കോട്ടയം : കണ്ണിന് കുളിർമയേകി അഴക് വിരിച്ച് മലരിക്കലിൽ വീണ്ടും ആമ്പൽ വിടർന്നു. കണ്ണെത്താ ദൂരത്ത് പരന്നുകിടക്കുന്ന പാടത്തെ ആ വിസ്മയ കാഴ്ച കാണാൻ സഞ്ചാരികളുടെ ഒഴുക്കാണ്. വെള്ളത്തിന് മീതെ സൂര്യനെ നോക്കി ചുവന്ന് തുടുത്തു നിൽക്കുന്ന ആമ്പലിന്റെ ഭംഗി ആസ്വദിച്ച് തന്നെ അറിയണം. വേമ്പനാട് കായലിനോട് ചേർന്നുള്ള തിരുവാർപ്പ് പഞ്ചായത്തിലെ മലരിക്കൽ ജെ ബ്ലോക്ക്, തിരുവായ്ക്കരി പാടശേഖരങ്ങളിലായി 2450 ഏക്കറിലാണ് ആമ്പൽക്കാഴ്ച. മലരിക്കലിന്റെ തലവരമാറ്റിയതും ആമ്പലാണ്. പ്രകൃതി ആവോളം സൗന്ദര്യം വാരി വിതറിയിരിക്കുന്ന ഈ നാട് ഇന്ന് സഞ്ചാരികൾക്കിടയിൽ ഹിറ്റായിരിക്കുന്നത് ആമ്പൽപ്പാടങ്ങളുടെ ക്രെഡിറ്റിലാണ്. ഇന്നലെ രാവിലെ ജില്ലാ കളക്ടർ ജോൺ വി.സാമുവൽ മലരിക്കൽ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു.
വള്ളത്തിൽ യാത്ര , പൂക്കൾ പറിക്കാം
കൊച്ചു തടിവള്ളത്തിലും ഫൈബർ വള്ളത്തിലും പൂക്കൾ വിരിഞ്ഞു നിൽക്കുന്നത് തൊട്ടടുത്ത് എത്തി ആസ്വദിക്കാമെന്നതാണ് പ്രത്യേകത. കൂടാതെ, വള്ളസവാരി ഇഷ്ടപ്പെടുന്നവർക്ക് കായലിലേക്കും ഉൾപ്രദേശത്തേയ്ക്കും സർവീസ് നടത്തുന്നുണ്ട്. പൂക്കൾ പറിക്കുന്നതിനും ഫോട്ടോയെടുക്കുന്നതിനും സൗകര്യമുണ്ട്. രാവിലെ 6 മുതൽ 10 വരെയാണ് ആമ്പൽ വസന്തം കാണാൻ സൗകര്യം ഒരുക്കിയിരിക്കുന്നത്. ഈ സമയം കഴിഞ്ഞാൽ ആമ്പൽ കൂമ്പിടും.
സമൂഹമാദ്ധ്യമങ്ങളിൽ തരംഗം
2019 മുതലാണ് ആമ്പൽ ഫെസ്റ്റ് ജനകീയമായത്. സമൂഹമാദ്ധ്യമങ്ങളിലൂടെ ലോകശ്രദ്ധയും നേടി. മീനച്ചിലാർ മീനന്തലയാർ കൊടു രാർ നദി സംയോജന പദ്ധതിയുടെ ശ്രമഫലമായാണ് ഫെസ്റ്റിന് തുടക്കമായത്. ദേശീയ ടൂറിസം വരുമാനത്തിന്റെ പുത്തൻ മാതൃകയായ ഫെസ്റ്റ് തിരുവാർപ്പ് ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ മലരിക്കൽ ടൂറിസം സൊസൈറ്റിയാണ് സംഘടിപ്പിക്കുന്നത്.
എത്തിച്ചേരാൻ
കോട്ടയം - കുമരകം റോഡിൽ ഇല്ലിക്കലെത്തിയ ശേഷം കാഞ്ഞിരം പാലത്തിലെത്തി രണ്ടു കിലോമീറ്റർ മുന്നോട്ട് സഞ്ചരിക്കണം.