swami

സ്വാമി അവ്യയാനന്ദ

ഇന്ന് സപ്തതി നിറവിൽ

.....................................

വല്ലപ്പോഴും പൂക്കുന്ന ഒരു പൂമരമാണോ താൻ? ശിവഗിരിയുടെ പുണ്യതീർത്ഥക്കരയിൽ നിന്ന് ഒരു മുനി മനസ് കാറ്റിനോടു ചോദിക്കുന്നു. ശിവചൈതന്യവും മഹാഗുരുമൊഴി സുഗന്ധവും കലർന്ന കാറ്റ് തിരിച്ചുചോദിക്കുന്നു: മുനി മനസിന് എത്ര വയസായി? ബാല്യമോ കൗമാരമോ ആ സ്വരത്തിന്? ആ വാക്കിനും ഭാഷയ്ക്കും നൈർമ്മല്യത്തിന്റെ വസന്തമല്ലേ?

കാറ്റ് ചഞ്ചലചിത്തമാണെങ്കിൽ മലകൾ അചഞ്ചലചിത്തസമാനം. മഹാകവി കുമാരനാശാൻ പരദൈവമായി കണ്ട ശ്രീനാരായണ ഗുരുവിനെ വിശേഷിപ്പിച്ചത് മലയെടുത്തല്ലേ: 'മോദസ്ഥിതനായങ്ങു വസിപ്പൂ മലപോലെ! മരുപ്പറമ്പിലും ഉദ്യാനത്തിലും അദ്രിസാനുക്കളിലും ചുറ്റിത്തിരിയുന്ന കാറ്റിന് മറ്റൊരു സന്ദേഹം-ശിവഗിരി പുണ്യതീർത്ഥം അക്ഷരക്കുമ്പിളിൽ പകരുന്ന അവ്യയാനന്ദ സ്വാമിക്കെത്ര വയസായി? പിറവിക്കണക്ക് സപ്തതിയിലേക്ക് വിരൽചൂണ്ടിയെന്നു വരാം. പക്ഷെ ആ പ്രകൃതവും സുകൃതവും അതിനോട് വിയോജിക്കും.

ഗുരുപ്രചരണം ജീവിതവ്രതമാക്കിയ എത്രയോ ശ്രേഷ്ഠർ നമുക്കു ചുറ്റുമുണ്ട്. സ്വാമി സച്ചിദാനന്ദ, സ്വാമി ഋതംഭരാനന്ദ, മുനിനാരായണപ്രസാദ്, സ്വാമി ഗുരുപ്രസാദ്, സ്വാമി സൂക്ഷ്‌മാനന്ദ, സ്വാമി സാന്ദ്രാനന്ദ, സ്വാമി വിശാലാനന്ദ, സ്വാമി ബോധിതീർത്ഥ, സ്വാമി ശങ്കരാനന്ദ.... ആ പട്ടിക നീണ്ടുപോകുന്നു.

ദൈവദശകം രചനാ ശതാബ്ദിയോടനുബന്ധിച്ച് ശിവഗിരിയിൽ നിന്നു തുടങ്ങിയ യൂറോപ്യൻ പര്യടനം, അമേരിക്ക, ആസ്ട്രേലിയ, ചൈന എന്നീ രാജ്യങ്ങളിലേക്കുള്ള യാത്രകൾ എന്നിവ ഗുരുദേവ കൃതികളുമായും ഗുരു വിഭാവനം ചെയ്ത ജീവിതചര്യകളുമായും അടുത്തിടപഴകാൻ സഹായിച്ചു.

അക്ഷര യാത്രകളിലൂടെയുള്ള ഉറ്റബന്ധമാണ് സ്വാമി അവ്യയാനന്ദയുമായുള്ളത്. കേരളകൗമുദി ഞായറാഴ്ച പതിപ്പിലും ഓണപ്പതിപ്പിലും വന്നിട്ടുള്ള അദ്ദേഹത്തിന്റെ രചനകൾ ലാളിത്യശോഭയുള്ളവ. ഋഷികവിയായ തിരുവള്ളുവർ സന്യാസമഹിമയെക്കുറിച്ച് പറയുന്നുണ്ട്. പഞ്ചേന്ദ്രിയ നിഗ്രഹം സാധിച്ച് മഹത്വം നേടിയ ഋഷീശ്വരന്മാരാണ് ലോകത്തെ എക്കാലവും നയിച്ചുപോരുന്നതെന്നും തിരുക്കുറളിൽ വർണിക്കുന്നു. ഏതാണ്ട് രണ്ടുവർഷക്കാലം താൻ തപസിലായിരുന്നുവെന്ന് 'ശിവഗിരി നമ്മുടെ പുണ്യതീർത്ഥം" എന്ന ഗ്രന്ഥത്തിന്റെ ആമുഖത്താഴ്‌‌വരയിൽ നിന്ന് സ്വാമി അവ്യയാനന്ദ വിളംബരം ചെയ്യുന്നു. അത്യാവശ്യത്തിനു മാത്രം വാക്കുകൾ. ദുഷിക്കാത്ത ഭാഷയും ഭാവവും.

ശിവഗിരി തീർത്ഥാടനവേളയിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ സ്വാമി അവ്യയാനന്ദയുടെ 'ശിവഗിരിയുടെ പുണ്യതീർത്ഥം" പ്രകാശനം ചെയ്തത്. മഹാകവി കുമാരനാശാന്റെ ദേഹവിയോഗത്തിന്റെ ശതാബ്ദിയോടനുബന്ധിച്ച് ശിവഗിരി മഠം സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുത്തപ്പോഴാണ് സ്വാമി അവ്യയാനന്ദയുടെ കൈയൊപ്പോടെയുള്ള പുസ്തകം കിട്ടിയത്. പുസ്തകത്തിലൂടെ സഞ്ചരിച്ചപ്പോൾ ഒരു കാര്യം വ്യക്തമായി. സ്വാമിയുടെ മനസിൽ മുനിയും കവിയും മത്സര ഓട്ടത്തിലാണ്. ശ്രീനാരായണ ഗുരുവിന്റെ കൃതികൾ കടഞ്ഞെടുത്ത അമൃതകണങ്ങൾ ആ കാവ്യമനസിലുണ്ട്. പലേടത്തും കവിതയുടെ കൈത്തോടുകൾ നിറഞ്ഞൊഴുകുന്നു. ശുദ്ധവിമർശനത്തിന്റെ തെളിമയും നുരയിടുന്ന നർമ്മവും ആ ശൈലിയെ സുന്ദരമാക്കുന്നു. കഥയിലും നോവലിലുമൊക്കെ എഴുത്തച്ഛന്റെ പാദമുദ്ര‌കളെ പൂജിക്കുന്ന പ്രശസ്ത എഴുത്തുകാരൻ സി. രാധാകൃഷ്ണന്റെ അവതാരിക. സ്വാമി സച്ചിദാനന്ദ, സ്വാമി ശുഭാംഗാനന്ദ എന്നിവരുടെ അനുഗ്രഹവചസുകളുമുണ്ട്.

മൊഴിഞ്ഞ വാക്കുകളിലും മൊഴിയാത്തതിലും ദൈവമുണ്ട്. അതു തിരിച്ചറിയുന്നവർ കുറവാണ്. വാചാലനെക്കാൾ മൗനം ഭജിക്കുന്നവർ ആ പൊരുൾ തിരിച്ചറിയും. അങ്ങനെ ജീവിതം ഈശ്വരനും അക്ഷരങ്ങൾക്കുമായി സ്വാമി അവ്യയാനന്ദ സമർപ്പിക്കുന്നു. ശിവഗിരി ചുറ്റിവരുന്ന ആത്മീയ സൗരഭമുള്ള കാറ്റിനിപ്പോൾ ചോദ്യങ്ങളില്ല. സന്ദേഹങ്ങളില്ല. സകല ലോകത്തിനും അതു മംഗളാശംസ നേർന്നൊഴുകുന്നു. ആ ആശംസാപരമ്പരയിൽ അവ്യയാനന്ദ സ്വാമിക്കുള്ള സപ്തതിയാശംസയുമുണ്ട്.