k

ന്യൂഡൽഹി: ജാപ്പനീസ് ആയോധനകലയായ ജിയു-ജിറ്റ്സു പരിശീലിക്കുന്ന വീഡിയോ പുറത്തുവിട്ട് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഭാരത് ജോഡോ യാത്രയുടെ സമയത്തു നടത്തിയ പരിശീലന ദൃശ്യങ്ങളാണ് ദേശീയ കായിക ദിനത്തിൽ രാഹുൽ പങ്കുവച്ചത്.

ഭാരത് ഡോജോ യാത്ര ഉടൻ വരുമെന്നും കുറിച്ചു. ഡോജോ എന്നത് ആയോധന കലകൾക്കായുള്ള സ്‌കൂളിനെ സൂചിപ്പിക്കുന്നു.

ക്യാമ്പിലുണ്ടായിരുന്നവർ ആരോഗ്യം നിലനിറുത്തുന്നതിന് 'ജിയു–ജിറ്റ്സു' പോലുള്ള ആയോധനകലകളും ധ്യാനവും അഭ്യസിച്ചിരുന്നതായി രാഹുൽ കുറിപ്പിൽ പറയുന്നു. എട്ട് മിനിട്ട് ദൈർഘ്യമുള്ള വിഡിയോയിൽ അദ്ദേഹം കുട്ടികളെ വിവിധ വിദ്യകൾ അഭ്യസിപ്പിക്കുന്നതും കാണാം. ഐക്കിഡോയിൽ ബ്ലാക്ക് ബെൽറ്റും ജിയു-ജിറ്റ്സുവിൽ ബ്ലൂ ബെൽറ്റും തനിക്കുണ്ടെന്നും രാഹുൽ വിഡിയോയിൽ പറയുന്നു.

ഏത് കായിക ഇനമായാലും, അത് പരിശീലിക്കുന്നത് മാനസികമായും ശാരീരികമായും നമ്മളെ ശക്തരാക്കുമെന്ന് രാഹുൽ പറഞ്ഞു. എട്ട് മിനിറ്റിൽ അധികമുള്ള വിഡിയോയാണ് രാഹുൽ ഗാന്ധി പങ്കുവെച്ചത്. ഭാരത് ജോഡോ യാത്രയ്ക്കിടെ, ആയിരക്കണക്കിന് കിലോമീറ്ററുകൾ സഞ്ചരിക്കുമ്പോൾ, എല്ലാ വൈകുന്നേരവും ക്യാമ്പ് സൈറ്റിൽ ജു ജിത്സു പരിശീലിക്കുന്ന ദൈനംദിന ദിനചര്യ ഉണ്ടായിരുന്നുവെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.