ഏപ്രിൽ മുതൽ ജൂൺ വരെ ആഭ്യന്തര മൊത്തം ഉത്പാദനത്തിലെ വളർച്ച 6.7 ശതമാനമായി താഴ്ന്നു
കൊച്ചി: നടപ്പു സാമ്പത്തിക വർഷത്തിലെ ആദ്യ ത്രൈമാസക്കാലയളവിൽ ഇന്ത്യയുടെ ആഭ്യന്തര മൊത്തം ഉത്പാദനത്തിലെ(ജി.ഡി.പി) വളർച്ച 6.7 ശതമാനമായി കുറഞ്ഞു. മുൻവർഷം ഇതേകാലയളവിൽ വളർച്ച 8.2 ശതമാനമായിരുന്നു. ഇക്കാലയളവിൽ വളർച്ച 7.2 ശതമാനമാകുമെന്നാണ് റിസർവ് ബാങ്ക് പ്രവചിച്ചിരുന്നത്.
കാർഷിക മേഖലയിലെ തളർച്ചയാണ് ഇത്തവണ തിരിച്ചടിയായത്. പൊതുതിരഞ്ഞെടുപ്പായതിനാൽ കേന്ദ്ര സർക്കാരിന്റെ മൂലധന ചെലവ് കുറഞ്ഞതും പ്രതികൂലമായി.
കാർഷിക ഉത്പാദനത്തിലെ വളർച്ച 3.7 ശതമാനത്തിൽ നിന്നും ഇത്തവണ രണ്ട് ശതമാനമായി താഴ്ന്നു. അതേസമയം മാനുഫാക്‌ചറിംഗ് രംഗത്തെ വളർച്ച മുൻവർഷം ഇതേകാലയളവിലെ അഞ്ച് ശതമാനത്തിൽ നിന്ന് ഏഴ് ശതമാനമായി ഉയർന്നു. ഖനന, വൈദ്യുതി ഉത്പാദന മേഖലകളും നിരാശ സൃഷ്‌ടിച്ചു. പതിനഞ്ച് മാസത്തിനിടെയിലെ ഏറ്റവും കുറഞ്ഞ വളർച്ച നിരക്കാണ് ഇത്തവണ ജി.ഡി.പിയിലുണ്ടായത്.
വളർച്ചാ നിരക്കിൽ ഇന്ത്യ തന്നെ മുന്നിൽ
ലോകത്തിലെ ഏറ്റവും മികച്ച വളർച്ച നേടുന്ന രാജ്യമെന്ന പദവി ഏപ്രിൽ-ജൂൺ കാലയളവിലും ഇന്ത്യ നിലനിറുത്തി. ഇക്കാലയളവിൽ ചൈനയുടെ വളർച്ച നിരക്ക് 4.7 ശതമാനമായിരുന്നു. ഇന്ത്യൻ സാമ്പത്തിക മേഖലയിൽ ദൃശ്യമായ തളർച്ച താത്കാലികം മാത്രമാണെന്ന് ധനകാര്യ വിദഗ്ദ്ധർ പറയുന്നു. കേന്ദ്ര സർക്കാർ വിവിധ പദ്ധതികളിലൂടെ അധിക നിക്ഷേപം നടത്തുന്നതും സാധാരണയിലും മികച്ച കാലവർഷം ലഭിച്ചതും ഗ്രാമീണ, കാർഷിക മേഖലയിൽ വലിയ ഉണർവ് സൃഷ്ടിക്കുമെന്ന് വിലയിരുത്തുന്നു.
വായ്പ പലിശ കുറയും
നാണയപ്പെരുപ്പം ഗണ്യമായി കുറഞ്ഞതിനൊപ്പം സാമ്പത്തിക മേഖല തളർച്ചയിലേക്ക് നീങ്ങുന്നതും കണക്കിലെടുത്ത് ഒക്ടോബറിൽ നടക്കുന്ന ധന അവലോകന യോഗത്തിൽ മുഖ്യ പലിശ നിരക്കിൽ കുറവ് വരുത്താൻ അനുകൂല സാഹചര്യം ഒരുങ്ങുകയാണ്. അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലെ കേന്ദ്ര ബാങ്കുകളുടെ ചുവടുപിടിച്ച് റിസർവ് ബാങ്കും റിപ്പോ നിരക്ക് കാൽ ശതമാനം കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ധനകമ്മി താഴുന്നു
ഏപ്രിൽ മുതൽ ജൂലായ് വരെയുള്ള നാല് മാസത്തിൽ ഇന്ത്യയുടെ ധനകമ്മി മൊത്തം ലക്ഷ്യത്തിന്റെ 17.2 ശതമാനമായി താഴ്‌ന്നു. മുൻവർഷമിത് 33.9 ശതമാനമായിരുന്നു. ഇക്കാലയളവിൽ ധനകമ്മി 1.61 ലക്ഷം രൂപയാണ് ധനകമ്മി.