karat

ന്യൂഡൽഹി: ലൈംഗിക ചൂഷണ പരാതിയിൽ കൊല്ലം എംഎൽഎ മുകേഷിന്റെ രാജി ആവശ്യവുമായി പ്രതിപക്ഷ പാർട്ടികൾ കടുത്ത പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതിനിടെ ഹേമ കമ്മിറ്റി റിപ്പോർട്ടിലും വിവാദ വിഷയത്തിലും പ്രതികരണം നടത്തി സിപിഎം പോളിറ്റ് ബ്യൂറോ അംഗമായ വൃന്ദ കാരാട്ട്. പാർട്ടിയുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ മുകേഷിന്റെ വിഷയത്തിൽ പരോക്ഷമായ നിലപാടും വൃന്ദ കാരാട്ട് സ്വീകരിക്കുന്നു.

ലൈംഗിക ചൂഷണ ആരോപണ വിധേയരായ കോൺഗ്രസിലെ രണ്ട് എംഎൽഎമാർ ഇപ്പോഴും തുടരുന്നല്ലോ രാജിവച്ചില്ലല്ലോ എന്ന മറുവാദം ഉയർത്തിയാണ് ഇടതുമുന്നണി കൺവീനർ ഇ.പി ജയരാജൻ അടക്കം പാർട്ടി നേതാക്കൾ മുകേഷ് വിഷയത്തിൽ പ്രതിരോധം തീർത്തത്. ഈ നിലപാട് ശരിയല്ലെന്നാണ് വൃന്ദ കാരാട്ടിന്റെ ലേഖനത്തിൽ പറയുന്നത്. നിങ്ങൾ അങ്ങനെ ചെയ്‌തത് കൊണ്ട് ഞാൻ ഇങ്ങനെ ചെയ്‌‌തു എന്ന വിധത്തിലുള്ള നിലപാടല്ല വിഷയത്തിൽ കൈക്കൊള്ളേണ്ടത് എന്നാണ് വൃന്ദ കാരാട്ട് അഭിപ്രായപ്പെടുന്നത്. പീഡനാരോപണമുള്ള എംഎൽഎമാരെ കോൺഗ്രസ് പിന്തുണയ്‌ക്കുന്നതായും കമ്മ്യൂണിസ്‌റ്റ് വിരുദ്ധരായ ഒരുവിഭാഗം മാദ്ധ്യമങ്ങളും ഇവരെ പിന്തുണയ്‌ക്കുന്നു എന്നുമാണ് വൃന്ദയുടെ രൂക്ഷമായ വിമർശനം.

ലൈംഗിക ചൂഷണ പരാതിയിൽ ജാമ്യമില്ലാ വകുപ്പനുസരിച്ച് മുകേഷിനെതിരെ കേസെടുത്തതിലൂടെ കുറ്റക്കാരെ സർക്കാർ സംരക്ഷിക്കുന്നു എന്ന കോൺഗ്രസ് വ്യാജ ആരോപണത്തിലെ തരംതാണ രാഷ്‌ട്രീയം വെളിപ്പെട്ടു. ഹേമ കമ്മിറ്റി രൂപീകരിച്ച എൽഡിഎഫ് സർക്കാർ നിലപാട് മികച്ചതാണെന്നും വൃന്ദ കാരാട്ട് പറഞ്ഞു.