airport

ഉത്തര മലബാറിന്റെ വികസന സ്വപ്‌നങ്ങള്‍ക്ക് ചിറക് മുളയ്ക്കുന്നുവെന്ന പ്രഖ്യാപനത്തോടെയാണ് സംസ്ഥാനത്തെ നാലാമത്തെ വിമാനത്താവളമായ കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളം മട്ടന്നൂര്‍ മൂര്‍ഖന്‍ പറമ്പില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. 2018ല്‍ പ്രവര്‍ത്തനം ആരംഭിച്ച എയര്‍പോര്‍ട്ടിന്റെ ഇപ്പോഴത്തെ അവസ്ഥ പരിതാപകരമാണ്. അവഗണനയുടെ പടുകുഴിയില്‍ നിന്ന് ടേക്കോഫിന് ശ്രമിക്കുന്ന വിമാനത്താവളം നഷ്ടത്തിന്റേയും തീരാക്കടത്തിന്റേയും റണ്‍വേയിലാണിപ്പോള്‍.

2023 - 2024 സാമ്പത്തിക വര്‍ഷത്തില്‍ വിമാനത്താവളത്തിലെ കടം 168 കോടി രൂപയാണ്. 2022- 2023 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 126 കോടി രൂപയായിരുന്നു. എയര്‍പോര്‍ട്ടിന്റെ ആറ് വര്‍ഷം കൊണ്ടുള്ള ആകെ നഷ്ടം 742 കോടി രൂപയുടേതാണ്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നത് എയര്‍പോര്‍ട്ട് റെഗുലേറ്ററിയും വായ്പക്കാരും ഓഹരിയുടമകളും കര്‍ശനമായ നിയന്ത്രണം ഏര്‍പ്പെടുത്തുന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെ എത്തിച്ചേക്കാം. പ്രതീക്ഷിച്ചത്‌പോലെ വരുമാനമുണ്ടാക്കാന്‍ കഴിയാത്തതാണ് വിമാനത്താവളത്തിന് വലിയ തിരിച്ചടിയായത്.

2023-24 സാമ്പത്തിക വര്‍ഷത്തില്‍ കണ്ണൂര്‍ വിമാനത്താവളത്തിന്റെ വരുമാനം വെറും 101 കോടി മാത്രമാണ്. തൊട്ട് മുമ്പത്തെ വര്‍ഷം ഇത് 115 കോടി രൂപയായിരുന്നു. വരവിന്റെ ഇരട്ടിയിലധികമാണ് വിമാനത്താവളത്തിന്റെ ചെലവ് എന്നതാണ് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കുന്നത്. എയ്റോ വരുമാനം 75.52 കോടിയും നോണ്‍ എയ്റോ വരുമാനം 19.41 കോടിയുമാണ്. എയ്റോ വരുമാനത്തില്‍ മുഖ്യ പങ്കും യൂസര്‍ ഡവലപ്മെന്റ് ഫീസാണ്. 47.05 കോടി രൂപയാണ് ഈ ഇനത്തില്‍ നേടിയത്.

വിമാന കമ്പനികളില്‍ നിന്ന് ഈടാക്കുന്ന പാര്‍ക്കിംഗ് ഫീസ്, ലാന്‍ഡിംഗ് നിരക്കുകള്‍, എയ്റോബ്രിജ് നിരക്കുകള്‍, ഇന്‍ലൈന്‍ എക്‌സ്‌റേ നിരക്കുകള്‍ എന്നിവയാണ് ഇതില്‍ ഉള്‍പ്പെടുന്ന മറ്റ് വരുമാനങ്ങള്‍. കണ്ണൂരില്‍ നിന്ന് വിദേശ വിമാനക്കമ്പനികള്‍ ഓപ്പറേറ്റ് ചെയ്യാന്‍ കേന്ദ്രം അനുവദിക്കാത്തതാണ് പ്രതിസന്ധിയുടെ പ്രധാന കാരണമായി കണ്ണൂര്‍ വിമാനത്താവള അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നത്. പുതിയ റൂട്ടുകളും സര്‍വീസുകളും ഉടനെ ആരംഭിക്കുന്നതിനെ വലിയ പ്രതീക്ഷയോടെയാണ് അധികൃതര്‍ നോക്കിക്കാണുന്നത്.

ധാരാളം പ്രവാസികളുള്ള ഉത്തരമലബാര്‍ മേഖല കണ്ണൂര്‍ വിമാനത്താവളത്തെ വലിയ പ്രതീക്ഷയോടെയാണ് നോക്കിക്കണ്ടത്. എന്നാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ അധികകാലം മുന്നോട്ട് പോകാന്‍ വിമാനത്താവളത്തിന് കഴിയില്ല. നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചാണ് നിലവില്‍ പ്രതിസന്ധിഘട്ടത്തില്‍ പിടിച്ച് നില്‍ക്കുന്നത്. എന്നാല്‍ ഇപ്പോള്‍ തന്നെ സര്‍വീസ് കുറവിന്റേയും ഉയര്‍ന്ന ഫീസിന്റേയും കാരണത്താല്‍ നിരവധി യാത്രക്കാരും വിമാനക്കമ്പനികളും കണ്ണൂരിനെ കൈവിട്ട നിലയിലാണ്. അധികം വൈകാതെ കേന്ദ്രം കണ്ണ് തുറക്കുമെന്നാണ് അധികൃതരും പ്രതീക്ഷിക്കുന്നത്.