ambani

മുംബയ്: വിവാദങ്ങൾ ഏറെയുണ്ടായിട്ടും ഇന്ത്യയിലെ സമ്പന്നൻ അദാനി തന്നെ. മുകേഷ് അംബാനിയെ പിന്തള്ളിയാണ് അദാനിയും കുടുംബവും അതിസമ്പന്നപ്പട്ടം തിരിച്ചുപിടിച്ചത്. 'ഹറൂൺ ഇന്ത്യ' സമ്പന്നപ്പട്ടികയിൽ 11.6 ലക്ഷം കോടിയുടെ ആസ്തിയാണ് അദാനിക്ക് ഉള്ളത്. രണ്ടാമതുളള മുകേഷ് അംബാനിക്ക് 10.14 ലക്ഷം കോടിരൂപയാണ് ആസ്തിയുളളത്. ഈ വർഷം ജൂലായ് 31 വരെയുള്ള കണക്കാണിത്.

വിവാദങ്ങൾ വിടാതെ പിന്തുടർന്നിട്ടും ഒരുവർഷംകൊണ്ട് അദാനി കുടുംബത്തിന്റെ ആസ്തിയിൽ 95 ശതമാനം വളർച്ചയാണ് ഉണ്ടായത്. എന്നാൽ അംബാനിയുടെ ആസ്തിവളർച്ച വെറും 25 ശതമാനം മാത്രമാണ്. എച്ച് സി എൽ ഗ്രൂപ്പ് സാരഥി ശിവ് നാടാരാണ് പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ളത്. 3.14 ലക്ഷം കോടിരൂപയുടെ ആസ്തിയാണ് അദ്ദേഹത്തിനും കുടുംബത്തിനും ഉള്ളത്. സീറം ഇൻസ്റ്റിറ്റ‌്യൂട്ട് ഒഫ് ഇന്ത്യ മേധാവി സൈറസ് പൂനാവാലയാണ് നാലാം സ്ഥാനത്ത്. 2.89 ലക്ഷം കോടിരൂപയുടെ ആസ്തിയാണ് ഇദ്ദേഹത്തിന് ഉള്ളത്.

സൺ ഫാർമ മേധാവി ദിലീപ് സാംഗ്‌വി,കുമാർ മംഗളം ബിർലയും കുടുംബവും, ഗോപിചന്ദ് ഹിന്ദുജ, അവന്യൂ സൂപ്പർമാർട്ട് മേധാവി രാധാകിഷൻ ധമാനി, അസിം പ്രേംജി, നീരജ് ബജാജ് തുടങ്ങിയവരാണ് ആദ്യ പത്തിൽ ഇടംനേടിയ സമ്പന്നർ.

ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാൻ പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ടെന്നതാണ് ഏറ്റവും പ്രധാന പ്രത്യേകത. 7,300 കോടിരൂപയുടെ ആസ്തിയാണ് അദ്ദേഹത്തിന് ഉള്ളത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്, റെഡ് ചില്ലീസ് എന്റർടെയ്ൻമെന്റ് എന്നിവയിലൂടെ ഉണ്ടായ വരുമാന വർദ്ധനവാണ് അദ്ദേഹത്തിന് നേട്ടമായത്. അദ്ദേഹം ആദ്യമായാണ് പട്ടികയിൽ ഇടംപിടിക്കുന്നതെന്നാണ് റിപ്പോർട്ട്. ഏറ്റവുമധികം സമ്പന്നായ മലയാളിയായി എം എ യൂസഫലിയും പട്ടികയിൽ ഇക്കുറി ഇടംപിടിച്ചിട്ടുണ്ട്.