കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി നടിമാരാണ് സിനിമാ മേഖലയിൽ തങ്ങൾക്കുണ്ടായ മോശം അനുഭവം പങ്കുവച്ചത്. ഇപ്പോഴിതാ സിനിമാ മേഖലയിൽ നിലനിൽക്കാൻ സഹിച്ച മാനസിക പീഡനങ്ങൾ വെളിപ്പെടുത്തിയിരിക്കുകയാണ് മേക്കപ്പ് ആർട്ടിസ്റ്റ് മിറ്റ.
മിറ്റയുടെ വാക്കുകൾ:
സ്‌ത്രീയാണെങ്കിലും പുരുഷനാണെങ്കിലും തൊഴിലിടങ്ങളിൽ സുരക്ഷ വേണം. അതില്ലാതെ വരുമ്പോഴാണ് പ്രശ്‌നങ്ങൾ ഉണ്ടാകുന്നത്. സിനിമ രണ്ട് മണിക്കൂറിൽ തീരും. പക്ഷേ അതിന് പിന്നിൽ ഒരുപാടുപേരുടെ കഷ്‌ടപ്പാടാണ്. കൂടെ നിൽക്കുന്നവരെക്കൊണ്ടാണ് എനിക്ക് പ്രശ്‌നങ്ങളുണ്ടായത്. നിങ്ങൾക്ക് ഒന്നും അറിയില്ല. ഞങ്ങൾക്ക് ഒരുപാട് എക്‌സ്‌പീരിയൻസ് ഉണ്ട് എന്നാണവർ പറയുന്നത്. 2022 വരെയുള്ള കാലത്ത് ഞാൻ ഒരുപാട് മാനസിക സമ്മർദങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്. സിനിമ ഷൂട്ടിംഗ് തുടങ്ങുന്നത് മുതൽ അവസാനിക്കുന്നതുവരെ സ്‌ട്രസ്സാണ്.
ഞാൻ 2017ലാണ് ആദ്യമായി മലയാള സിനിമ ചെയ്യുന്നത്. വളരെയധികം പേടിപ്പെടുത്തുന്ന അനുഭവങ്ങളിലൂടെയാണ് അന്ന് ഞാൻ കടന്നുപോയത്. എനിക്ക് അസിസ്റ്റന്റുമാരെയും ഹെയർ സ്റ്റൈലിസ്റ്റിനെയും അവരാണ് തന്നത്. ഞാൻ പറയുന്നതിനെയെല്ലാം ഈ ടീമിലുള്ളവർ എതിർത്തു. എല്ലാ വർക്കിലും ക്രിയേറ്റിവിറ്റി കൊണ്ടുവരണമെന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാൻ. പക്ഷേ, ഇവർ അതിന് സമ്മതിച്ചില്ല. പിന്നീട് മനസിലായി ഇതിനെല്ലാം പിന്നിൽ ഒരു വ്യക്തിയാണെന്ന്. സ്‌ത്രീ പറയുന്നത് അനുസരിക്കില്ല എന്ന ഈഗോ ആയിരുന്നു അവർക്ക്. ഞാൻ ആവശ്യപ്പെട്ടത് കാരണം അവരെ ടീമിൽ നിന്നും മാറ്റി.
തുടർന്ന് എനിക്കെതിരെ അപ്രതീക്ഷിതമായി സൈബർ ആക്രമണം ഉണ്ടായി. എന്റെ ഭർത്താവിന്റെയും കുട്ടികളുടെയും ചിത്രങ്ങൾ ഉൾപ്പെടെ വച്ചാണ് മോശം കാര്യങ്ങൾ പ്രചരിപ്പിച്ചത്. അന്ന് 30 ദിവസത്തോളം ഞാൻ ഫോൺ ഉപയോഗിച്ചില്ല. എന്ത് പ്രശ്‌നം വന്നാലും ചെയ്യുന്ന വർക്കിൽ നിന്ന് പിന്മാറരുതെന്ന് എന്റെ കുടുംബത്തിലുള്ള എല്ലാവരും പറഞ്ഞു. പിന്നീട് ഒന്നിലും ഞാൻ പ്രതികരിക്കുന്നില്ല എന്ന് കണ്ടതോടെ അവർ സൈബർ അറ്റാക്ക് അവസാനിപ്പിച്ചു. പക്ഷേ, അന്ന് ഫെഫ്‌കയുടെ അംഗം ആയിരുന്നെങ്കിൽ എനിക്ക് വേറെ പ്രശ്‌നങ്ങളൊന്നും ഉണ്ടാകില്ലായിരുന്നു. ഒരു സംഘടനയിലും ഇല്ലാതിരുന്നതിനാലാണ് എനിക്കീ ബുദ്ധിമുട്ടുകൾ ഉണ്ടായതെന്നാണ് കരുതുന്നത്.