gautam-adani

മുകേഷ് അംബാനി രണ്ടാം സ്ഥാനത്ത്

കൊച്ചി: റിലയൻസ് ഇൻഡസ്ട്രീസിന്റെ മുകേഷ് അംബാനിയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി അദാനി ഗ്രൂപ്പ് ഉടമ ഗൗതം അദാനി ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനായി. ഹുറൂൺ ഇന്ത്യയുടെ ഇത്തവണത്തെ സഹസ്രകോടീശ്വരന്മാരുടെ പട്ടികയിൽ ആയിരം കോടി രൂപയിലധികം ആസ്തിയുള്ള 1,539 ഇന്ത്യയ്‌ക്കാരാണ് ഇടംപിടിച്ചത്. ഗൗതം അദാനിയുടെ ആസ്തി

11.6 ലക്ഷം കോടി രൂപയും മുകേഷ് അംബാനിയുടെ ആസ്തി 10.14 ലക്ഷം കോടി രൂപയുമാണ്. ഇത്തവണ പുതിയ 272 പേർ പട്ടികയിൽ ഇടം നേടിയത്. ഹിന്ദി താരങ്ങളായ ഷാരൂഖ് ഖാൻ, ജൂഹിചൗള, ഹൃത്വിക് റോഷൻ, കരൺ ജോഹർ, അമിതാഭ് ബച്ചൻ എന്നിവരും പുതുതായി ഉൾപ്പെട്ടവരിലുണ്ട്.

മലയാളികളിൽ എം. എ യൂസഫലി

ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയിൽ 40ാം സ്ഥാനത്തുള്ള ലുലു ഗ്രൂപ്പ് ഉടമ എം. എ യൂസഫലിയാണ് മലയാളികളിൽ ഒന്നാമത്. ആസ്തി 55,000 കോടി രൂപ.. 42,000 കോടി രൂപയുടെ ആസ്തിയുമായി ജോയ് ആലുക്കാസ് രണ്ടാം സ്ഥാനത്തെത്തി. മുൻവർഷത്തേക്കാൾ പത്ത് സ്ഥാനം ഉയർന്ന് പട്ടികയിൽ 55ാം സ്ഥാനത്താണ് അദ്ദേഹം. ഇൻഫോസിസ് സഹസ്ഥാപകൻ എസ്. ഗോപാലകൃഷ്‌ണൻ, കല്യാൺ ജുവലേഴ്‌സ് ഉടമ ടി. എസ് കല്യാണരാമൻ, ജെംസ് എഡ്യൂക്കേഷന്റെ സണ്ണി വർക്കി, ബുർജീൽ ഹോൾഡിംഗ്സിന്റെ ഷംസീർ വയലിൽ എന്നിവരാണ് ആദ്യ നൂറ് സമ്പന്നരുടെ പട്ടികയിലുള്ള മലയാളികൾ. ഹുറൂൺ പട്ടികയിൽ ആകെ 19 മലയാളികളാണ് ഇടം നേടിയത്.

കൈവല്യ വോറ പ്രായം കുറഞ്ഞ അതിസമ്പന്നൻ

ക്വിക്ക് കൊമേഴ്സ് സ്ഥാപനമായ സെപ്‌റ്റോയുടെ സ്ഥാപകൻ 21 വയസുള്ള കൈവല്യ വോറയാണ് പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ സംരംഭകൻ. സഹ സ്ഥാപകൻ 22 വയസുള്ള ആദിത് പാലിച്ചയും പട്ടികയിൽ ഉൾപ്പെടുന്നു.

ഇന്ത്യൻ അതിസമ്പന്നരുടെ മൊത്തം ആസ്‌തി 159 ലക്ഷം കോടി രൂപ

മുംബയിൽ മാത്രം 352 സഹസ്രകോടീശ്വരൻമാർ

ചൈനയിലെ അതിസമ്പന്നരുടെ എണ്ണത്തിൽ 25 ശതമാനം ഇടിവ്

ഇന്ത്യൻ സമ്പന്നർ ആസ്തി( കോടി രൂപയിൽ)

ഗൗതം അദാനി 11.61

മുകേഷ് അംബാനി 10.14

ശിവ് നാടാർ 3.14

സൈറസ് എസ്. പൂനാവാല 2.89

ദിലീപ് സാങ്ങ‌്‌വി 2.5

കുമാർ മംഗളം ബിർ‌ള 2.35