തിരുവനന്തപുരം: നടൻ ജയസൂര്യയ്‌ക്കെതിരെ ലെെംഗികാതിക്രമത്തിന് പൊലീസ് കേസെടുത്തു. നടിയുടെ പരാതിയിൽ തിരുവനന്തപുരം കന്റോൻമെന്റ് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ജയസൂര്യക്ക് എതിരെ കേസെടുത്തത്. സെക്രട്ടറിയേറ്റിലെ സിനിമ ചിത്രീകരണത്തിനിടെ ശുചിമുറിയുടെ സമീപത്ത് വച്ച് കടന്നുപിടിച്ച് ലെെംഗികമായി അതിക്രമം നടത്തിയെന്നാണ് നടിയുടെ പരാതി.
ലെെംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കൊച്ചി സ്വദേശിയായ നടിയുടെ ഏഴ് പരാതികളിൽ രജിസ്റ്റർ ചെയ്യുന്ന ആദ്യത്തെ കേസാണ് ഇത്. നടിയുടെ മൊഴി ഇന്നലെ പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ജയസൂര്യയ്‌ക്കെതിരെ കേസെടുത്തത്. ഇന്നലെ നടിയുടെ ആലുവയിലെ വീട്ടിലെത്തിയാണ് ഡിഐജി അജിതാ ബീഗവും ജി പൂങ്കുഴലിയുമടക്കമുള്ളവരുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം മൊഴിയെടുത്തത്.
ജയസൂര്യ അടക്കം സിനിമാ മേഖലയിലെ ഏഴുപേർക്കെതിരെയാണ് നടി പരാതി നൽകിയിരിക്കുന്നത്. ഇന്ന് മുകേഷ്, ഇടവേള ബാബു, മണിയൻപിള്ള രാജു എന്നിവരടക്കമുള്ളവർക്കെതിരെ പൊലീസ് കേസെടുത്തേക്കും. ഇവർക്കെതിരെ പരാതി ഉന്നയിച്ച് നടിയുടെ മൊഴി പ്രത്യേക അന്വേഷണം സംഘം രേഖപ്പെടുത്തിയിട്ടുണ്ട്. മൊഴിയെടുത്ത ശേഷമാണ് കേസെടുക്കാൻ നീക്കം നടക്കുന്നത്.
സംഭവം നടന്ന അതത് പൊലീസ് സ്റ്റേഷനുകളിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാനാണ് നീക്കം. ഇന്ന് തന്നെ ഇക്കാര്യത്തിൽ തീരുമാനമുണ്ടായേക്കുമെന്നാണ് വിവരം. മുകേഷ് എംഎൽഎ, ഇടവേള ബാബു, മണിയൻപിള്ള രാജു, ജയസൂര്യ, കോൺഗ്രസ് നേതാവ് അഡ്വ വി എസ് ചന്ദ്രശേഖരൻ, കാസ്റ്റിംഗ് ഡയറക്ടർ വിച്ചു, പ്രൊഡക്ഷൻ കൺട്രോളർ നോബിൾ തുടങ്ങിയവർക്കെതിരെയാണ് പരാതി.