തിരുവനന്തപുരം: വയനാട് ദുരിതാശ്വാസ നിധിയിലേക്ക് അ‍ഞ്ച് ദിവസത്തിൽ കുറയാത്ത ശമ്പളം നൽകണമെന്ന സർക്കാർ നിർദ്ദേശം അംഗീകരിക്കാത്ത ജീവനക്കാരുടെ പി.എഫ് ലോണിനുള്ള അപേക്ഷ സ്വീകരിക്കാത്തത് പ്രതിഷേധാർഹമെന്ന് കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് സംഘ്. ശമ്പള സോഫ്റ്റ്‌വെയറിൽ മാറ്റം വരുത്തിയാണ് പി.എഫ് ലോൺ തടയുന്നത്. വയനാട് ദുരിതത്തിൽ സഹായം നൽകാത്തതിനാൽ അപേക്ഷയിൽ നടപടി സ്വീകരിക്കാനാകില്ലെന്നാണ് സ്പാർക്ക് വഴി അപേക്ഷിക്കുന്നവർക്ക് ലഭിക്കുന്ന മറുപടി. അടിയന്തരമായി നടപടി പിൻവലിക്കണമെന്ന് സെക്രട്ടേറിയറ്റ് എംപ്ലോയീസ് സംഘ് പ്രസിഡ‍ന്റ് ആകാശ് രവിയും ജനറൽ സെക്രട്ടറി ടി.ഐ. അജയകുമാറും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.