർക്ക് നല്ലൊരു വീടും ശ്രീജിത്ത് ഒരുക്കിക്കൊടുത്തു. രണ്ട് ഏക്കർ സ്ഥലത്ത് തീറ്റപ്പുൽകൃഷിയുമുണ്ട്. ചിന കാണാത്ത പശുക്കളെ അപ്പോൾ തന്നെ ഒഴിവാക്കി പുതിയ പശുക്കളെ വാങ്ങുന്ന രീതിയാണ് ശ്രീജിത്ത് അവലംബിക്കുന്നത്.
എല്ലാത്തിനും പിന്തുണയും പ്രോത്സാഹനവുമായി ഭാര്യ ശ്രുതി ശ്രീജിത്തും പിതാവ് കെ കുമരൻ നായരും അമ്മ എം. നാരായണിയും ഒപ്പം തന്നെയുണ്ട്. ശ്രീജിത്ത് ജോലിക്ക് പോയാൽ ഇവരാണ് പശുക്കളുടെ പരിപാലനം ഏറ്റെടുക്കുക. കേരള ഗ്രാമീൺ ബാങ്കും സൗത്ത് ഇന്ത്യൻ ബാങ്കും ശ്രീജിത്തിന്റെ സംരംഭത്തിന് കൈത്താങ്ങായുണ്ട്.
നേടിയെടുത്തു, യുവ
ക്ഷീരകർഷക അവാർഡും
2023ൽ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ യുവ ക്ഷീരകർഷക അവാർഡും ഈ കർഷകനെ തേടിയെത്തി. ഇത്തവണ ചിങ്ങം ഒന്നിന് കർഷക ദിനത്തിൽ കിനാനൂർ കരിന്തളം പഞ്ചായത്തും കൃഷിഭവനും ആദരിക്കുകയും ചെയ്തു. തുടക്കത്തിലുണ്ടായിരുന്ന ഫാം ഉപേക്ഷിച്ച് പുതിയ കെട്ടിടത്തിലാണ് എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടി ഫാം പ്രവർത്തിക്കുന്നത്. പുതുതായി നന്മയാസ് പാൽ ഉത്പന്നങ്ങളും വിപണിയിലിറക്കിയിട്ടുണ്ട്. മോര്, നെയ്യ് തുടങ്ങിയവയും ചോയ്യങ്കോട്, കാലിച്ചാനടുക്കം, കൂവാറ്റി തുടങ്ങlയ കടകളിൽ വില്പന ചെയ്യുന്നുണ്ട്. ചാണകത്തിനും വൻ ഡിമാന്റാണ്.
മാസ വരുമാനം 75,000 രൂപ