'അമ്മ' ഭരണസമിതി രാജിവച്ചത് ശരിയായില്ലെന്ന് നടി ശ്രേയ രമേശ്. എന്തിനേയും നേരിടണമെന്നും ഓടിപ്പോകുന്നത് ശരിയല്ലെന്നുമാണ് തന്റെ അഭിപ്രായമെന്ന് നടി വ്യക്തമാക്കി. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ശ്രേയ.
സിദ്ദിഖ് തന്റെ അടുത്ത സുഹൃത്താണെന്നും അങ്ങനെയൊരു കുറ്റകൃത്യം ചെയ്യുമെന്ന് വിശ്വസിക്കുന്നില്ലെന്നും നടി പറയുന്നു. 'എനിക്കൊരിക്കലും വിശ്വസിക്കാൻ പറ്റില്ല. ഞങ്ങളോടൊക്കെ വളരെ മാന്യമായിട്ടാണ് പെരുമാറുന്നത്. ഞാൻ ഒരു ഉദാഹരണം പറയാം. അമ്മ നടത്തുന്ന ഒരു ചാനൽ പരിപാടിയുടെ ലിസ്റ്റിൽ ഞാനുമുണ്ടായിരുന്നു. സുഖമില്ലാതായതിനാലാണ് പിന്മാറിയത്.
ആ സമയത്ത് എനിക്ക് എറണാകുളത്ത് ഒരു ഷൂട്ട് ഉണ്ടായിരുന്നു. ഷൂട്ട് തീരുന്ന ദിവസം തന്നെ ഇവിടെ റിഹേഴ്സൽ ആരംഭിക്കും. പക്ഷേ ഇക്ക എന്നോട് പറഞ്ഞത്, തിരുവനന്തപുരത്ത് പോയി സമയമാകുമ്പോൾ വന്നാൽ മതി വെറുതെ അവിടെ വന്ന് നിൽക്കേണ്ടെന്നാണ്. ഇരുപതിനോ മറ്റോ ആയിരുന്നു പരിപാടി. പത്തൊമ്പതിന് പകുതി ദിവസമേ റിഹേഴ്സലിന്റെ ആവശ്യമുള്ളൂ. നീ വെറുതേ പതിനേഴ് മുതൽ അവിടെ വന്ന് നിൽക്കുന്നതെന്തിനാണെന്ന് പറഞ്ഞു. ആൾക്കാർ പറയുന്ന രീതിയിലാണെങ്കിൽ അവിടെ വന്ന് താമസിക്ക് എന്ന് പറയാം. പക്ഷേ അങ്ങനെ ഒരിക്കലും പറഞ്ഞിട്ടില്ല. എന്നെ സംബന്ധിച്ച് എനിക്ക് അങ്ങനെ ഉണ്ടായിട്ടില്ല.എന്റെ നല്ല ഫ്രണ്ടാണ്. ആരെന്ത് പറഞ്ഞാൽ ഞങ്ങൾക്ക് അത് വിശ്വസിക്കാൻ കുറച്ച് ബുദ്ധിമുട്ടുണ്ട്.'- നടി പറഞ്ഞു.