aug

ഗുവാഹത്തി: മുസ്ലിം സമാജികർക്ക് വെള്ളിയാഴ്‌ച നമസ്കാരത്തിനുള്ള രണ്ട് മണിക്കൂർ ഇടവേള ഒഴിവാക്കി അസാം നിയമസഭ. അടുത്ത സമ്മേളനം മുതൽ നടപ്പാക്കുമെന്നും ഇനി മുതൽ എം.എൽ.എമാർക്ക് രണ്ടു മണിക്കൂർ ഇടവേളയുണ്ടാകില്ലെന്നും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ അറിയിച്ചു. കൊളോണിയൽ ഭരണത്തിന്റെ ശേഷിപ്പ് ഒഴിവാക്കുന്നതിന്റെയും കൂടുതൽ ക്രിയാത്മക പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകുന്നതിന്റെയും ഭാഗമാണെന്നാണ് വിശദീകരണം. 1937ൽ മുസ്ലിം ലീഗിന്റെ സയ്യിദ് സാദുല്ലയാണ് സമ്പ്രദായം തുടങ്ങിയത്. ചരിത്രപരമായ തീരുമാനത്തിന് സ്പീക്കർ ബിശ്വജിത്ത് ദൈമരിക്കും എം.എൽ.എമാർക്കും ഹിമന്ത നന്ദി അറിയിക്കുകയും ചെയ്തു.

സ്പീക്കർ വിളിച്ചുചേർത്ത യോഗത്തിലാണ് തീരുമാനം എടുത്തത്. തീരുമാനം ഏകകണ്ഠമായിരുന്നുവെന്ന് ബി.ജെ.പി എം.എൽ.എ ബിശ്വജിത്ത് ഫുകൻ അറിയിച്ചു. ലോക്സഭയിലോ രാജ്യസഭയിലോ മറ്റ് സംസ്ഥാന നിയമസഭകളിലോ ഇത്തരം ഇടവേളയില്ലെന്ന് മനസിലായി. അതുകൊണ്ടാണ് ബ്രിട്ടീഷ് ഭരണകാലത്തെ നിയമം അവസാനിപ്പിക്കാൻ തീരുമാനിച്ചതെന്നും അദ്ദേഹം അറിയിച്ചു. തിങ്കൾ മുതൽ വ്യാഴം വരെ നിയമസഭ രാവിലെ 9.30നാണ് ആരംഭിച്ചിരുന്നത്.

വെള്ളിയാഴ്ച ഒമ്പതിന് ആരംഭിച്ച് 12 മുതൽ രണ്ടുമണിവരെ നിറുത്തിവയ്ക്കും. ഇനിമുതൽ വെള്ളിയാഴ്ചകളിലും 9.30നാവും നിയമസഭ ആരംഭിക്കുക.

കഴിഞ്ഞദിവസം മുസ്ലിം വിവാഹങ്ങളുടേയും വിവാഹമോചനങ്ങളുടേയും രജിസ്‌ട്രേഷൻ നിർബന്ധമാക്കി അസാം നിയമസഭ പാസാക്കിയിരുന്നു.