ടെൽ അവീവ്: വെസ്റ്റ്ബാങ്ക് നഗരമായ തുൽക്കറിൽ ഇസ്രയേൽ നടത്തിയ റെയ്ഡിൽ ഏഴ് പാലസ്തീനികൾ കൂടി കൊല്ലപ്പെട്ടു. ഇതോടെ രണ്ട് ദിവസത്തിനിടെ കൊല്ലപ്പെട്ടവർ 17 ആയി. കൊല്ലപ്പെട്ടവർ തീവ്രവാദികളാണെന്ന് ഇസ്രയേൽ അവകാശപ്പെട്ടു. റെയ്ഡ് തുടരുകയാണെന്നും ഇനിയും ചില തീവ്രവാദികൾ ഒള്ളിച്ചിരിപ്പുണ്ടെന്നാണ് വിവരമെന്നും ഇസ്രയേൽ അറിയിച്ചു.
ബുധനാഴ്ച പുലർച്ചെയാണ് ഹെലികോപ്റ്ററുകൾ, ഡ്രോണുകൾ, കവചിത പേഴ്‌സണൽ കാരിയറുകൾ എന്നിവ ഉപയോഗിച്ച് ജെനിൻ, തുൽകറം, നബ്ലസ്, ജോർദാൻ എന്നിവിടങ്ങളിൽ ഇസ്രയേൽ സൈന്യം റെയ്ഡ് നടത്തിയത്. ഗാസയിലെയും വെസ്റ്റ് ബാങ്കിലെയും രണ്ട് പ്രധാന ടെലികമ്മ്യൂണിക്കേഷൻ കമ്പനികളിലൊന്നായ ജവ്വാലിൽ ഇന്റർനെറ്റ് തകരാറും ഉണ്ടായി.
ബുധനാഴ്ചത്തെ ഓപ്പറേഷനിൽ 12 പാലസ്തീനികൾ കൊല്ലപ്പെട്ടതായി പാലസ്തീൻ ആരോഗ്യ അധികൃതർ അറിയിച്ചു. ഇന്നലെ തുൽകറം പള്ളിയിൽ കൊല്ലപ്പെട്ടവരിൽ ഒരാൾ നൂർ ഷംസ് അഭയാർത്ഥി ക്യാമ്പിലേയും പാലസ്തീൻ ഇസ്ലാമിക് ജിഹാദ് ഗ്രൂപ്പിന്റെയും തലവനായ "അബു ഷുജാ" എന്ന മുഹമ്മദ് ജബ്ബറെന്ന് ഇസ്രയേൽ പറഞ്ഞു.
അതിനിടെ, വെസ്റ്റ് ബാങ്കിലെ സാധാരണക്കാരുടെ ജീവൻ സംരക്ഷിക്കാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് അമേരിക്ക ഇസ്രയേലിനോട് ആവശ്യപ്പെട്ടിട്ടു. സംഘർഷം അവസാനിപ്പിക്കാൻ അന്താരാഷ്ട്ര മദ്ധ്യസ്ഥ ചർച്ചകൾ തുടരുന്നുണ്ട്.
2002ന് ശേഷം
2002ന് ശേഷം വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ നടത്തിയ ഏറ്റവും വലിയ റെയ്ഡായിരുന്നു രണ്ട് ദിവസമായി നടക്കുന്നത്. ജെനിൻ, തുൽകറം, നബ്ലസ്, തുബാസ് നഗരങ്ങളിൽ ബുധനാഴ്ച പുലർച്ചെ ഒരേ സമയം വ്യോമാക്രമണമുണ്ടായി. കരമാർഗ്ഗം അഭയാർത്ഥി ക്യാമ്പുകളിലേക്ക് കടന്നുകയറിയ നൂറുകണക്കിന് സൈനികർ ആയുധധാരികളുമായി ഏറ്റുമുട്ടി.
ഹമാസ്, ഇസ്ലാമിക് ജിഹാദ്, ഫത്താ സംഘടനകൾ ഇസ്രയേൽ സൈനിക വാഹനങ്ങൾക്കെതിരെ ബോംബാക്രമണങ്ങളും നടത്തി. ഗാസ യുദ്ധം ആരംഭിച്ച ശേഷം വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ സൈന്യം ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. ആയിരക്കണക്കിന് പേർ ഇതുവരെ അറസ്റ്റിലായി. സാധാരണക്കാർ അടക്കം 660ലേറെ പേർ വെസ്റ്റ് ബാങ്കിലും ഈസ്റ്റ് ജെറുസലേമിലുമായി കൊല്ലപ്പെട്ടു. ഗാസയിൽ മരണം 40,602 കടന്നു. 94,000 ആളുകൾക്ക് പരിക്കേറ്റു.
വർദ്ധിച്ചുവരുന്ന
സംഘർഷങ്ങൾ
ഇറാൻ വെസ്റ്റ് ബാങ്കിലെ തീവ്രവാദികൾക്ക് ആയുധങ്ങളും പിന്തുണയും നൽകുന്നുണ്ടെന്ന് ഇസ്രയേൽ പറയുന്നു. അതേസമയം, ജൂത കുടിയേറ്റക്കാർ പാലസ്തീൻ സമൂഹങ്ങൾക്ക് നേരെ ആക്രമണം പതിവായി നടത്തുന്നുണ്ടെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രി ഇസ്രയേൽ കാറ്റ്സ് എക്‌സിൽ പറഞ്ഞു. ഇത് എല്ലാ അർത്ഥത്തിലും ഒരു യുദ്ധമാണ്, നമ്മൾ അതിൽ വിജയിക്കണം." ഗാസയിലും ലെബനനിലും ചെയ്തതുപോലെ ജോർദാനെ അസ്ഥിരപ്പെടുത്താനും ഇസ്രയേലിനെതിരെ ഒരു കിഴക്കൻ മുന്നണി സ്ഥാപിക്കാനും ഇറാൻ പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
ഇരച്ചുകയറി ടാങ്കുകൾ
ഖാൻ യൂനിസ്, റാഫ തുടങ്ങി ഗാസയുടെ തെക്കൻ മേഖലകളിലേക്ക് ഇന്നലെ ഇസ്രയേലി ടാങ്കുകൾ ഇരച്ചുകയറി. ജനങ്ങളോട് ഉടൻ ഒഴിയണമെന്ന നിർദ്ദേശവും നൽകി. നൂറുകണക്കിന് പേർ അപകട മേഖലയിൽ കുടുങ്ങി. ആക്രമണങ്ങളിൽ 34 പേർ കൊല്ലപ്പെട്ടു.
അതിനിടെ, മദ്ധ്യ ഗാസയിലെ ദെയ്ർ അൽ ബലാഹിൽ അഭയാർത്ഥികൾ കഴിഞ്ഞ സ്കൂൾ ഇസ്രയേൽ ബോംബിട്ട് തകർത്തു. 8 പേർ കൊല്ലപ്പെട്ടു. ചൊവ്വാഴ്ച റാഫയിലെ തുരങ്കത്തിൽ നിന്ന് ഹമാസ് തടവിലാക്കിയ ബന്ദിയെ ഇസ്രയേൽ കമാൻഡോകൾ രക്ഷപെടുത്തിയിരുന്നു. ശേഷിക്കുന്ന 108 ബന്ദികളിൽ ചിലർ റാഫയിലുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇസ്രയേൽ തെരച്ചിൽ തുടരുന്നുണ്ട്.
ചെങ്കടലിൽ എണ്ണച്ചോർച്ച
ചെങ്കടലിൽ ഹൂതി മിസൈലാക്രമണം നേരിട്ട ഗ്രീക്ക് എണ്ണക്കപ്പലായ 'സൂണിയനി"ലെ തീ ഇതുവരെ അണയ്ക്കാനായില്ല. കപ്പലിൽ നിന്ന് എണ്ണ കടലിലേക്ക് ചോർന്നു തുടങ്ങി. 10 ലക്ഷം ബാരൽ ക്രൂഡ് ഓയിലുമായി സഞ്ചരിച്ച സൂണിയൻ കഴിഞ്ഞ വെള്ളിയാഴ്ച യെമനിലെ ഹൊദൈദ തീരത്തിന് സമീപത്ത് വച്ചാണ് ആക്രമിക്കപ്പെട്ടത്. ജീവനക്കാർ സുരക്ഷിതരാണ്. ഗാസ യുദ്ധത്തിൽ പാലസ്തീനികൾക്ക് പിന്തുണയറിയിച്ചാണ് യെമനിലെ ഹൂതി വിമതർ ചെങ്കടലിലെ കപ്പലുകൾ ആക്രമിക്കുന്നത്.