മുംബയ്: ലാൻഡ് റോവർ കാർ കമ്പനിക്കെതിരെ കോടികളുടെ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് ബോളിവുഡ് നടി. കാറിലെ വിവിധ തകരാറുകൾ തനിക്ക് മാനസിക ബുദ്ധിമുട്ടുണ്ടാക്കുന്നതായും അതിനാൽ 50 കോടി രൂപ കമ്പനി നൽകണമെന്നുമാണ് ബോളിവുഡ് നടി റിമി സെൻ ആവശ്യപ്പെടുന്നത്.
2020ൽ 92 ലക്ഷം രൂപ നൽകിയാണ് റിമി സെൻ ലാൻഡ് റോവർ കാർ വാങ്ങിയത്. സതീഷ് മോട്ടോഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിൽ നിന്നാണ് നടി കാർ വാങ്ങിയത്. 2023 ജനുവരി വരെ കാറിന് വാറന്റി ഉണ്ടായിരുന്നു. കൊവിഡ് വ്യാപനവും തുടർന്നുവന്ന ലോക്‌ഡൗണുകളും കാരണം നടിയ്‌ക്ക് ആദ്യകാലത്ത് കാർ ഉപയോഗിക്കാൻ സാധിച്ചില്ല. പിന്നീട് ലോക്‌ഡൗൺ മാറിയശേഷം വാഹനം
ഉപയോഗിച്ച് തുടങ്ങിയപ്പോൾ നിരവധി തകരാറുകൾ കാറിനുണ്ടായി. സൺറൂഫിന്റെ ശബ്‌ദവും സൗണ്ട് സിസ്‌റ്റത്തിലെയും റിയർ എൻഡ് ക്യാമറയിലെ പ്രശ്‌നങ്ങളും കാരണമാണ് നടിയ്‌ക്ക് ബുദ്ധിമുട്ടുണ്ടായത്.
2022 ഓഗസ്റ്റ് 25ന് റിയർ ക്യാമറ പ്രവർത്തിക്കാത്തതിനാൽ കാർ ഒരു തൂണിലേക്ക് ഇടിച്ചുകയറിയതായി നടി ആരോപിക്കുന്നു. പ്രശ്‌നങ്ങളെക്കുറിച്ച് കമ്പനിയെ പരാതി അറിയിച്ചെങ്കിലും കമ്പനി തെളിവുചോദിക്കുകയും താൻ പറഞ്ഞ പ്രശ്‌നങ്ങൾ തള്ളുകയും ചെയ്‌തു എന്ന് നടി പരാതിപ്പെടുന്നു. കാറിന് നിർമ്മാണത്തിൽ തകരാറുണ്ടെന്നും പത്ത് തവണയെങ്കിലും റിപ്പയർ ചെയ്യാൻ അയച്ചതായും നടി പറയുന്നു. പ്രശ്‌നമുള്ള കാറിന് നഷ്‌ടപരിഹാരമായി 50 കോടി രൂപ വേണമെന്നും നിയമസഹായം തേടിയതിന് 10 ലക്ഷം രൂപ നൽകണമെന്നും മറ്റൊരു കാർ നൽകണമെന്നും നടി പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്.