പാരീസ്: മെസേജിംഗ് ആപ്പായ ടെലിഗ്രാമിന്റെ സ്ഥാപകനും സി.ഇ.ഒയുമായ പവേൽ ഡുറോവിന്റെ മേൽ കുറ്റം ചുമത്തി ഫ്രഞ്ച് കോടതി. നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ ടെലിഗ്രാമിൽ വ്യാപകമായതിനാലാണ് കുറ്റം ചുമത്തിയത്. ഇതോടെ പവേലിന് ഫ്രാൻസ് വിട്ട് പോവാനാവില്ല. കൂടാതെ കോടതിയുടെ മേൽനോട്ടത്തിലായിരിക്കും അന്വേഷണവും നടക്കുക. ശനിയാഴ്ച രാത്രിയാണ് പാരീസിന് സമീപത്തുള്ള ലെ ബൊർഷെ വിമാനത്താവളത്തിൽ വച്ച് പവേലിനെ അറസ്റ്റ് ചെയ്തത്. ടെലിഗ്രാമിലൂടെ ക്രിമിനൽ പ്രവർത്തനങ്ങൾ പ്രചരിക്കുന്നത് തടയുന്നതിൽ പരാജയപ്പെട്ടെന്ന കേസിലാണ് അറസ്റ്റ്.
മയക്കുമരുന്ന് കടത്ത്, സംഘടിത കുറ്റകൃത്യങ്ങൾ, തീവ്രവാദം തുടങ്ങിയവ പ്രോത്സാഹിപ്പിക്കൽ, വഞ്ചന എന്നിവ ഉൾപ്പെടെ നിരവധി ക്രിമിനൽ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. ഡുറോവിനെതിരെ നേരത്തെ അറസ്റ്റ് വാറണ്ട് നിലനിന്നിരുന്നു. ഡുറോവിനെ കോടതിയിൽ ഹാജരാക്കും. 2014ൽ റഷ്യ വിട്ട ഡുറോവിന് നിലവിൽ ഫ്രഞ്ച്, യു.എ.ഇ ഇരട്ട പൗരത്വമുണ്ട്.