പാലോട്: കാലാവസ്ഥ വ്യതിയാനവും കാട്ടുമൃഗശല്യത്താലും വീർപ്പുമുട്ടുന്ന കർഷകരെ തളർത്തി വിലയിടിവ്. പഴം,പച്ചക്കറി എന്നിവയ്ക്ക് താങ്ങുവില പ്രഖ്യാപിച്ചെങ്കിലും വൻ വിലയിടിവിനെ പിടിച്ചു നിറുത്താനായിട്ടില്ല. തമിഴ്നാട്ടിൽ നിന്നെത്തുന്ന വാഴക്കുലകൾക്ക് കേരളത്തിൽ വൻ വിലക്കുറവാണ്.ഇതോടെ മലയോര മേഖലയിലെ കർഷകർ പ്രതിസന്ധിയിലായി. വട്ടിപ്പലിശയ്ക്ക് കടമെടുത്ത് കൃഷി ചെയ്ത പലരും ആത്മഹത്യയുടെ നിഴലിലാണ്.
കഴിഞ്ഞവർഷം 60 രൂപയോളം വിലയുണ്ടായിരുന്ന ഏത്തന് നിലവിലെ വില 70 വരെയായെങ്കിലും കർഷകന് കിട്ടുന്നത് 55ലും താഴെയാണ്.പാട്ടത്തിനെടുത്ത ഭൂമിയിലാണ് മിക്ക കർഷകരും കൃഷി ചെയ്യുന്നത്. ഭൂമിക്ക് പ്രതിവർഷം 15,000 മുതൽ 20,000 രൂപ വരെ പാട്ടത്തുക നൽകേണ്ടി വരും.ഇതുപോലും കൃഷിയിൽ നിന്ന് ലഭിക്കാത്ത സാഹചര്യമാണ്.പാളയംകോടൻ പഴത്തിന് കർഷകർക്ക് ലഭിക്കുന്നത് 40 മുതൽ 45 വരെയാണ്. തമിഴ്നാട്ടിൽ നിന്നെത്തുന്ന കുലയ്ക്ക് 35രൂപ വരെ വിപണിവിലയുണ്ട് എന്നതാണ് വിരോധാഭാസം. രസകദളിയുടെ കാര്യവും ഇതുപോലെ തന്നെ.തമിഴ്നാട്ടിൽ നിന്ന് ലോഡുക്കണക്കിന് കുല കേരളത്തിലെത്തി തുടങ്ങിയതോടെ നാടൻ വിപണി തകർന്നെന്ന് കച്ചവടക്കാർ പറയുന്നു.
ജൈവ പച്ചക്കറികൾ
ഇക്കുറി ഓണവിപണി കീഴടക്കാനായി ഗ്രാമീണ കർഷകർ ഇറക്കുന്നത് ജൈവ കൃഷിയിലൂടെ വിളയിച്ചെടുത്ത പച്ചക്കറികളാണ്.നന്ദിയോട്, ആനാട്, പെരിങ്ങമ്മല പഞ്ചായത്തുകളിലാണ് ജൈവകൃഷിയുള്ളത്.പയർ, ചീര, വെണ്ട, വഴുതന, പാവൽ, പുതിന, മല്ലിയില, ഇഞ്ചി, ചേന, ചേമ്പ്, കാച്ചിൽ തുടങ്ങിയവയെല്ലാം ടൺക്കണക്കിന് ഓണവില്പനയ്ക്കായി എത്തിക്കും. പൊതുവിപണിയെക്കാൾ 30 ശതമാനം വരെ വിലക്കുറവിലാണ് പച്ചക്കറികൾ വിപണിയിലെത്തുക. കപ്പ, പാളയംകോടൻ, ഏത്തൻ, രസകദളി തുടങ്ങിയവയും ഓണത്തിനെത്തിച്ചേരും. അൻപത് ഹെക്ടറോളം സ്ഥലത്താണ് ജൈവകൃഷി ചെയ്തത്. സർക്കാർ നടപ്പിലാക്കിയ ഒരു മുറം പച്ചക്കറി പദ്ധതിയുമായി വിവിധ റസിഡന്റ്സ് അസോസിയേഷനുകളും സന്നദ്ധ സംഘടനകളും. സ്ഥലമില്ലാത്തവർ വീടുകളിലെ മട്ടുപ്പാവിലും കൃഷി ചെയ്യുന്നുണ്ട്. കാലാവസ്ഥ അനുകൂലമായിരുന്നതിനാൽ നൂറുമേനി വിളവാണ് കർഷകർക്ക് ലഭിച്ചത്. പവ്വത്തൂർ ശ്രീജിത്ത്, തോട്ടുംപുറം ബാലകൃഷ്ണൻ, ഗീത ആനകുളം, ഫ്രാൻസിസ്, ഏലിശ, റോബർട്ട് , ടി.സുരേന്ദ്രൻ, പ്രഭാകരൻ ചൂടൽ, കെ.ചന്ദ്രൻ ആനക്കുഴി, അരുൺ തോട്ടുംപുറം, ശ്രീലത കള്ളിപ്പാറ, ശുഭാ പ്രേമൻ തുടങ്ങി നൂറോളം കർഷകർ ഇതിനായി ചുക്കാൻ പിടിക്കുന്നു.
മുറ്റം നിറയെ പച്ചക്കറി
കാബേജ്, കത്തിരി, സ്ട്രോബറി, വഴുതന, ചെറുകിഴങ്ങ്, ചീര, അഗസ്തി ചീര, വെണ്ട, ചേന, കപ്പ, ചോളം എന്നിവയോടൊപ്പം കുറ്റിമുല്ലയും, പലയിനം ഓർക്കിഡുകൾ, സൂര്യകാന്തി, മുല്ല എന്നീ അലങ്കാര പുഷ്പങ്ങളും മലയോര കർഷകർ കൃഷി ചെയ്യുന്നുണ്ട്.
ഓണം വിപണി സമൃദ്ധമാക്കാൻ കർഷകർ പണിയെടുത്ത് വിളഞ്ഞത് നൂറുമേനിയാണ്. വിപണിയിലെ വിലക്കുറവ് കർഷകരെ പിന്നോട്ടടിക്കുന്ന സാഹചര്യമാണ്.സർക്കാരിന്റെ വിപണി ഇടപെടലാണ് ഏക പ്രതീക്ഷ.
ശ്രീജിത്ത്,പവ്വത്തൂർ കർഷകൻ