ധാക്ക: ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 100 കടന്നു. കൊലപാതകം ഉൾപ്പെടെയുള്ള ഗുരുതര കേസുകളാണുള്ളത്. അവാമി ലീഗിന്റെ നേതൃത്വത്തിലുള്ള സർക്കാരിന്റെ പതനത്തിന് ശേഷം ആഗസ്റ്റ് 13ന് ധാക്കയിലാണ് ഹസീനയ്‌ക്കെതിരെ ആദ്യ കേസ് ഫയൽ ചെയ്തത്. അതിനിടെ, അഴിമതി ആരോപണങ്ങളുമായി ബന്ധപ്പെട്ട് 14 മുൻ അവാമി ലീഗ് മന്ത്രിമാർക്കും നിയമസഭാംഗങ്ങൾക്കും ധാക്ക കോടതി യാത്രാ വിലക്ക് ഏർപ്പെടുത്തി. മുൻ സാമൂഹികക്ഷേമ മന്ത്രി ദിപു മോനി, മുൻ ആരോഗ്യമന്ത്രി സാഹിദ് മാലിക്ക്, മുൻ വിദ്യാഭ്യാസ മന്ത്രി മൊഹിബുൽ ഹസൻ ചൗധരി, മുൻ ഭക്ഷ്യമന്ത്രി സധൻ ചന്ദ്ര മജുംദാർ, മുൻ വ്യവസായ മന്ത്രി നൂറുൽ മജീദ് മഹ്മൂദ് ഹുമയൂൺ, മുൻ വ്യവസായ സഹ മന്ത്രി കമാൽ അഹമ്മദ് മജുംദാർ എന്നിവർക്കെതിരെയാണ് യാത്രാവിലക്ക് പുറപ്പെടുവിച്ചത്.