andhra

ഹൈദരാബാദ്: വൈ.എസ്.ആര്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയായി രണ്ട് എം.പിമാര്‍ രാജ്യസഭാംഗത്വം രാജിവച്ചു. മോപിദേവി വെങ്കട്ടരമണ, ബീദ മസ്താന്‍ റാവു എന്നിവരാണ് രാജി സമര്‍പ്പിച്ചത്. അതിനിടെ വെങ്കിട്ടരമണ ടി.ഡി.പിയില്‍ ചേരുമെന്നും ചന്ദ്രബാബു നായിഡു ഏല്‍പ്പിക്കുന്ന ഏത് ഉത്തരവാദിത്വവും സ്വീകരിക്കുമെന്നും പ്രഖ്യാപിച്ചു.ഇരു നേതാക്കളും ടി.ഡി.പി അദ്ധ്യക്ഷനും അന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവുമായി അടുത്തിടെ കൂടിക്കാഴ്ച നടത്തിയിരുന്നെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇരുവരുടെയും രാജി രാജ്യസഭ അദ്ധ്യക്ഷന്‍ ജഗദീപ് ധന്‍കര്‍ സ്വീകരിച്ചതോടെ രാജ്യസഭയില്‍ വൈ.എസ്.ആര്‍ കോണ്‍ഗ്രസിന്റെ അംഗബലം ഒന്‍പതായി ചുരുങ്ങി. ലോക്‌സഭയില്‍ നാല് സീറ്റാണ് പാര്‍ട്ടിക്കുള്ളത്. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പാര്‍ട്ടി അദ്ധ്യക്ഷന്‍ ജഗന്‍ മോഹന്‍ റെഡ്ഡിക്ക് ഇരുവരും കത്തയച്ചതായാണ് വിവരം. രാജ്യസഭയില്‍ വെങ്കട്ടരമണയുടെ കാലാവധി 2026 ജൂണിലും മസ്താന്‍ റാവുവിന്റേത് 2028 ജൂണിലുമായിരുന്നു അവസാനിക്കേണ്ടിയിരുന്നത്.

അതേസമയം, ഇനിയും നേതാക്കള്‍ പാര്‍ട്ടിയിലെത്തുമെന്ന് ചില ടി.ഡി.പി നേതാക്കള്‍ അറിയിച്ചു. വൈ.എസ്.ആര്‍ കോണ്‍ഗ്രസ് നേതാക്കളില്‍ ചിലര്‍ ബി.ജെ.പിയില്‍ ചേരുമെന്നും റിപ്പോര്‍ട്ടുണ്ട്. വൈ.എസ്.ആര്‍.സി.പി വനിതാ വിഭാഗം പ്രസിഡന്റും എം.എല്‍.എയുമായ പോത്തുല സുനിത പാര്‍ട്ടിയില്‍ നിന്ന് കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു.

അതൃപ്തിയില്‍ പുകഞ്ഞ്

വെങ്കട്ടരമണയെ വീണ്ടും രാജ്യസഭയിലേക്ക് എത്തിക്കാമെന്ന ധാരണയിലും മസ്താന്‍ റാവു ഉപാധികളൊന്നും കൂടാതെയും ടി.ഡി.പിയില്‍ ചേരുമെന്നാണ് വിവരം. ചില വിഷയങ്ങളില്‍ ജഗന്‍ മോഹന്‍ റെഡ്ഡിയുടെ നിലപാടുകളിലുള്ള കടുത്ത അമര്‍ഷമാണ് എം.പിമാരുടെ നീക്കത്തിന് പിന്നിലെന്നാണ് സൂചന.


കെ.കിരണ്‍കുമാര്‍ റെഡ്ഡി, വൈ.എസ്. രാജശേഖരറെഡ്ഡി സര്‍ക്കാരുകളില്‍ മന്ത്രിയും രണ്ട് തവണ എം.എല്‍.എയും ആയിരുന്നു മോപിദേവി വെങ്കട്ടരമണ. ജഗന്‍ മോഹന്റെ വിശ്വസ്തനായി അറിയപ്പെട്ടു. അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതോടെ നേതൃത്വവുമായി ഇടഞ്ഞു.1989ല്‍ കോണ്‍ഗ്രസിലൂടെ രാഷ്ട്രീയത്തില്‍.

ചന്ദ്രബാബു നായിഡുവുമായി അടുത്ത ബന്ധമുണ്ട് ബി.എം റാവു എന്ന് ബീത മസ്താന്‍ റാവുവിന്. 1983ല്‍ ടി.ഡി.പിയില്‍. 2009- 2014 കാലത്ത് എം.എല്‍.എ ആയിരുന്നു. 2019ല്‍ വൈ.എസ്.ആര്‍.സി.പിയില്‍. വ്യവസായിയാണ്.

വേട്ടയാടുന്നു: വൈ.ആര്‍.സി.പി

രണ്ട് എം.പിമാരുടെ രാജിയോട് വൈ.എസ്.ആര്‍.സി.പി ശക്തമായി പ്രതികരിച്ചു. പാര്‍ട്ടിക്ക് അധികാരം നഷ്ടപ്പെട്ടതിനാല്‍ ചില നേതാക്കള്‍ ടി.ഡി.പിയിലേക്ക് കൂറുമാറുന്നത് നിര്‍ഭാഗ്യകരമാണെന്ന് മുന്‍ മന്ത്രിയും പാര്‍ട്ടി വക്താവുമായ അമ്പാടി രാംബാബു പറഞ്ഞു. അവര്‍ക്ക് അവരുടെ അന്തസ് നഷ്ടപ്പെട്ടിരിക്കുന്നു. അത്തരം നേതാക്കള്‍ക്ക് ജനപിന്തുണ ലഭിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു വൈ.എസ്.ആര്‍.സി.പി നേതാക്കളെ വേട്ടയാടുകയാണെന്ന് വൈ.എസ്.ആര്‍.സി.പി നേതാവും മുന്‍ മന്ത്രിയുമായ കക്കാനി ഗോവര്‍ദ്ധന്‍ റെഡ്ഡി ആരോപിച്ചു.

പാര്‍ട്ടി വിടാന്‍ വിവിധ കാരണങ്ങളുണ്ട്. ഒരുപാട് ആലോചിച്ച ശേഷമാണ് തീരുമാനമെടുത്തത്. ഒരിക്കലും രാജ്യസഭാംഗമാകാന്‍ താത്പര്യപ്പെട്ടിരുന്നില്ല. എന്നാല്‍ എന്റെ മണ്ഡലമായ റെപ്പല്ലെയിലെ ജനങ്ങളെ സേവിക്കാന്‍ ആഗ്രഹിച്ചിരുന്നു. ഒരു വര്‍ഷമായി വൈ.എസ്.ആര്‍.സി.പിയിലെ സംഭവവികാസങ്ങളില്‍ അസ്വസ്ഥനായിരുന്നു- -വെങ്കട്ടരമണ