uae

അബുദാബി: ആറുവർഷത്തിനുശേഷം യുഎഇയിൽ പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്ത്യക്കാരടക്കം ആയിരക്കണക്കിന് പ്രവാസികൾക്ക് പ്രയോജനപ്പെടുന്ന നടപടിയാണിത്. വിസ കാലാവധി കഴിഞ്ഞും രാജ്യത്ത് അനധികൃതമായി തുടരുന്നവർക്ക് പിഴ കൂടാതെ തന്നെ രാജ്യം വിടാനോ വിസ സ്റ്റാറ്റസ് പുതുക്കാനും സാധിക്കുന്ന പദ്ധതിയാണിത്. സെപ്‌തംബർ ഒന്നുമുതൽ ഒക്‌ടോബർ 30വരെയാണ് പൊതുമാപ്പിന്റെ കാലാവധി.

നിയമലംഘനത്തിന്റെ കാലയളവ് എത്രയായാലും പിഴ കൂടാതെ തന്നെ താമസം നിയമവിധേയമാക്കാനോ ശിക്ഷയില്ലാതെ രാജ്യം വിട്ടുപോകാനോ സാധിക്കും. എന്നാൽ പൊതുമാപ്പ് അഥവാ വിസ ആംനെസ്റ്റിയെക്കുറിച്ച് കാര്യമായ അറിവില്ലാത്തവരെ കബളിപ്പിച്ച് പണം തട്ടുന്ന തട്ടിപ്പുകാർ രാജ്യത്ത് വ്യാപകമാവുന്നുവെന്ന് റിപ്പോർട്ടുകൾ പുറത്തുവരികയാണ്.

റെസിഡൻസി വിസ കാലാവധി കഴിഞ്ഞവർ, വിസിറ്റ് വിസയിൽ തൊഴിൽതേടിയെത്തി വിസ കാലാവധി കഴിഞ്ഞവർ, യുഎഇയിൽ ജനിച്ചെങ്കിലും റെസിൻഡൻസിക്കായി അപേക്ഷ നൽകിയിട്ടില്ലാത്ത കുട്ടികൾ, സ്‌പോൺസർമാരിൽ നിന്ന് ഒളിച്ചോടിയവർ തുടങ്ങിയവർക്കാണ് പൊതുമാപ്പിനായി അപേക്ഷിക്കാൻ സാധിക്കുക.

പൊതുമാപ്പിലൂടെ വിസ സ്റ്റാറ്റസ് മാറ്റാനും എക്‌സിറ്റ് പെർമിറ്റ് ലഭ്യമാക്കാനും പണം അടയ്ക്കേണ്ടതില്ല. അനധികൃതമായി രാജ്യത്ത് തങ്ങിയതിന് മുമ്പ് ഈടാക്കിയ പിഴകളും ഒഴിവാക്കും. എക്സിറ്റ് പെർമിറ്റിന് 14 ദിവസത്തെ സാധുതയാണുള്ളത്. അതിനുശേഷവും രാജ്യം വിട്ടിട്ടില്ലെങ്കിൽ മുമ്പത്തെ എല്ലാ പിഴകളും പുനഃസ്ഥാപിക്കപ്പെടും. എന്നാൽ ഇക്കാര്യങ്ങൾ അറിയാത്തവരെയാണ് തട്ടിപ്പുകാർ നോട്ടമിടുന്നത്. വളരെ കുറഞ്ഞ നിരക്കിൽ റെസിഡൻസി വിസ തരപ്പെടുത്തി നൽകാമന്ന വാഗ്ദാനമാണ് തട്ടിപ്പുകാർ മുന്നോട്ടുവയ്ക്കുന്നത്. 5000 ദിർഹമിന് വിസ തരപ്പെടുത്തി നൽകാമെന്ന ഓഫറുകളുമായി പലരും സമീപിച്ചതായി സോനപൂർ, ജബേൽ അലി എന്നിവിടങ്ങളിൽ കാലയളവ് കഴിഞ്ഞും തങ്ങുന്ന പ്രവാസികൾ പറഞ്ഞു.

8000 ദി‌ർഹം നൽകിയാൽ അനധികൃതമായി യുഎഇയിൽ തങ്ങിയതിനുള്ള എല്ലാ പിഴയും ഒഴിവാക്കാമെന്നും പുതിയ റെസിഡൻസി വിസ ലഭിക്കുമെന്നും ചിലർ വാഗ്ദാനം ചെയ്തതായും പ്രവാസികൾ വ്യക്തമാക്കുന്നു.