lottery

കാസര്‍കോട്: കേരള സര്‍ക്കാരിന്റെ സമാന്തര ലോട്ടറി ടിക്കറ്റുകള്‍ ഓണ്‍ലൈനില്‍ കച്ചവടം പൊടിപൊടിക്കുന്നത് ഏജന്റുമാരുടെ ലോട്ടറി കൗണ്ടറുകള്‍ വഴിയുള്ള ടിക്കറ്റ് വില്‍പ്പനയെ പ്രതികൂലമായി ബാധിക്കുന്നു.ഓണ്‍ലൈന്‍ മുഖേനയുള്ള കേരള സര്‍ക്കാരിന്റെ സമാന്തര ലോട്ടറി ടിക്കറ്റ് വില്പന നടത്തി ലക്ഷങ്ങള്‍ തട്ടിയെടുക്കുന്ന സംഘങ്ങള്‍ സജീവമായിട്ടും അതു തടയാന്‍ സര്‍ക്കാര്‍ നിയമം കൊണ്ടുവരാത്തത്, ഇതിനെതിരേ കര്‍ശന നടപടികള്‍ എടുക്കാന്‍ പൊലീസിനും സൈബര്‍ സെല്ലിനും സാധിക്കുന്നുമില്ല.

പരാതിയുമായി സൈബര്‍ സെല്ലിനെ സമീപിക്കുന്ന ലോട്ടറി ഏജന്റുമാരോടും സംഘടനാ ഭാരവാഹികളോടും അന്വേഷണ ഉദ്യോഗസ്ഥര്‍ കൈമലര്‍ത്തുകയാണ്. സര്‍ക്കാര്‍ വ്യക്തമായ നിയമം കൊണ്ടുവരാത്തതിനാല്‍ നിസഹായരാണെന്നാണ് സൈബര്‍ സെല്‍ അധികാരികള്‍ പറയുന്നത്. വ്യാജ ഓണ്‍ലെന്‍ ടിക്കറ്റ് വില്‍പ്പന പിടിച്ചാല്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് ജാമ്യം നല്‍കി വിടും. കോടതിയില്‍ പോയി 250 രൂപ പിഴയടച്ചാല്‍ വീണ്ടും കച്ചവടം തകൃതിയായി തുടരാം.

ഓണ്‍ലൈന്‍ ലോട്ടറി

കേരള ലോട്ടറി ടിക്കറ്റുകളുടെ അവസാന നാലക്ക നമ്പര്‍ ഓണലൈനില്‍ പോസ്റ്റ് ചെയ്യും. ടിക്കറ്റ് സെറ്റുകളായി തിരിച്ചാണ് കച്ചവടം. ഒരു സെറ്റ് ടിക്കറ്റില്‍ 12 സീരിയലുകളുടെ ഒരേ നമ്പറിലുള്ള 12 ടിക്കറ്റുകളാണ് ഉണ്ടാവുക. 480 രൂപയാണ് സെറ്റിന്റെ വില. 30 രൂപ ഇളവ് കഴിച്ച് 450 രൂപയ്ക്ക് ടിക്കറ്റ് വില്‍ക്കും. ഈ ടിക്കറ്റുകളുടെ നാലക്ക നമ്പര്‍ ഓണ്‍ലൈനിലാകുമ്പോള്‍ ആവശ്യപ്പെടുന്ന നൂറുകണക്കിന് ആളുകള്‍ക്ക് പോസ്റ്റ് ചെയ്തു കൊടുക്കാം. ആകെയുണ്ടാവുക ഒരു സെറ്റ് ടിക്കറ്റ് ആയിരിക്കും. 100 പേര്‍ക്ക് അയച്ചു കൊടുത്താല്‍ 45,000 രൂപ ഒറ്റയടിക്ക് അടിച്ചെടുക്കും. സമ്മാനം അടിച്ചാല്‍ മാത്രമാണ് തുക നല്‍കേണ്ടിവരുന്നത്.

വ്യാജ ടിക്കറ്റ് വില്‍പ്പനയ്ക്ക് ആപ്പുകളും

ഗൂഗിള്‍ പ്‌ളേ സ്റ്റോറിലുള്ള രണ്ട് ആപ്പുകള്‍ വഴി വ്യാജ ഓണ്‍ലൈന്‍ കച്ചവടം നടത്തുന്നതായ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ബംഗളൂരു ആസ്ഥാനമായ സൈബര്‍ സുരക്ഷാ സ്ഥാപനമായ ക്ലൗഡ് സെക് ആണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. രണ്ട് അപ്പുകള്‍ക്കും 10 ലക്ഷം വീതം ഡൗണ്‍ലോഡുകളുണ്ട്. കാരുണ്യ, വിന്‍- വിന്‍, നിര്‍മ്മല്‍, അക്ഷയ എന്നീ പേരുകളില്‍ തന്നെയാണ് വ്യാജ ലോട്ടറിയും. ആയിരകണക്കിന് ഫോളോവേഴ്‌സ് ഉള്ള യുട്യൂബ്, ഫെയ്സ്ബുക്ക് പേജുകള്‍ വഴിയാണ് ഈ ആപ്പുകള്‍ പ്രചരിക്കുന്നതെന്നും കണ്ടെത്തി. വ്യാജ വായ്പാ അപ്പുകളുമായും ഇതിന് ബന്ധമുണ്ടെന്ന് പറയുന്നു.

സമാന്തര ഓണ്‍ലൈന്‍ ലോട്ടറി കച്ചവടം തടയാന്‍ നിയമം കൊണ്ടുവരാന്‍ വര്‍ഷങ്ങളായി ഏജന്റുമാര്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും സര്‍ക്കാര്‍ മടിക്കുകയാണ്. നാലക്ക നമ്പര്‍ കച്ചവടത്തെ തുടര്‍ന്ന് ടിക്കറ്റ് കൗണ്ടറുകളില്‍ നിന്നും നടന്നു വില്‍പ്പന നടത്തുന്നവരില്‍ നിന്നും ടിക്കറ്റുകള്‍ വാങ്ങുന്നത് കുറഞ്ഞുവരികയാണ്.

-ഗണേഷ് പാറക്കട്ട ( കേരള ലോട്ടറി ഏജന്റ്‌സ് അസോസിയേഷന്‍ കാസര്‍കോട് ജില്ലാ പ്രസിഡന്റ്)