തിരുവനന്തപുരം: മുകേഷ് വിഷയത്തിൽ മാദ്ധ്യമങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി മന്ത്രി സജി ചെറിയാൻ. തെറ്റു ചൂണ്ടിക്കാണിക്കുന്നതിൽ കുഴപ്പമില്ലെന്നും ആരെപ്പറ്റിയും എന്തും എപ്പോഴും പറയാവുന്ന അവസ്ഥയിലാണ് മാദ്ധ്യമങ്ങളെന്ന് മന്ത്രി കുറ്റപ്പെടുത്തി. പക്ഷേ സമൂഹത്തെ അത് എങ്ങനെ ബാധിക്കുമെന്നതിനെ പറ്റി കൂടി ആലോചിച്ച് വേണം അത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യാനെന്നും മന്ത്രി പറഞ്ഞു. തെറ്റും കുറ്റങ്ങളും കാണിച്ചുകൊണ്ട് സമൂഹത്തെ ഉണർത്താൻ അവർക്ക് സാധിക്കണം, വിമർശനം സാമൂഹ്യ നന്മക്കാകട്ടെയെന്നും മന്ത്രി കൂട്ടിച്ചേർത്തു,
മുകേഷ് ചലച്ചിത്ര നയ രൂപീകരണ സമിതിയിൽ തുടരുന്നതിനെയും സജി ചെറിയാൻ ന്യായീകരിച്ചു. മുകേഷ് ഉൾപ്പെടുന്ന 11 അംഗസമിതിക്ക് പ്രാഥമിക രൂപം തയ്യാറാക്കാനുള്ള ചുമതലയാണുള്ളതെന്നാണ് മന്ത്രിയുടെ വാദം. ലൈംഗിക പീഡന പരാതിക്ക് പിന്നാലെ ചലച്ചിത്ര നയരൂപീകരണ സമിതിയിൽ നിന്ന് മുകേഷിനെ ഒഴിവാക്കിയേക്കും എന്ന സൂചനകൾക്കിടൊണ് മന്ത്രിയുടെ വിശദീകരണം. മുകേഷിനെതിരായ കേസുകളെ പറ്റിയുള്ള ചോദ്യത്തോട് പ്രതികരിക്കാനും മന്ത്രി തയ്യാറായില്ല. കോടതിയുടെ പരിഗണനയിലുള്ള വിഷയത്തിൽ നോ കമന്റ് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.