frofg

ആറ്റിങ്ങൽ: കൗതുകമുണർത്തി പൊയ്‌കമുക്കിൽ പറക്കും തവളയെ (ഗ്ലൈഡിംഗ് തവള) കണ്ടെത്തി.പശ്ചിമഘട്ട മേഖലകളിൽ കാണപ്പെടുന്ന മലബാർ പറക്കും തവളയെയാണ് കണ്ടെത്തിയത്. ഇളിത്തേമ്പൻ തവള, പച്ചത്തവള, പച്ചിലപ്പാറാൻ തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന മലബാർ പറക്കും തവളയുടെ ശാസ്ത്രീയനാമം റാക്കോഫോറസ് മലബാറിക്കസ് എന്നാണ്.

പൊയ്‌കമുക്ക് കാർത്തിക വിലാസം പ്രശീലൻ - റീജ ദമ്പതികളുടെ വീട്ടുമുറ്റത്താണ് കഴിഞ്ഞ ദിവസം അപൂർവ അതിഥി വിരുന്നെത്തിയത്.പശ്ചിമഘട്ടമഴക്കാടുകളിലാണ് ഇവയെ കൂടുതലായി കാണുന്നത്. മരങ്ങളിൽ നിന്ന് അടുത്ത മരത്തിലേക്ക് ഒഴുകിപ്പറക്കാനുള്ള കഴിവ് ഇവയ്ക്കുണ്ട്. 15 മീറ്റർ ദൂരം വരെ ഇവർ ഇത്തരത്തിൽ വായുവിലൂടെ തെന്നി നീങ്ങുമെന്നാണ് പരിസ്ഥിതി പ്രവർത്തകർ പറയുന്നത്. കൈകാലുകളും നെഞ്ചുമായി ബന്ധിച്ചിരിക്കുന്ന നേർത്ത സ്തരവും (പാട) വിരലുകൾക്കിടയിലെ ഓറഞ്ച് നിറത്തിലുള്ള സ്തരവുമാണ് ഇവയെ പറക്കാൻ സഹായിക്കുന്നത്. ശരീരത്തിലെ പാട വിടർത്തി കൈകാലുകൾ നീട്ടിയാണ് പറക്കുന്നത്. പൊതുവേ പകൽസമയം ഉറങ്ങുകയും രാത്രി ഇര തേടുകയുമാണ് രീതി. അപൂർവ ഇനം തവളയെ കണ്ടെത്തിയതോടെ കാണാനും ചിത്രങ്ങൾ പകർത്താനും ഒട്ടേറെപ്പേരാണ് ഈ വീട്ടിൽ എത്തുന്നത്. പച്ചയും ചുവപ്പും മഞ്ഞയും നിറം കൊണ്ട് വർണാഭമാണീ തവള.