pak-vs-ban

റാവല്‍പിണ്ടി: ചരിത്രത്തിലാദ്യമായി ബംഗ്ലാദേശിനോട് ടെസ്റ്റ് മത്സരത്തില്‍ തോറ്റതിന് പിന്നാലെ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമില്‍ തമ്മിലടിയും പോരും രൂക്ഷമെന്ന് റിപ്പോര്‍ട്ടുകള്‍. ഡ്രസിംഗ് റൂമിനുള്ളില്‍ രണ്ട് താരങ്ങള്‍ പരസ്പരം തമ്മിലടിക്കുന്നതിലേക്ക് വരെ കാര്യങ്ങള്‍ എത്തിനില്‍ക്കുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ടെസ്റ്റ് ടീം ക്യാപ്റ്റന്‍ ഷാന്‍ മസൂദ്, സ്റ്റാര്‍ പേസര്‍ ഷഹീന്‍ ഷാ അഫ്രീദി എന്നിവര്‍ തമ്മിലടിച്ചുവെന്നാണ് പാകിസ്ഥാനിലെ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നത്.. സംഘര്‍ഷം തടയാന്‍ ശ്രമിച്ച വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് റിസ്‌വാനും മര്‍ദ്ദനമേറ്റുവെന്നാണ് വിവരം.

ഷാന്‍ മസൂദുമായി അഫ്രീദിക്ക് പ്രശ്‌നങ്ങളുണ്ടെന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ടീമംഗങ്ങള്‍ ഒരുമിച്ചു സംസാരിക്കുന്നതിനിടെ ഷാന്‍ മസൂദ് തോളില്‍ കൈവെച്ചപ്പോള്‍ അത് തട്ടിമാറ്റുന്ന ഷഹീന്‍ അഫ്രീദിയുടെ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിരുന്നു. ഇത് വലിയ ചര്‍ച്ചയ്ക്ക് വഴിവയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍ താരങ്ങള്‍ തമ്മിലടിച്ചെന്ന വാര്‍ത്തയില്‍ ഔദ്യോഗികമായി പാകിസ്ഥാന്‍ ക്രിക്കറ്റിലെ ഉന്നത വൃത്തങ്ങളോ താരങ്ങളോ പ്രതികരിക്കുകയോ സ്ഥിരീകരിക്കുകയോ ചെയ്തിട്ടില്ല.

മത്സരത്തിലെ ഒരു ഇടവേളയ്ക്കിടെ പരിശീലകന്‍ ജേസണ്‍ ഗില്ലസ്പിയും ക്യാപ്റ്റന്‍ ഷാന്‍ മസൂദും തമ്മില്‍ തര്‍ക്കത്തിലേര്‍പ്പെടുന്നതിന്റെ വീഡിയോയും പുറത്ത് വന്നിരുന്നു. എന്നാല്‍ തോല്‍വിക്ക് ശേഷമാണോ ഈ സംഭവം എന്ന് വ്യക്തമല്ല. അതിനിടെ ബംഗ്ലാദേശിനെതിരെയുള്ള രണ്ടാം ടെസ്റ്റ് മത്സരത്തിലെ ടീം സ്‌ക്വാഡ് പ്രഖ്യാപിച്ചപ്പോള്‍ ഷഹീന്‍ ഷാ അഫ്രീദിയെ ഉള്‍പ്പെടുത്തിയില്ല. കഴിഞ്ഞയാഴ്ചയാണ് ഷഹീന് ആണ്‍കുഞ്ഞ് പിറന്നത്. മുന്‍ നായകന്‍ ഷാഹിദ് അഫ്രീദിയുടെ മകളാണ് ഷഹീന്റെ ഭാര്യ.

ഈ ഇടവേള കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ അവസരമൊരുക്കും. ഷഹീന്‍ അഫ്രീദി ഏറ്റവും മികവോടെ പന്തെറിയുന്നത് കാണാനാണ് മാനേജ്‌മെന്റിന് താല്‍പര്യം. മികച്ച രീതിയില്‍ പന്തെറിയാന്‍ അദ്ദേഹം കഠിനാധ്വാനം െചയ്യുന്നുണ്ട്. ഇക്കാര്യത്തില്‍ അസ്ഹര്‍ മഹ്മൂദും സഹായിക്കുന്നുണ്ടെന്നുമാണ് പരിശീലകന്‍ ജേസണ്‍ ഗില്ലസ്പി ഷഹീന്‍ അഫ്രീദിയെ പുറത്താക്കിയതില്‍ നടത്തിയ പ്രതികരണം.