കൊൽക്കത്ത: ആർ.ജി കർ മെഡിക്കൽ കോളേജിൽ ഡോക്ടറെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരെയോ അവരുടെ സമരത്തിനെതിരെയോ താൻ ഒരക്ഷരം പോലും പറഞ്ഞിട്ടില്ലെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഡോക്ടർമാരെ ഭീഷണിപ്പെടുത്തിയെന്ന ആരോപണം മമത നിഷേധിച്ചു. പരാമർശങ്ങൾ വളച്ചൊടിക്കപ്പെട്ടു.കഴിഞ്ഞ ദിവസത്തെ പ്രസംഗത്തിന്റെ പേരിൽ തനിക്കെതിരെ ദുരുദ്ദേശ്യപരമായ പ്രചാരണം അഴിച്ചുവിടുന്നു. ബി.ജെ.പിക്കെതിരെ സംസാരിച്ചിരുന്നു. തുടർന്ന് തനിക്കെതിരെ കള്ളപ്രചാരണം നടത്തുന്നു.
പോരാട്ടം നടത്തുന്ന ഡോക്ടർമാർക്കൊപ്പമാണ്. അവരുടെ സമരം സത്യത്തിനുവേണ്ടിയുള്ളതാണ്. ഭീഷണിയുടെ സ്വരത്തിൽ സംസാരിച്ചിട്ടില്ല. പ്രചരിക്കുന്നതെല്ലാം കള്ളമാണ്- അവർ എക്സിൽ കുറിച്ചു. കേന്ദ്ര പിന്തുയോടെ ബി.ജെ.പി ബംഗാളിലെ ജനാധിപത്യത്തെ ഭീഷണിപ്പെടുത്തുകയാണ്. ക്രമസമാധാനം തകർക്കാൻ ശ്രമിക്കുകയാണെന്നും മമത ആരോപിച്ചു.
പ്രസംഗത്തിലെ ചില ഭാഗങ്ങൾ രാജ്യത്തിന്റെ അഖണ്ഡതയക്കും പരമാധികാരത്തിനും ഭീഷണിയാകുന്നതാണെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതി അഭിഭാഷകൻ വിനീത് ജിൻഡാൽ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. 'ഓർത്തുകൊള്ളൂ, ബംഗാൾ കത്തിയാൽ അസാം, ബീഹാർ, ജാർഖണ്ഡ്, ഒഡീഷ, ഡൽഹി എന്നിവയും കത്തും' എന്ന പരാമർശം ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയത്.
അതിനിടെ, മുഖ്യപ്രതി സഞ്ജയ് റോയുടെ സുഹൃത്തിനെയും നുണപരിശോധനക്ക് വിധേയനാക്കും. കുറ്റകൃത്യത്തെക്കുറിച്ച് ഇയാൾക്ക് നേരത്തെ അറിവുണ്ടായിരുന്നോ എന്നതാണ് അന്വേഷിക്കുന്നത്.
ജാഗ്രതാ നിർദ്ദേശം
അതിനിടെ കൊൽക്കത്തയിൽ അതീവ ജാഗ്രതാ നിർദ്ദേശം. ബന്ദിനു പിന്നാലെ ബി.ജെ.പിയുടെ നേതൃത്വത്തിൽ നടത്തുന്ന ധർണയുടെ പശ്ചാത്തലത്തിലാണ് അതീവ ജാഗ്രതാ നിർദ്ദേശം നൽകിയത്. പൊലീസിന് കർശന നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. പ്രതിഷേധ പ്രകടനങ്ങൾക്കിടെയുണ്ടായ അക്രമങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.അതിനിടെ, മുഖ്യമന്ത്രി മമത ബാനർജിയുടെ വീട് ആക്രമിക്കാൻ ഗൂഢാലോചന നടത്തിയ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
അതിനിടെ
ആർ.ജി കർ മെഡിക്കൽ കോളജിനെതിരെ കൂടുതൽ തെളിവുകൾ പുറത്ത്. ഡോക്ടർ ആത്മഹത്യ ചെയ്തുവെന്നു മാതാപിതാക്കളെ അറിയിക്കുന്ന ശബ്ദരേഖയാണ് പുറത്തു വന്നത്. മെഡിക്കൽ കോളജ് അസിസ്റ്റന്റ് സൂപ്രണ്ടാണു മാതാപിതാക്കളെ വിളിച്ചത്. മൂന്നു തവണയാണ് മെഡിക്കൽ കോളജിൽ നിന്നും കുടുംബത്തെ വിളിച്ചത്.