gulf
പ്രതീകാത്മക ചിത്രം

റിയാദ്: സ്വദേശി പൗരനെ കൊലപ്പെടുത്തിയ കേസില്‍ മലയാളിയായ പ്രവാസിയുടെ വധശിക്ഷ നടപ്പിലാക്കി സൗദി അറേബ്യ. പാലക്കാട് സ്വദേശി അബ്ദുള്‍ ഖാദര്‍ അബ്ദുള്‍ റഹ്മാന്റെ (63) വധശിക്ഷയാണ് ശരീഅ കോടതിയുടെ വിധിയെ തുടര്‍ന്ന് നടപ്പിലാക്കിയത്. സൗദി അറേബ്യ പൗരനായ യൂസുഫ് ബിന്‍ അബ്ദുള്‍ അസീസ് ബിന്‍ ഫഹദ് അല്‍ ദാഖിര്‍ എന്ന വ്യക്തിയെയാണ് അബ്ദുള്‍ ഖാദര്‍ കൊലപ്പെടുത്തിയത്. തലയ്ക്കടിച്ചാണ് പ്രവാസി മലയാളി സൗദി പൗരനെ കൊലപ്പെടുത്തിയത്.

റിയാദിലെ ജയിലില്‍ കഴിഞ്ഞിരുന്ന അബ്ദുള്‍ ഖാദറിന്റെ വധശിക്ഷ വ്യാഴാഴ്ച രാവിലെയാണ് നടപ്പാക്കിയതെന്ന് സൗദി ആഭ്യന്തരമന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കൊലപാതകം നടന്നയുടന്‍ പൊലീസ് കസ്റ്റഡിയിലായ പ്രതിക്ക് സൗദി ശരീഅ കോടതി വധശിക്ഷ വിധിക്കുകയായിരുന്നു. ശിക്ഷയില്‍ ഇളവ് തേടി സുപ്രീംകോടതിയെയും റോയല്‍ കോര്‍ട്ടിനെയും പ്രതിയായ പ്രവാസി സമീപിച്ചെങ്കിലും അപ്പീല്‍ തള്ളി ശരീഅ കോടതി വിധി ശരിവെച്ചു.

സൗദി വടക്കുപടിഞ്ഞാറന്‍ മേഖലയിലെ തബൂക്കില്‍ ആംഫറ്റാമിന്‍ മയക്കുമരുന്ന് ഗുളികകള്‍ കടത്തിയ കേസില്‍ പിടിയിലായ ഈദ് ബിന്‍ റാഷിദ് ബിന്‍ മുഹമ്മദ് അല്‍ അമീരി എന്ന സൗദി അറേബ്യ പൗരന്റെ വധശിക്ഷയും വ്യാഴാഴ്ച രാവിലെ നടപ്പിലാക്കിയിരുന്നുവെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഈ കേസിലും സുപ്രീംകോടതിയും റോയല്‍ കോര്‍ട്ടും അപ്പീല്‍ തള്ളി ശരീഅ കോടതി വിധി ശരിവെച്ചതിനെത്തുടര്‍ന്നായിരുന്നു വധശിക്ഷ നടപ്പിലാക്കിയത്.