മലയാളികൾ എക്കാലവും ഓർമ്മിക്കുന്ന ഒരുപിടി ക്ലാസിക് ഹിറ്റ് ചിത്രങ്ങളിലൂടെ ചലച്ചിത്ര രംഗത്ത് സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ച പകരംവയ്ക്കാനില്ലാത്ത സംവിധായകൻ മോഹന്റെ വിയോഗം സിനിമാലോകത്തിനു തന്നെ തീരാ നഷ്ടമാണ്. ഇന്ന് നാല്പതുകളിലും അൻപതുകളിലും എത്തിനിൽക്കുന്ന ആളുകളുടെ അന്നത്തെ കൗമാര കാലഘട്ടത്തിന് നിറം പകരുന്നതായിരുന്നു മോഹന്റെ ചിത്രങ്ങൾ. 1978 തുടങ്ങിയ സിനിമായാത്ര അവസാനിക്കുമ്പോഴും അദ്ദേഹം നിറം പകർന്ന ചിത്രങ്ങൾ ഇന്നും ഹൗസ് ഫുള്ളായി മലയാളി മനസുകളിൽ നിൽക്കുന്നുണ്ട്. മോഹൻ സാറിനൊപ്പമുള്ള ചില ഓർമ്മകളിലൂടെ..
പകർന്നു
നൽകിയ അറിവുകൾ
മോഹൻ സാറിനെ ആദ്യമായി നേരിൽ കാണുന്നത് 2005ൽ ദേശീയ അവാർഡ് സ്വീകരിക്കുന്നതിനായി പോകുന്നതിനിടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വച്ചാണ്. സുധീർ മിശ്ര ചെയർമാനായ ജൂറിയിൽ അത്തവണ മോഹൻ സാറും അംഗമായിരുന്നു. അവാർഡ് ലഭിച്ച ഒന്ന് രണ്ടു ചിത്രങ്ങളെക്കുറിച്ച്, മലയാള മാദ്ധ്യമങ്ങളോട് അദ്ദേഹം നടത്തിയ ചില വിയോജിപ്പുകൾ വാർത്തകളിൽ ഇടം നേടിയിരുന്നു. അക്കാര്യങ്ങൾ വിശദീകരിച്ചുകൊണ്ടാണ് അദ്ദേഹം സംസാരിച്ചു തുടങ്ങിയത്. 'എല്ലാവരും നല്ലതെന്ന് പറയുമ്പോൾ എനിക്ക് അതിൽ എന്തോ എതിർപ്പ് തോന്നും. അതെന്റെയൊരു സ്വഭാവമാണ്. അത്രേയുള്ളൂ."ചുരുങ്ങിയ വാക്കുകളിൽ അദ്ദേഹം നിസംഗതയോടെ പറഞ്ഞു.
ഏറ്റവുമടുത്ത ബന്ധുവിനെയോ കുടുംബസുഹൃത്തിനെയോ പോലെ മനസടുപ്പത്തോടെയായിരുന്നു ഇടപഴകൽ. താനൊരു വലിയ സംവിധായകൻ ആണെന്ന ഭാവമേ ഉണ്ടായിരുന്നില്ല. കുറച്ചു നാളുകൾക്കു ശേഷം അദ്ദേഹത്തിന്റെ കുടുംബത്തിലെ ഒരു ചടങ്ങിൽ സംബന്ധിക്കാനായി ക്ഷണമുണ്ടായി. 'അടുപ്പമുള്ളവരെയല്ലേ ആദ്യം വിളിക്കുക" എന്നുള്ള അദ്ദേഹത്തിന്റെ വാക്കും ആദരവോടെയാണ് കേട്ടുനിന്നത്. പിന്നീട് ഞാൻ എഴുതികൊണ്ടിരുന്ന തിരക്കഥയുമായി ബന്ധപ്പെട്ട് അദ്ദേഹത്തോട് സംസാരിച്ചപ്പോഴും ആശ്വാസകരമായിരുന്നു. രണ്ടായിരത്തിന്റെ ആരംഭ വർഷങ്ങളിൽ മാത്രം സിനിമയിലെത്തിയ എന്നെപ്പോലുള്ളവർക്ക് അദ്ദേഹത്തിൽ നിന്നു ലഭിച്ച കോടമ്പാക്കത്തെ ചലച്ചിത്ര നിർമ്മാണ രീതിയുടെ പ്രൊഫഷണലിസം നൽകിയ അനുഭവവും അറിവും വലുതാണ്.
അനുമതിയില്ലാതെ
റീമേക്കിംഗ്
മോഹൻ സാറിന്റെ സിനിമകളിൽ ആദ്യം കാണുന്നത് 'രചന"ആയിരുന്നു. കേരളത്തിൽ കളർ ടിവിയും വി.സി.ആറും കാസറ്റുകളും പ്രചാരം നേടിയ നാളുകളിൽ. ആ സിനിമയുടെ ഭാവതലം അത്ഭുതകരമായിരുന്നു. മൂന്ന് പ്രധാന കഥാപാത്രങ്ങൾ മാത്രമുള്ള ചെറുനർമ്മത്തിലൂടെ വികസിച്ചു ദുരന്ത പര്യവസായിയായിത്തീരുന്ന ചിത്രം വല്ലാതെ ആകർഷിച്ചു. അത്രമേൽ ഉള്ളിൽ തട്ടിയ ചിത്രം അടുത്തടുത്ത ദിവസങ്ങളിൽ വീണ്ടും കണ്ടു. പിന്നാലെ അദ്ദേഹത്തിന്റെ മറ്രു ചിത്രങ്ങളും ഒരോന്നായി കണ്ടു തുടങ്ങി.'വിടപറയും മുമ്പേ, ശാലിനി എന്റെ കൂട്ടുകാരി, ഇടവേള, ഇളക്കങ്ങൾ ഇങ്ങനെ പോകുന്നു. എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട മോഹൻ സിനിമ രചനയാണെന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞിരുന്നു. അപ്പോൾ തന്റെ അനുവാദമോ അവകാശമോ വാങ്ങാതെ രചന എന്ന ചിത്രത്തെ മറ്റാരോ ഹിന്ദിയിൽ റീമേക്ക് ചെയ്തു വികൃതമാക്കിയത് ഒരു ജൂറി എന്ന നിലയിൽ കണേണ്ടി വന്ന അവസ്ഥയും അദ്ദേഹം ദുഖത്തോടെ പറഞ്ഞു.
ആസ്വാദനവും
വിമർശനവും
25മത് ഐ.എഫ്.എഫ്.കെ യിൽ പ്രദർശിപ്പിക്കേണ്ട ചിത്രങ്ങളുടെ തെരഞ്ഞെടുപ്പിനായുള്ള കമ്മിറ്റിയിൽ മോഹൻ സാർ ചെയർമാൻ ആയിരുന്നപ്പോൾ അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതുമ നല്ല അനുഭവമായിരുന്നു. സ്‌ക്രീനിംങ്ങിനായി കൃത്യസമയത്ത് തന്നെ എത്തുന്ന അദ്ദേഹം ഒരിക്കലും തന്റെ താല്പര്യങ്ങളോ ആശയങ്ങളോ മറ്റു അംഗങ്ങളിലേക്ക് അടിച്ചേൽപ്പിക്കില്ല. ചില ചിത്രങ്ങൾ കണ്ടു അദ്ദേഹം തൃപ്തിപ്പെടാതെ വരുമ്പോൾ, ആ ചിത്രങ്ങളുടെ മേന്മ കാര്യകാരണ സഹിതം വിശദമാക്കിയാൽ അദ്ദേഹം അംഗീകരിക്കുമായിരുന്നു.'എല്ലാവരും നല്ലതെന്ന് പറയുന്നത് എനിക്ക് എതിർക്കാൻ തോന്നും" എന്ന് അദ്ദേഹം മുൻപ് പറഞ്ഞത് ഓർത്തുകൊണ്ടാണ് ഈ രീതിയിൽ കാര്യങ്ങൾ വിശദമാക്കുന്ന രീതി സ്വീകരിച്ചത്. ശാന്തതയോടെയും സൗമ്യതയോടെയും വളരെ കുറച്ചു മാത്രം സംസാരിച്ചു കൊണ്ട് കൂട്ടായ തീരുമാനങ്ങൾക്ക് അദ്ദേഹം വഴിയൊരുക്കി.
ആ പ്രാവശ്യം രാജ്യാന്തര ചലച്ചിത്രമേള തിരുവനന്തപുരത്തിനു പുറമെ കൊച്ചിയിലുമുണ്ടായിരുന്നു. മേള ദിനങ്ങളിൽ സ്വയം കാർ ഓടിച്ചു ഞാൻ താമസിച്ചിരുന്ന ഹോട്ടലിലെത്തി ഞങ്ങൾ ഒരുമിച്ചാണ് സിനിമകൾ കാണാനായി പൊയ്‌ക്കൊണ്ടിരുന്നത്. ഉച്ചക്ക് ഊണ് കഴിഞ്ഞു മുറിയിലെത്തി സാർ അല്പം വിശ്രമിക്കും. ഉച്ചയുറക്കമില്ല. രാത്രി സ്‌ക്രീനിംഗുകൾ കൂടി കണ്ടു വീട്ടിലേക്ക് പോകും. മേളയിൽ കാണുന്ന സിനിമകൾ ഒന്നോ രണ്ടോ വാക്കിൽ അദ്ദേഹം വിലയിരുത്തും. താൻ ഇനി ചെയ്യാൻ ആഗ്രഹിക്കുന്ന സിനിമയെ ക്കുറിച്ച് ഇടക്ക് അദ്ദേഹം സംസാരിക്കുമായിരുന്നു. മോഹൻ സർ സംവിധാനം ചെയ്യുകയും നിർമ്മിക്കുകയും ചെയ്ത ചിത്രങ്ങളിൽ ഭൂരിഭാഗവും മികച്ച സാമ്പത്തിക വിജയം നേടിയിരുന്നു. എങ്കിലും പണമോ പ്രശസ്തിയോ ഒട്ടും ആഗ്രഹിക്കാതെ സിനിമയുടെ എല്ലാ ആഘോഷങ്ങളിൽ നിന്നും അകന്നു മാറി നിന്നു. ഒന്നിലും പരിഭവമോ വിദ്വേഷമോ കാണിച്ചിരുന്നില്ല.
മദ്ധ്യവർത്തി സിനിമകളുടെ
അമരക്കാർ
മലയാള സിനിമക്ക് 70കളുടെ മദ്ധ്യം മുതൽ 80കളുടെ ഒടുക്കം വരെ നവ ഭാവുകത്വം നൽകിയ നാല് ചലച്ചിത്ര കാരന്മാരിൽ മോഹന് വലിയ സ്ഥാനമുണ്ട്. കെ. ജി. ജോർജ്, പത്മരാജൻ, ഭരതൻ, മോഹൻ എന്നിവർ സൃഷ്ടിച്ച ഒന്നിനൊന്നു വിഭിന്നമായ ചിത്രങ്ങൾ. കേരളീയ ജീവിതത്തിന്റെ പരിഛേദങ്ങൾ. അവരുടെ സിനിമയെ അക്കാലത്തെ നിരൂപകർ മദ്ധ്യവർത്തി സിനിമ എന്ന് വിളിച്ചു കൊണ്ട് ഒരു കളത്തിനുള്ളിലാക്കി.തിരിഞ്ഞു നോക്കുമ്പോൾ ആ വിളിപ്പേര് കാലഹരണപ്പെട്ടിരിക്കുന്നുവെന്ന് തോന്നുന്നു. അവരുടെ സിനിമകൾ തനിമയാർന്നതായിരുന്നു. മലയാളിയുടെ ചോരയും നീരും ചുടുനിശ്വാസവും സിനിമയുടെ ഭാഷയിലുള്ള കാണാൻ തോന്നിക്കുന്ന സിനിമകൾ. നമ്മുടെ സിനിമാ പണ്ഡിതർ ഇന്നും ശരിയായ രീതിയിൽ ഈ നാല് ചലച്ചിത്ര പ്രതിഭകളെയും പഠിച്ചിട്ടില്ല. പഠിക്കപ്പെടേണ്ടതും രേഖപ്പെടുത്തേണ്ടതുമായ നിരവധി തലങ്ങൾ ഈ നാല് പേരുടെയും ചിത്രങ്ങളിലുണ്ട്.
ഗുരുസ്മരണയിലൂടെ മടക്കം
ഒരർത്ഥത്തിൽ അദ്ദേഹം ഭാഗ്യവാനായ ചലച്ചിത്രകാരനായിരുന്നു. തന്റെ ഗുരുവായ, തെന്നിന്ത്യയിലെ പ്രമുഖ സംവിധായകൻ എം. കൃഷ്ണൻ നായരെക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രദർശന വേളയിൽ പ്രസംഗിച്ചു തീർന്നു കഴിഞ്ഞായിരുന്നു പോയവർഷം മെയ്യിൽ മസ്തിഷ്‌ക രക്ത ശ്രാവത്തെതുടർന്ന് മോഹൻ സർ ബോധമറ്റ് വീണത്. ഗുരുവിന്റെ ഓർമ്മയിൽ, ഗുരു ഭക്തിയിൽ മുഴുകിയ ആ മനസിലെ ചലച്ചിത്ര ബിംബങ്ങളുടെ ആഴം എന്തായിരുന്നെന്ന് അപ്പോൾ കണ്ടെത്താൻ കഴിഞ്ഞിരുന്നെങ്കിൽ! അതായിരുന്നിരിക്കാം മോഹൻ സാറിന്റെ അവസാന ചലച്ചിത്രം. അദ്ദേഹം മാത്രം കണ്ട, ആസ്വദിച്ച ആ ചലച്ചിത്രം. ഒരു ചലച്ചിത്രകാരന് ഏറ്റവും കൃതാർത്ഥമായ, ധന്യമായ നിമിഷം അതായിരുന്നിരിക്കാം. കുത്തിയൊഴുകിയ ആ ദൃശ്യങ്ങൾ, പൊട്ടിയകന്നുകൊണ്ട് ബോധമറ്റ് വീണ പരിസമാപ്തി.
വിടപറയും മുൻപേ...
( ദേശീയ അവാർഡ് നേടിയ ഒരിടം എന്ന ചിത്രത്തിന്റെ സംവിധായകനാണ് ലേഖകൻ)