kuttipadmini

ചെന്നൈ: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയുണ്ടായ ലൈംഗികാരോപണങ്ങളെത്തുടർന്ന് മലയാള സിനിമയിലെ പല പ്രധാന നടന്മാരും കേസിൽ പെട്ടിരിക്കുകയാണ്. അതിനിടെ തമിഴ് ടെലിവിഷൻ മേഖലയിൽ വ്യാപകമായ ലൈംഗികോപദ്രവങ്ങൾ നടക്കുന്നു എന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് പ്രശസ്ത നടിയും സീരിയൽ നിർമാതാവുമായ കുട്ടി പത്മിനി. ബാലതാരമായപ്പോൾ തനിക്കുണ്ടായ അനുഭവവും എൻഡിടിവിക്ക് അനുവദിച്ച അഭിമുഖത്തിൽ അവർ തുറന്നുപറയുന്നുണ്ട്. ലൈംഗികോപദ്രവം കാരണം ടെലിവിഷൻ മേഖലയുമായി ബന്ധപ്പെട്ട് നിരവധി സ്ത്രീകൾ ആത്മഹത്യ ചെയ്തിട്ടുണ്ടെന്നും കുട്ട‌ി പത്മിനി വെളിപ്പെടുത്തി.

'സംവിധായകരും സാങ്കേതിക വിദഗ്‌ധരും വനിതാകലാകാരികളിൽ നിന്ന് ലൈംഗികത ആവശ്യപ്പെടുന്നു. ലൈംഗിക പീഡനം തെളിയിക്കാൻ കഴിയാത്തതിനാൽ പലരും പരാതിപ്പെടുന്നില്ല. എന്നാൽ മറ്റുചിലർ കൂടുതൽ പണം കിട്ടുമെന്നതിനാൽ എല്ലാ പീഡനവും സഹിക്കും. ഡോക്ടർമാർ, ഐടി പ്രൊഫഷണലുകൾ എന്നിവപോലുള്ള ഒരു ജോലിയാണ് അഭിനയവും. എന്നാൽ അവിടെമാത്രം എന്തുകൊണ്ട് മാംസക്കച്ചവടത്തിന്റേതാകുന്നു. ഇത് വലിയ തെറ്റാണ്' പത്മിനി പറഞ്ഞു.

അനുഭവങ്ങൾ തുറന്നുപറയുകയോ പരാതി നൽകുകയോ ചെയ്താൽ നിരോധനം ഉണ്ടാകുമെന്ന് ഗായിക ചിന്മയിക്കും നടി ശ്രീ റെഡ്ഢിക്കുമെതിരെയുള്ള നിരോധനം ചൂണ്ടിക്കാട്ടി കുട്ടി പത്മിനി വ്യക്തമാക്കി. ഇരുവർക്കുമെതിരെയുള്ള നിരോധനത്തിൽ തനിക്ക് വലിയ ആശങ്കയുണ്ടെന്നും അവർ പറഞ്ഞു. ബാലതാരമായിരുന്നപ്പോൾ തനിക്ക് ലൈംഗികോപദ്രവം നേരിടേണ്ടിവന്നിട്ടുണ്ട്. ഇതിനെതിരെ അമ്മ പ്രശ്നമുണ്ടാക്കിയപ്പോൾ ഹിന്ദി സിനിമാ മേഖലയിൽ നിന്ന് തന്നെ പുറത്താക്കിയെന്നും അവർ പറഞ്ഞു.

'തമിഴ് സിനിമയിലെ ലൈംഗികോപദ്രവ പീഡനങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിൽ കാര്യമായ പുരോഗതി ഉണ്ടാക്കുന്നില്ല. സുരേഷ്‌ഗോപി തെളിവ് എവിടെയെന്ന് ചോദിച്ചുവെന്ന് ഞാൻ വായിച്ചു. എങ്ങനെയാണ് ഇതിനൊക്കെ തെളിവ് നൽകാൻ കഴിയുക. സിബിഐ ചെയ്യുന്നപോലുള്ള നുണപരിശോധന നടത്താനാവുമോ? കുട്ടി പത്മിനി ചോദിച്ചു.

അതേസമയം, തമിഴ് സിനിമയിലെ ലൈംഗികാതിക്രമം ഉൾപ്പടെയുള്ല മനുഷ്യാവകാശ ധ്വംസനങ്ങൾ പരിശോധിക്കാൻ തമിഴ് താരസംഘടനയായ നടികർ സംഘം പത്തുദിവസത്തിനകം കമ്മിറ്റി രൂപീകരിക്കുമെന്ന് ജനറൽ സെക്രട്ടറിയായ നടൻ വിശാൽ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. സ്ത്രീകളെ ബഹുമാനിക്കാത്ത മോശം ആവശ്യങ്ങളുമായി സമീപിക്കുന്ന പുരുഷന്മാർ തമിഴ് സിനിമയിലുമുണ്ടെന്നും വിശാൽ പറഞ്ഞിരുന്നു. എന്നാൽ ,തമിഴ് സിനിമാ മേഖലയിൽ നിന്ന് ലൈംഗികാതിക്രമത്തെക്കുറിച്ചുള്ള പരാതികൾ ലഭിച്ചിട്ടില്ലെന്നാണ് തമിഴ്‌നാട് മന്ത്രി സ്വാമിനാഥൻ പറയുന്നത്.