two-wheeler

തിരുവനന്തപുരം: ട്രാഫിക് ബ്ലോക്കിനിടെ നിരവധി ഇരുചക്ര വാഹന യാത്രക്കാർ ഫുട്‌പാത്തിലൂടെ സഞ്ചരിക്കുന്നത് പതിവാണ്. ഇങ്ങനെയുള്ള ശീലം നിങ്ങൾക്കുണ്ടെങ്കിൽ ഉടൻ പണികിട്ടും. ഇത്തരം നിയമ ലംഘനങ്ങൾ പിടികൂടാനുള്ള ഒരുക്കത്തിലാണ് കേരള പൊലീസ്. ഇത് സംബന്ധിച്ച് വീഡിയോയും കേരള പൊലീസ് സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. സ്റ്റേറ്റ് പൊലീസ് മീഡിയ സെന്റർ അക്കൗണ്ടിൽ പങ്കുവച്ച ഈ വീഡിയോയിൽ ഫുട്‌പാത്തിലൂടെ ഓടിച്ചുപോകുന്ന ഇരുചക്ര വാഹനങ്ങളെയാണ് കാണിക്കുന്നത്.

ഇതുസംബന്ധിച്ച് പൊതുജനങ്ങൾക്കുള്ള പരാതികൾ 9747001099 എന്ന വാട്‌സാപ്പ് നമ്പറിൽ അറിയിക്കാമെന്നും വീഡിയോയിലൂടെ അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം വാഹനങ്ങളുടെ ഫോട്ടോ അല്ലെങ്കിൽ വീഡിയോ, തീയതി, സമയം, സ്ഥലം, ജില്ല എന്നിവയും പരാതിയോടൊപ്പം ചേർക്കണമെന്നും പൊലീസ് വ്യക്തമാക്കി.

നടപ്പാതകൾ കാൽനടയാത്രക്കാർക്ക് മാത്രം ഉപയോഗിക്കാനുള്ളതാണ്. വാഹനങ്ങൾ ഈ വഴിയിലൂടെ കയറുന്നത് കാൽനടയാത്രക്കാരുടെ ഫുട്പാത്തിലൂടെയുള്ള യാത്ര അപകടകരമാക്കും. കൂടാതെ ടൂവീലർ ഈ വഴി പോകുമ്പോൾ അപകടത്തിൽപ്പെട്ട് റോഡിൽ വീണാൽ രണ്ടുപേർക്കും പരിക്കേൽക്കും. മാത്രമല്ല, മോട്ടോർ വാഹനങ്ങൾ സഞ്ചരിക്കുന്നത് മൂലം ഫുട്പാത്തിലെ ഇന്റർലോക്ക് ടൈലുകൾ തകരുന്നതും പലയിടത്തും പതിവാണ്.

പൊതുനിരത്തിൽ വാഹനം ഓടിക്കുമ്പോൾ അങ്ങേയറ്റം ശ്രദ്ധയും സംയമനവും പാലിക്കേണ്ടത് അത്യാവശ്യമാണ്. അശ്രദ്ധമായ ഡ്രൈവിംഗ് വാഹനത്തിലെ യാത്രക്കാർക്കും ഡ്രൈവർക്കും മാത്രമല്ല, നിരത്തിലെ മറ്റ് യാത്രക്കാർക്കും അപകടമുണ്ടാക്കുമെന്നും പൊലീസ് പൊതുജനങ്ങളെ അറിയിച്ചു. ഉത്തരവാദിത്തത്തോടെ വാഹനമോടിക്കാനും റോഡുകളിലെ സുരക്ഷ ഉറപ്പാക്കാൻ ട്രാഫിക് നിയമങ്ങളും ചട്ടങ്ങളും എപ്പോഴും പാലിക്കാനും യാത്രികർ ശ്രദ്ധിക്കേണ്ടതാണ്.