കൊച്ചി: ഭാരവാഹികളായവർക്കെതിരെ വരെ ലൈംഗികാതിക്രമ പരാതി ഉയർന്നതിന് പിന്നാലെ ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ കമ്മിറ്റി പിരിച്ചുവിട്ടിരുന്നു. ഇതിനുപിന്നാലെ സംഘടനയെ ട്രോളി സമൂഹമാദ്ധ്യമങ്ങളിലടക്കം നിരവധി പേർ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ അമ്മ ആസ്ഥാന ഓഫീസ് വിൽപനയ്‌ക്കു വച്ചിരിക്കുകയാണ് ഏതോ വിരുതന്മാർ. ഓൺലൈൻ വിൽപന സൈറ്റായ ഒഎൽഎക്‌സിൽ വെറും 20,000 രൂപയ്‌ക്കാണ് 'അർജന്റ് സെയിൽ' എന്ന് നൽകി ഇടപ്പള്ളിയിലുള്ള അമ്മ ഓഫീസിന്റെ ചിത്രങ്ങൾ പോസ്‌റ്റ് ചെയ്‌തത്.
20,000 സ്‌ക്വയർഫീറ്റിലുള്ള കെട്ടിടത്തിൽ പത്ത് വാഷ്‌റൂമുണ്ടെന്നും റെഡി ടു മൂവ് ആണ് എന്നും നൽകിയിരിക്കുന്നു. മുട്ടലുകൾ കാരണം കതകുകൾക്ക് ബലക്കുറവുണ്ടെന്നും നൽകിയിട്ടുണ്ട്. മൂന്ന്-നാല് ദിവസങ്ങൾക്കകം വിൽപന പൂർത്തീകരിക്കണമെന്നും നൽകിയിട്ടുണ്ട്. ആരാണ് പരസ്യം നൽകിയതെന്ന് വ്യക്തമല്ല.
ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവന്നതോടെ അമ്മയിലും ചലച്ചിത്ര പ്രവർത്തക സംഘടനയായ ഫെഫ്‌കയിലും പൊട്ടിത്തെറികളാണ് ഉണ്ടായത്. അമ്മ കമ്മിറ്റി ഒന്നാകെ പിരിച്ചുവിട്ടപ്പോൾ ഫെഫ്‌കയിൽ നിന്ന് സംവിധായകൻ ആഷിഖ് അബു രാജിവച്ചിരുന്നു. നിലപാടിന്റെ കാര്യത്തിൽ തികഞ്ഞ കാപട്യം പുലർത്തുന്ന നേതൃത്വത്തോട് അതിശക്തമായി വിയോജിച്ചുകൊണ്ടും പ്രതിഷേധിച്ചുകൊണ്ടും ഫെഫ്ക പ്രാഥമിക അംഗത്വത്തിൽ നിന്ന് ഞാൻ രാജിവയ്ക്കുന്നതായി അറിയിക്കുന്നു'' എന്നാണ് വാർത്താകുറിപ്പിൽ ആഷിക് അബു പറയുന്നത്.
നടൻ മുകേഷിനെ സെപ്‌തംബർ മൂന്ന് വരെ അറസ്റ്റ് ചെയ്യരുതെന്ന് എറണാകുളം ജില്ലാ സെഷൻസ് കോടതി ഉത്തരവിട്ടിരുന്നു. അതേസമയം നടനും അമ്മ മുൻ ജനറൽ സെക്രട്ടറിയുമായ സിദ്ദിഖിനെതിരെ സാഹചര്യ തെളിവുകൾ ശക്തമാണ്. നടിയുടെ മൊഴിയുമായി യോജിക്കുന്ന കാര്യങ്ങളാണ് പൊലീസ് കണ്ടെത്തിയത്.
പിഗ്മാൻ എന്ന ചിത്രത്തിന്റെ സെറ്റിൽവച്ച് ജയസൂര്യയുടെ ഭാഗത്ത് നിന്നും തനിക്കെതിരെ അതിക്രമമുണ്ടായെന്ന് നടി വ്യക്തമാക്കിയിരുന്നു. ബാത്ത്റൂമിലേക്കുള്ള വഴിയിൽ വച്ചാണ് ജയസൂര്യ കയറിപ്പിടിച്ചതെന്നും താൽപര്യമില്ലെന്ന് മനസിലായപ്പോൾ മാപ്പ് പറഞ്ഞെന്നും നടി പറഞ്ഞു.