parvathy-thiruvothu

കൊച്ചി: ആരോപണങ്ങൾക്ക് പിന്നാലെ താരസംഘടനയായ അമ്മയിലെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെ കൂട്ടരാജി ഭീരുത്വമാണെന്ന് നടി പാർവതി തിരുവോത്ത്. മറുപടി പറയേണ്ട ഉത്തരവാദിത്തത്തിൽ നിന്നുള്ള ഒളിച്ചോട്ടമാണ് നടത്തിയതെന്നും നടി കൂട്ടിച്ചേർത്തു. ബർഖ ദത്തിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.

'ഈ വാർത്ത കേട്ടപ്പോൾ അവർ എത്ര ഭീരുക്കളാണെന്നാണ് എനിക്ക് ആദ്യം തോന്നിയത്. ഈ വിഷയത്തിൽ ഉത്തരവാദിത്തത്തോടെ സംസാരിക്കാനുള്ള ഒരു സ്ഥാനത്താണ് അവർ ഇരുന്നിരുന്നത്. സർക്കാരുമായി സഹകരിച്ച് ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ ഒരു ചെറിയ നീക്കമെങ്കിലും അവർ നടത്തണമായിരുന്നു. ഈ എക്സിക്യൂട്ടീവ് കമ്മിറ്റി തന്നെയാണ് നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ പ്രതിയെ സംഘടനയിലേക്ക് തിരികെ സ്വാഗതം ചെയ്തത്.

ഈ എക്സിക്യൂട്ടീവ് കമ്മിറ്റി തന്നെയാണ് ലെെംഗികാരോപണങ്ങൾ പുറത്ത് വരുന്നത് വരെ അങ്ങനെയാതൊന്നും ഇവിടെ നടക്കുന്നില്ലെന്ന ഭാവത്തോടെ ഇരുന്നത്. സ്ത്രീകൾക്ക് പരാതിയുണ്ടെങ്കിൽ മുന്നോട്ട് വരട്ടെയെന്ന് പറഞ്ഞ് സർക്കാരും അശ്രദ്ധ കാണിച്ചു. പൊതുസമൂഹത്തിന്റെ കുറ്റവും പരിഹാസവും ഏറ്റുവാങ്ങേണ്ട അവസ്ഥയിലൂടെ സ്ത്രീകൾ കടന്നുപോകും. അതിന് ശേഷം ഞങ്ങളുടെ കരിയർ, മനസികാരോഗ്യം എന്നിവയെക്കുറിച്ചൊന്നും ആരും ചിന്തിക്കുകയില്ല.

അതൊന്നും ആർക്കും ഒരു വിഷയമേയല്ല. ഞങ്ങളല്ല ഈ പ്രശ്നങ്ങൾ ഉണ്ടാക്കിയത്. ഞങ്ങളല്ല തെറ്റുകാർ. പക്ഷേ ഇതിന്റെ ആഘാതമെല്ലാം ഏറ്റുവാങ്ങേണ്ടി വരുന്നത് സ്ത്രീകളാണ്. മുന്നോട്ട് വന്ന സ്ത്രീകളെ ഞങ്ങൾ പൂർണമായും പിന്തുണയ്ക്കുന്നു. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ രാജിവച്ചതിൽ എനിക്ക് വലിയ അത്ഭുതമൊന്നും തോന്നിയില്ല. അമ്മ എങ്ങനെയാണ് പ്രവർത്തിക്കുകയെന്ന് എനിക്കറിയാം. ഞാനും അതിന്റെ ഭാഗമായിരുന്നു. അതുകൊണ്ടാണ് ഞാൻ അതിൽ നിന്ന് രാജിവച്ചത്. ഇനിയെങ്കിലും അമ്മയിൽ മികച്ച നേതൃത്വം വരുമെന്ന് കരുതുന്നു'- പാർവതി തിരുവോത്ത് വ്യക്തമാക്കി.