ബംഗളൂരു: അനധികൃത സ്വത്ത് സമ്പാദന കേസിൽ കർണാടക ഉപമുഖ്യമന്ത്രിയും പി.സി.സി അദ്ധ്യക്ഷനുമായ ഡി.കെ ശിവകുമാറിന് ആശ്വാസം. ശിവകുമാറിനെതിരെ
അന്വേഷണം തുടരാൻ അനുമതി വേണമെന്ന സി.ബി.ഐ ഹർജി കർണാടക ഹൈക്കോടതി തള്ളി.
ഹർജികൾ കോടതിയുടെ അധികാര പരിധിയിൽ വരില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയത്.സി.ബി.ഐക്ക് സുപ്രീംകോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.
ശിവകുമാറിനെതിരെ അന്വേഷണം തുടരാനുള്ള അനുമതി സംസ്ഥാന സർക്കാർ പിൻവലിച്ചതിനെതിരെയാണ് സി.ബി.ഐ ഹൈക്കോടതിയെ സമീപിച്ചത്. ബി.ജെ.പി നേതാവ് ബസനഗൗഡ യത്നാലിന്റെ സമാന ഹർജിയും കോടതി തള്ളി.സുപ്രീംകോടതിയുടെ ഏത് തീരുമാനവും ദൈവത്തിന്റെ തീരുമാനമായി അംഗീകരിക്കുമെന്ന് ശിവകുമാർ പ്രതികരിച്ചു.
കഴിഞ്ഞ നവംബറിൽ ശിവകുമാറിനെതിരെ സി.ബി.ഐ അന്വേഷണത്തിന് നൽകിയ അനുമതി കോൺഗ്രസ് സർക്കാർ പൻവലിച്ചിരുന്നു. ബി.എസ്. യെദിയൂരപ്പ സർക്കാരിന്റെ കാലത്താണ് സി.ബി.ഐ അന്വേഷണത്തിന് അനുമതി നൽകിയത്. നിലവിൽ കേസ് ലോകായുക്തയാണ് അന്വേഷിക്കുന്നത്. കഴിഞ്ഞ ആഴ്ച ശിവകുമാർ ലോകായുക്തക്ക് മുമ്പാകെ ഹാജരായിരുന്നു.
2013- 2018 കാലത്ത് കർണാടക മന്ത്രിയായിരിക്കെ ശിവകുമാർ അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്നാണ് കേസ്.
2017ൽ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയെ തുടർന്നാണ് കേസെടുത്തത്. അധികാര ദുർവിനിയോഗത്തിലൂടെ അനധികൃതമായി
74.93 കോടി രൂപ ശിവകുമാർ സമ്പാദിച്ചെന്നാണ് ആരോപണം. കേസിൽ ഡൽഹിയിൽ ചോദ്യം ചെയ്യലിന് ഹാജരായ ശിവകുമാറിനെ ഇ.ഡി അറസ്റ്റ് ചെയ്ത്
ജയിലിലാക്കിയിരുന്നു. പിന്നീട് കേസ് സി.ബി.ഐക്ക് കൈമാറി. ജയിലിൽ നിന്ന് പുറത്തിറങ്ങിയാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ ശിവകുമാർ മത്സരിച്ചത്.
ദൈവത്തിന്റെ തീരുമാനമായി അംഗീകരിക്കുന്നു. കോടതിയെ വിശ്വസിക്കുന്നു. ദൈവത്തിൽ വിശ്വസിക്കുന്നു. കോടതി വിധി ദൈവത്തിന്റെ തീരുമാനമായി അംഗീകരിക്കും.- ഡി.കെ ശിവകുമാർ.