മെൽബൺ: കളിക്കിടെ തുടർച്ചയായി തലയ്‌ക്കേറ്റ ക്ഷതങ്ങളെ തുടർന്ന് 26-ാം വയസിൽ വിരമിക്കൽ പ്രഖ്യാപിച്ച് ഓസ്‌ട്രേലിയൻ ക്രിക്കറ്റർ
വിൽ പുകോവ്‌സ്‌കി. ഡോക്ടർമാരുടെ ഉപദേശപ്രകാരമാണ് തീരുമാനം. പ്രതീക്ഷയുണർത്തുന്ന താരമെന്ന വിശേഷണത്തോടെ ദേശീയ ടീമിലെത്തിയ താരത്തിന് പക്ഷേ ഒരു ടെസ്റ്റ് മത്സരത്തിൽ മാത്രമാണ് ഇറങ്ങാനായത്.
ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ മികച്ച ബാറ്ററായിരുന്ന പുകോവ്സ്കിയ്ക്ക് 2021ൽ സിഡ്‌നിയിൽ ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റിൽ മാത്രമാണ് കളിക്കാനായത്. ഈ വർഷം മാർച്ചിൽ ഷെഫീൽഡ് ഷീൽഡ് മത്സരത്തിനിടെ ഫാസ്റ്റ് ബൗളർ റൈലി മെറെഡിത്തിന്റെ പന്ത് ഹെൽമറ്റിലിടിച്ചാണ് പുകോവ്‌സ്‌കിക്ക് അടുത്തിടെ തലച്ചോറിന് ക്ഷതമേറ്റത്. ഇതോടെ ലെസ്റ്റർഷെയറുമായുള്ള കരാർ ഉപേക്ഷിക്കേണ്ടി വന്നു. വിക്ടോറിയക്ക് വേണ്ടി 36 ഫസ്റ്റ്ക്ലാസ് മത്സരങ്ങള്‍ കളിച്ച താരം ഏഴ് സെഞ്ചുറികൾ ഉൾപ്പെടെ 45.19 ശരാശരിയിൽ 2,350 റൺസ് നേടിയിട്ടുണ്ട്. 2017-ലായിരുന്നു ഫസ്റ്റ്ക്ലാസ് അരങ്ങേറ്റം, പിന്നാലെ രണ്ട് ഇരട്ട സെഞ്ചുറികൾ ഉൾപ്പെടെ മികച്ച പ്രകടനങ്ങളോടെ സീനിയർടീമിലെത്താൻ കഴിവുള്ള താരമെന്ന പേര് സമ്പാദിച്ചു.