al-aqsa-mosque

തനിക്ക് അവസരം കിട്ടിയാല്‍ കിഴക്കന്‍ ജെറുസലേമിലെ അല്‍ അഖ്സ മോസ്‌ക് കോമ്പൗണ്ടില്‍ ഒരു ജൂതപ്പള്ളി പണിയുമെന്ന് ഇസ്രയേലിന്റെ സുരക്ഷാമന്ത്രി ഇതാമാര്‍ ബെന്‍ ഗ്വിര്‍ പറഞ്ഞത് വലിയ വിവാദം ആയി. എന്താണ് അല്‍ അഖ്സ? ഇസ്ലാം മതവിശ്വാസികള്‍ക്കും ജൂത മതക്കാര്‍ക്കും ഇവിടം എത്രത്തോളം പ്രധാനപ്പെട്ടതാണ്? ക്രിസ്ത്യാനികള്‍ക്ക് അല്‍ അഖ്സയുമായി എന്താണ് ബന്ധം?

ഒടുവിലത്തെ വിവാദം
ഇസ്രയേല്‍, ഹമാസ് യുദ്ധം നിര്‍ണായകമായ ഘട്ടത്തില്‍ എത്തിനില്‍ക്കുമ്പോഴാണ് ഇസ്രയേല്‍ സുരക്ഷാമന്ത്രി ഇതാമര്‍ ബെന്‍ ഗ്വിര്‍ വിവാദ പരാമര്‍ശം നടത്തിയത്. സാധിക്കുമെങ്കില്‍ അല്‍ അഖ്സ മോസ്‌ക് പരിസരത്ത് ഇസ്രയേല്‍ കൊടി നാട്ടും എന്ന് ഗ്വിര്‍ പറഞ്ഞു. പിന്നാലെ മാദ്ധ്യമപ്രവര്‍ത്തകന്‍ അല്‍ അഖ്സയില്‍ പള്ളി പണിയുമോ എന്ന ചോദ്യം വരുന്നു. അതിന് ഉത്തരമായി അതെ എന്ന് ഗ്വിര്‍ പറയുകയായിരുന്നു.


തനിക്ക് അന്തിമ തീരുമാനം എടുക്കാനുള്ള അധികാരമുണ്ടെങ്കില്‍ അധിനിവേശ കിഴക്കന്‍ ജെറുസലേമിലെ അല്‍അഖ്സ മോസ്‌ക് കോമ്പൗണ്ടില്‍ ജൂതപ്പള്ളി പണിയുമെന്ന് ഗ്വിര്‍ വ്യക്തമാക്കി. എന്നാല്‍, ഇതിനെ തള്ളി ഇസ്രയേല്‍ പ്രതിരോധ മന്ത്രി യവ് ഗാലന്റ് രംഗത്ത് വന്നു. അല്‍ അഖ്സ പള്ളിയുടെ നിലവിലെ അവസ്ഥയില്‍ മാറ്റം വരുന്നത് അപകടമാണ്. ഇത്തരമൊരു നീക്കം നടത്തുന്നത് നിരുത്തരവാദപരമായിരിക്കും. അന്താരാഷ്ട്ര സമൂഹത്തിലെ ഇസ്രയേലിന്റെ അംഗീകാരത്തെ ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. ഇസ്രയേല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസും ഗ്വീറിന്റെ പ്രസ്താവനയെ തള്ളി രംഗത്ത് വന്നു.

എവിടെയാണ് അല്‍ അഖ്സ?ആരുടെ നിയന്ത്രണത്തിലാണ് അല്‍ അഖ്സ?
ജൂതന്‍മാരും ക്രിസ്ത്യാനികളും മുസ്ലീങ്ങളും ഒരുപോലെ പുണ്യഭൂമിയായി കരുതുന്ന ജറുസലേമിലാണ് അല്‍ അഖ്സ പള്ളി അഥവാ മസ്ജിദുല്‍ അഖ്സ സ്ഥിതി ചെയ്യുന്നത്. ജറുസലേമിലെ മൗണ്ട് മോറിയ അഥവാ മോറിയ കുന്നിലെ ഒരു പ്രദേശമായ ടെമ്പിള്‍ മൗണ്ട് എന്ന് പേരുള്ള 37 ഏക്കര്‍ മാത്രം വിസ്തീര്‍ണ്ണമുള്ള ചെറു കുന്നില്‍ പ്രദേശത്താണ് ജൂതന്‍മാര്‍ക്കും മുസ്ലീങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ഏറെ പ്രാധാന്യം കല്‍പ്പിക്കപ്പെടുന്ന ആരാധനാലയങ്ങളും പുണ്യസ്ഥലങ്ങളും സ്ഥിതി ചെയ്യുന്നത്. ഹര്‍ ഹ ബൈത് അഥവാ ടെമ്പിള്‍ മൗണ്ട് എന്ന് ജൂതരും അല്‍ ഹറം അല്‍ ഷരീഫ് അല്ലെങ്കില്‍ വിശുദ്ധ അഭയസ്ഥാനം എന്ന് മുസ്ലീങ്ങളും ഈ കുന്നിനെ വിളിക്കുന്നു.

മുസ്ലീങ്ങളും അല്‍ അഖ്സയും
മുസ്ലീങ്ങളുടെ രണ്ട് ആരാധനാലയങ്ങള്‍ ഉള്‍പ്പെടുന്ന വലിയൊരു കോമ്പൗണ്ടിനെയാണ് അല്‍ അഖ്സ എന്ന് വിളിക്കുന്നത്. ഡോം ഓഫ് ദ റോക്കും അല്‍ അഖ്സ പള്ളിയുമാണ് ഇത്. അല്‍ അഖ്സ പള്ളി, ഖിബ്ലി മോസ്‌ക് എന്നും അറിയപ്പെടുന്നു. മുസ്ലീങ്ങളുടെ ആദ്യത്തെ ഖിബിലയാണ് അല്‍ അഖ്സ മോസ്‌ക്. അതായത് ഖിബിലയ്ക്ക് അഭിമുഖമായാണ് മുസ്ലീങ്ങള്‍ നിസ്‌ക്കരിക്കുന്നത്.


മുസ്ലീങ്ങള്‍ ഇപ്പോള്‍ മക്ക പള്ളിയുടെ ദിശയിലേക്ക് തിരിഞ്ഞാണ് നിസ്‌ക്കരിക്കുന്നത്. അതായത് മക്ക പള്ളിയാണ് ഇപ്പോഴത്തെ ഖിബില. എട്ടാം നൂറ്റാണ്ടിലാണ് ഇത് നിര്‍മ്മിച്ചത്. മക്കയ്ക്കും മദീനയ്ക്കും ശേഷം മുസ്ലീങ്ങളുടെ മൂന്നാമത്തെ പ്രധാനപ്പെട്ട ആരാധനാകേന്ദ്രമാണ് അല്‍ അഖ്സ പള്ളി. മുസ്ലീങ്ങളെ സംബന്ധിച്ച് പുണ്യം പ്രതീക്ഷിച്ച് തീര്‍ത്ഥാടനം ചെയ്യുന്ന മൂന്ന് പള്ളികളില്‍ ഒന്നാണ് ഇത്. ഒന്ന്, മക്ക പള്ളി അഥവാ മസ്ജിദ് അല്‍ ഹറം, രണ്ട് മദീന പള്ളി അഥവാ മസ്ജിദുല്‍ നബവി, മൂന്ന്, അല്‍ അഖ്സ പള്ളി അഥവാ മസ്ജിദുല്‍ അഖ്സ.


പരിശുദ്ധ ഖുറാനില്‍ മക്ക പള്ളിയും അല്‍ അഖ്സയും പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. രണ്ടും പ്രവാചകനായ മുഹമ്മദ് നബിയുടെ ജീവിതവുമായി ബന്ധപ്പെട്ടതാണ്. പ്രവാചകന്‍ ഒറ്റ രാത്രിയില്‍ മക്ക പള്ളിയില്‍ നിന്ന് അല്‍ അഖ്സ പള്ളിയില്‍ വന്നശേഷം ദൈവസന്നിധിയില്‍ എത്തിയെന്നും വിശ്വാസികള്‍ക്ക് ദൈവം കല്‍പ്പിച്ചു നല്‍കിയ അഞ്ച് നേരത്തെ നിര്‍ബന്ധ നിസ്‌കാരങ്ങളുമായി മടങ്ങിയെന്നുമാണ് വിശ്വാസം. അങ്ങനെ മുസ്ലീങ്ങള്‍ക്ക് വളരെ ഏറെ പ്രധാനപ്പെട്ട ആരാധനാകേന്ദ്രമാണ് അല്‍ അഖ്സ.

ജൂതമതം പിറവിയെടുത്ത അല്‍ അഖ്സ
ടെമ്പിള്‍ മൗണ്ട് എന്ന് ജൂതന്‍മാര്‍ വിളിക്കുന്ന ഈ പ്രദേശം അവരെ സംബന്ധിച്ചും ഏറ്റവും പരിശുദ്ധമായി കണക്കാക്കപ്പെടുന്നു. ജൂതമതത്തിന്റെ തുടക്കം തന്നെ ജെറുസലേമിലാണ്. ജറുസലേം അവരുടെ വിശുദ്ധ നഗരവുമാണ്. അതായത് ജൂത മതവിശ്വാസത്തിന്റെ കേന്ദ്രബിന്ദുവായി അവര്‍ കണക്കാക്കുന്ന സ്ഥലമാണ് ജെറുസലേമിലെ അല്‍ അഖ്സ. ജൂത മതത്തെ സംബന്ധിച്ച സുപ്രധാനമായ ഒട്ടേറെ സംഭവങ്ങള്‍ ഇവിടെ നടന്നു.

ജൂത മതത്തിന്റെ പിതാവായ അബ്രഹാം തന്റെ പുത്രനായ ഐസക്കിനെ ദൈവത്തിന് ബലി അര്‍പ്പിക്കാന്‍ തയ്യാറെടുത്തത് ജെറുസലേമിലെ മൗണ്ട് മോറിയ അല്ലെങ്കില്‍ ടെമ്പിള്‍ മൗണ്ടിലാണ്. ടെമ്പിള്‍ മൗണ്ടില്‍ നിന്നും സ്വര്‍ഗ്ഗത്തിലേക്ക് ഏണിപ്പടിയുണ്ടെന്ന വെളിപാട് അബ്രഹാമിന്റെ ചെറുമകന്‍ ജേക്കബിന് ഉണ്ടായിട്ടുണ്ട് എന്നും വിശ്വാസമുണ്ട്. രണ്ട് സുപ്രധാന ജൂത ദേവാലയങ്ങള്‍ നിലനിന്ന സ്ഥലമാണ് ഇതെന്ന് അവര്‍ വിശ്വസിക്കുന്നു. 515 ബി.സിയില്‍ സോളമന്‍ രാജാവ് നിര്‍മ്മിച്ചത് എന്ന് വിശ്വസിക്കപ്പെടുന്ന ആദ്യ ദേവാലയം ബിസി 70 ല്‍ ബാബിലോണിയന്‍സ് തകര്‍ത്തു. സോളമന്‍ രാജാവ് ആണ് ആദ്യ ദേവാലയം നിര്‍മ്മിച്ചത്.

ഇവിടം അതീവ പരിശുദ്ധം എന്നാണ് കരുതപ്പെടുന്നത്. ഈ ദേവാലയം നിലനിന്നിരുന്ന സ്ഥലത്ത് പോയി പ്രാര്‍ത്ഥിക്കുന്നതില്‍ നിന്നും ജൂതന്‍മാരെ അവരുടെ മത നിയമം വിലക്കുന്നു. ആരുടേയും കാല്‍പ്പാടുകള്‍ അവിടെ പതിയാതിരിക്കാനാണ് വിലക്ക്. കാരണം, പാദസ്പര്‍ശമേല്‍ക്കാന്‍ പോലും പാടില്ലാത്ത അത്രയും പരിശുദ്ധമാണ് അവിടെ. കൂടാതെ ലോകസൃഷ്ടി നടന്നത് ഇവിടെയാണ് എന്നും അടിസ്ഥാന ശില ഇവിടെ ഉണ്ട് എന്നും ദൈവസാന്നിധ്യമുണ്ട് എന്നും ജൂതന്‍മാര്‍ വിശ്വസിക്കുന്നു. രണ്ടാമത്തെ ദേവാലയം ബി സി 20ല്‍ ഹേറൂദ് രാജാവ് ആണ് നിര്‍മ്മിച്ചത്. ഇതിന്റെ ഒരു ചുമര് മാത്രമാണ് ഇപ്പോള്‍ ശേഷിക്കുന്നത്.

വെസ്‌റ്റേണ്‍ വാള്‍ എന്നാണ് ഇത് അറിയപ്പെടുന്നത്. അല്‍ അഖ്സ പിള്ളിക്ക് സമാന്തരമായി സ്ഥിതിചെയ്യുന്ന വെസ്റ്റേണ്‍ വാള്‍ ജൂതന്‍മാരുടെ ഏറ്റവും പരിശുദ്ധമായ ആരാധനാ ഇടമായി കണക്കാക്കപ്പെടുന്നു. വര്‍ഷം മൂന്ന് തവണയെങ്കിലും ജൂതന്‍മാര്‍ ജെറുസലേം സന്ദര്‍ശിക്കണമെന്ന വിശ്വാസവും ഉണ്ട്. ജൂതന്‍മാരുടെ മൂന്ന് പ്രധാന ഉത്സവങ്ങളോട് അനുബന്ധിച്ചാണ് ഈ മൂന്ന് പ്രാവശ്യം സന്ദര്‍ശിക്കണം എന്ന് പറയപ്പെടുന്നത്.

അല്‍ അഖ്സയും യേശുക്രിസ്തുവും
ജെറുസലേം ക്രിസ്ത്യാനികളെ സംബന്ധിച്ചും ഏറെ പ്രധാനപ്പെട്ട സ്ഥലമാണ്. എന്നാല്‍ ടെമ്പിള്‍ മൗണ്ട്, ജൂതന്‍മാരേയും മുസ്ലീങ്ങളേയും അപേക്ഷിച്ച് ക്രിസ്ത്യാനികള്‍ക്ക് അത്ര പ്രധാനപ്പെട്ടത് എന്ന് പറയാന്‍ കഴിയില്ല. എങ്കിലും യേശുക്രിസ്തുവിന്റെ ജീവിതത്തിനും ഹീബ്രു ബൈബിളിനും ടെമ്പിള്‍ മൗണ്ടുമായി ബന്ധമുണ്ട്. യേശുവിന്റെ ജീവിത്തിലെ പല സുപ്രധാന സംഭവങ്ങളും ടെമ്പിള്‍മൗണ്ടിന് ചുറ്റുമുള്ള സ്ഥലങ്ങളില്‍ ആണ് അരങ്ങേറിയത്.


യേശുക്രിസ്തു കുട്ടിയായിരിക്കുമ്പോള്‍ പലവട്ടം ടെമ്പിള്‍ മൗണ്ടില്‍ എത്തി ഉത്സവങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. പിന്നീട് മുതിര്‍ന്നപ്പോള്‍ വളരെ സമയം ഇവിടെ ചെലവഴിച്ചു. ജൂതന്‍മാരുടെ രണ്ടാമത്തെ ദേവാലയത്തില്‍ ആയിരുന്നു അത്. ഇവിടെ വച്ച് യേശുക്രിസ്തു പലകുറി പ്രബോധനങ്ങളും പ്രവചനങ്ങളും നടത്തിയിട്ടുണ്ട്.

കള്ളക്കച്ചവടക്കാരേയും കൊള്ളപ്പലിശക്കാരേയും തുരത്തുന്നതിന്റെ പ്രതീകമായുള്ള അദ്ദേഹത്തിന്റെ ദേവാലയ ശുദ്ധീകരണം ഇവിടെയാണ് നടന്നത്. അബ്രഹാം തന്റെ പുത്രനെ ബലി അര്‍പ്പിക്കാന്‍ ഒരുങ്ങി എന്നത് ക്രിസ്ത്യാനികളെ സംബന്ധിച്ചും പ്രധാനപ്പെട്ടതാണ്. അബ്രഹാം ജൂതന്‍മാരേയും മുസ്ലീങ്ങളേയും ക്രിസ്ത്യാനികളേയും സംബന്ധിച്ച് വിശുദ്ധ വ്യക്തിത്വമാണ്. ജൂതമതം, ക്രിസ്തുമതം, ഇസ്ലാം എന്നീ മൂന്ന് പ്രധാന ലോക വിശ്വാസങ്ങളില്‍ അബ്രഹാമിന് ഉന്നതമായ സ്ഥാനം നല്‍കുന്നു.


ജൂതമതത്തില്‍, അബ്രഹാം ഉടമ്പടിയുടെ സ്ഥാപക പിതാവാണ്, ജൂത ജനതയും ദൈവവും തമ്മിലുള്ള പ്രത്യേക ബന്ധം, ജൂതന്മാര്‍ ദൈവത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട ജനമാണെന്ന വിശ്വാസത്തിലേക്ക് നയിക്കുന്നു. ക്രിസ്തുമതത്തില്‍,പൗലോസ് അപ്പോസ്തലന്‍, അബ്രഹാമിന്റെ മഹത്വത്തെ കുറിച്ച് പഠിപ്പിച്ചിട്ടുണ്ട്. ദൈവത്തിലുള്ള അചഞ്ചലമായ വിശ്വാസത്തിലൂടെ അബ്രഹാം എല്ലാ വിശ്വാസികള്‍ക്കും മാതൃകയാണ് എന്ന് പൗലോസ് പറയുന്നു. ഇസ്ലാമില്‍, ആദമില്‍ തുടങ്ങി മുഹമ്മദില്‍ അവസാനിക്കുന്ന പ്രവാചകന്മാരുടെ ശൃംഖലയിലെ ഒരു കണ്ണിയായാണ് അദ്ദേഹത്തെ കാണുന്നത്. അതുകൊണ്ട് തന്നെ ജെറുസലേം ജൂതന്‍മാര്‍ക്കും മുസ്ലീങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കും മതപരമായി ഏറെ പ്രധാനപ്പെട്ട സ്ഥലമാണ്.

അധികാര വടംവലിയുടെ കേന്ദ്രബിന്ദു
1967ലെ പശ്ചിമേഷ്യന്‍ യുദ്ധത്തില്‍ ഇസ്രായേല്‍ ഈ പ്രദേശം പിടിച്ചെടുക്കുകയും കിഴക്കന്‍ ജറുസലേമിന്റെ ബാക്കി ഭാഗങ്ങളും വെസ്റ്റ് ബാങ്കിന്റെ സമീപ പ്രദേശങ്ങളുമായി കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. അന്നത്തെ ഇസ്രയേല്‍ പ്രതിരോധ മന്ത്രി മോഷെ ദയാന്‍, പള്ളിയുടെ ഭരണം ഇസ്ലാമിക വക്കഫില്‍ നിലനിര്‍ത്തി, സുരക്ഷ ഇസ്രയേല്‍ ഏറ്റെടുക്കുകയായിരുന്നു. മുസ്ലീം, ക്രിസ്ത്യന്‍ പ്രദേശങ്ങളുടെ ഭരണാധികാരമുള്ള ജോര്‍ദാനാണ് ഈ സ്ഥലത്തിന്റെ മേല്‍നോട്ടം വഹിക്കുന്ന വഖഫ് സ്ഥാപനത്തിലെ അംഗങ്ങളെ നിയമിക്കുന്നത്.

അധികാരം സ്ഥാപിക്കുന്നതിന്റേയും മതത്തിന്റേയും പേരില്‍ ആക്രമങ്ങള്‍ നടക്കുന്ന പ്രദേശമാണ് ജറുസലേമിലെ അല്‍ അഖ്സ. അല്‍ അഖ്സ പ്രദേശത്ത് എല്ലാ മതസ്ഥര്‍ക്കും സന്ദര്‍ശനം നടത്താം. എന്നാല്‍, മുസ്ലീങ്ങള്‍ക്ക് മാത്രമാണ് അല്‍ അഖ്സ മോസ്‌കില്‍ ആരാധന നടത്താന്‍ അനുവാദമുള്ളത്.

ഏരിയല്‍ ഷാരോണിന്റെ കടന്നുകയറ്റം
കുറച്ച് നാളുകളായി നിയമങ്ങള്‍ ലംഘിച്ച് കൊണ്ട് ജൂതന്മാര്‍ ഈ പ്രദേശത്ത് സന്ദര്‍ശനം നടത്തുന്നതും പരസ്യമായി പ്രാര്‍ഥിക്കുന്നത് തുടരുന്നതും ഒപ്പം മുസ്ലീം വിശ്വാസികള്‍ക്ക് ഇവിടേയ്ക്കുള്ള പ്രവേശനത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതും കടുത്ത പ്രതിഷേധങ്ങള്‍ക്കും അക്രമങ്ങള്‍ക്കും കാരണമായി. കൃത്യമായി പറഞ്ഞാല്‍ 24 വര്‍ഷം മുന്‍പ്, 2000 ആണ്ടിലാണ് അത് തുടങ്ങിയത്.

അല്‍ അഖ്സ പള്ളിയിലും ടെമ്പിള്‍ മൗണ്ടിലും രണ്ട് പതിറ്റാണ്ടായി ഇസ്രയേലിലെ രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെയുള്ള ജൂത വിശ്വാസികള്‍ നിരന്തരം വന്നുകൊണ്ടിരിക്കയാണ്. ഇസ്രയേല്‍ പിന്തുണയോടെ ജൂത കുടിയേറ്റവും നടക്കുന്നുണ്ട്. 2000ത്തില്‍ അന്നത്തെ ഇസ്രയേല്‍ പ്രതിപക്ഷനേതാവും ലിക്കുഡ് പാര്‍ട്ടി നേതാവുമായിരുന്ന ഏരിയല്‍ ഷാരോണും പാര്‍ലമെന്റ്ംഗങ്ങളും നൂറുകണക്കിന് പൊലീസുകാരുടെ അകമ്പടിയോടെ അവിടെ കയറിയതാണ് പ്രശ്നങ്ങളുടെ തുടക്കം. അന്ന് ഷാരോണ്‍ പറഞ്ഞത് ടെമ്പിള്‍ മൗണ്ട് ജൂതരുടെ പുണ്യസ്ഥലമാണെന്നും അത് അവരുടെ കൈവശമാണെന്നുമാണ്.

അതില്‍ ഉയര്‍ന്ന പ്രതിഷേധമാണ് അഞ്ച് വര്‍ഷം നീണ്ട അക്രമാസക്തമായ രണ്ടാം അറബ് വിപ്ലവത്തിലേക്ക് അതായത് രണ്ടാം ഇന്‍തിഫാദ അല്ലെങ്കില്‍, അല്‍ അഖ്സ ഇന്‍തിഫാദയിലേക്ക് നയിച്ചത്. ആയിരക്കണക്കിന് സിവിലിയന്മാര്‍ കൊല്ലപ്പെട്ടു. ആയിരക്കണക്കിന് പാലസ്തീനികളെ ഇസ്രയേല്‍ തടവിലാക്കി. അങ്ങനെ ഇസ്രയേല്‍ ഫലസ്തീന്‍ വിഷയത്തില്‍ മര്‍മ്മപ്രധാനമായ ബിന്ദുക്കളില്‍ ഒന്നായി ജെറുസലേം തുടരുകയാണ്.