earth

വിവിധ കാലഘട്ടങ്ങളിൽ ഭൂമിയിൽ അന്നുവരെ നിലനിന്ന ജീവജാലങ്ങൾ മുഖ്യപങ്കും ഇല്ലാതായ വംശനാശ പരമ്പരകൾ ഉണ്ടായിട്ടുണ്ട്. ക്രറ്റേഷ്യസ്-ടെർഷ്യറി വംശനാശം അത്തരത്തിലൊന്നാണ്. ദിനോസറുകളുടെ വംശനാശത്തിനിടയായ ഉൽക്കാ പതനം നടന്നത് ഈ വംശനാശ കാലത്താണ്. ഭീമാകാരന്മാരായ ദിനോസറുകൾ ഒന്നടങ്കം അടക്കം 80 ശതമാനത്തോളം ജന്തുക്കളും അന്ന് ഭൂമുഖത്ത് നിന്നും ഇല്ലാതായി. ഇത്തരത്തിൽ വംശനാശം ഉണ്ടാകാൻ ഇടയായതിന് ഒരുകാരണം കണ്ടെത്തിയിരിക്കുകയാണ് ചൈനയിൽ നിന്നുള്ള ഒരുപറ്റം ഗവേഷകർ. രണ്ട് തവണ ഭൂമിയുടെ ഭ്രമണത്തിന്റെ വേഗത ക്രമാതീതമായി കുറഞ്ഞപ്പോഴാണ് വലിയ വംശനാശം ഉണ്ടായത്. ഇതിലൊന്ന് ലോകം ഇന്നുവരെ കണ്ട വലിയ വംശനാശ പരമ്പര ആയിരുന്നു.

ചൈനയിലെ ചെംഗ്‌ഡു സർവകലാശാലയിലെ മാ ചാവോയുടെ നേതൃത്വത്തിൽ നടത്തിയ ഗവേഷണത്തിലാണ് ആശങ്കപ്പെടുത്തുന്ന ഈ കണ്ടെത്തലുണ്ടായത്. ഫ്രഞ്ച്, ജർമൻ, ഐറിഷ് ശാസ്‌ത്രജ്ഞരുടെ പങ്കാളിത്തത്തോടെയായിരുന്നു ഗവേഷണം. 650 മുതൽ 500 മില്യൺ വ‌ർഷങ്ങൾക്കിടയിലൊരിക്കലും 350 മുതൽ 280 മില്യൺ വർഷത്തിലൊരിക്കലും ഭൂമിയുടെ കറക്കത്തിന് പെട്ടെന്ന് കുറവ് സംഭവിച്ചു. 75 ശതമാനത്തിലധികം ജീവജാലങ്ങൾ അന്ന് ഭൂമിയിൽ ഇല്ലാതായി.

വംശനാശം മാത്രമല്ല പുതിയ ജീവജാലങ്ങളുടെ ആവിർഭാവവും ഭൂമിയുടെ കറക്കത്തിലെ വ്യത്യാസം കാരണമുണ്ടായി. കേംബ്രിയൻ സ്‌ഫോടനം എന്ന പ്രതിഭാസം 538 മില്യൺ വർഷങ്ങൾക്ക് മുൻപ് ഉണ്ടായി. ഇക്കാലയളവിൽ സമുദ്രജലത്തിലെ ഘടനയെ മാറ്റി. അന്നുവരെ ലളിതമായ ഘടനയുള്ള ജീവികൾക്ക് പകരം കൂടുതൽ വലുപ്പമുള്ള ജന്തുക്കൾ ഇക്കാലയളവിൽ ഉണ്ടായി. സമുദ്രം കൂടുതൽ വാസയോഗ്യമായി. പെർമിയൻ-ട്രയാസിക് വംശനാശം ആണ് ഭൂമിയുടെ ഭ്രമണം കുറഞ്ഞതുമൂലമുണ്ടായ മറ്റൊരു പ്രധാന സംഭവം. 250 മില്യൺ വ‌ർഷങ്ങൾക്ക് മുൻപായിരുന്നു ഇത്. ഭൂമിയിലുണ്ടായിരുന്ന ഏതാണ്ട് 90 ശതമാനം ജീവജാലങ്ങളും അന്ന് നശിച്ചുപോയി.

അടുത്തകാലത്തായി നടന്ന പഠനങ്ങളിൽ ഭൂമിയുടെ ഉൾക്കാമ്പിന്റെ ഭ്രമണത്തിൽ കുറവുണ്ടായതായി കണ്ടെത്തിയിരുന്നു. 2010 മുതലാണ് ഇത്തരത്തിൽ സംഭവിച്ചുതുടങ്ങിയത്. ഭൂമിയിലെ ദിവസങ്ങളുടെ സമയം ഇതുവഴി ഭാവിയിൽ വർദ്ധിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ ഭ്രമണത്തിലെ കുറവ് ഭൂമിയും ചന്ദ്രനും തമ്മിലെ അകലം വർദ്ധിപ്പിക്കുമെന്നും വേലിയേറ്റവും വേലിയിറക്കവുമടക്കം പ്രതിഭാസങ്ങളുണ്ടാകുമെന്നും ഗവേഷകർ കണ്ടെത്തിയിരുന്നു. ഇത് ഭൂമിയിൽ സൂര്യപ്രകാശം എത്തുന്നതിലടക്കം വ്യത്യാസം വരുത്തും അതുവഴി കാലാവസ്ഥയടക്കം മാറാനിടയാകുമെന്നും ഗവേഷകർ കണ്ടെത്തിയിരുന്നു. ഈ പ്രതിഭാസത്തെക്കുറിച്ച് പഠിക്കുകയാണ് ഗവേഷകർ. ഇത് ഭൂമിയിൽ ജീവന്റെ പരിണാമമടക്കം മനസിലാക്കാൻ സഹായിക്കുമെന്നാണ് കരുതുന്നത്.