arrest-

ലക്നൗ : ഉത്തർപ്രദേശിലെ ഫറൂഖാബാദിൽ ദളിത് പെൺകുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ടുപേരെ അറസ്റ്റ് ചെയ്തു. ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്.

കഴി‍ഞ്ഞ ചൊവ്വാഴ്‌ചയാണ് 15ഉം 16ഉം വയസുള്ള പെൺകുട്ടികളെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബാംഗങ്ങളുടെ പരാതിയിലാണ് പവൻ,​ ദീപക് എന്നിവരെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിന് ശേഷം ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. സംഭവത്തിന് മുൻപ് പ്രതികളുമായി പെൺകുട്ടികൾ സംസാരിച്ചിരുന്നതായും എഫ്.ഐ.ആറിൽ പറയുന്നു.

തൊട്ടുത്ത വീടുകളിൽ താമസിച്ചിരുന്ന പെൺകുട്ടികൾ ഉറ്റസുഹൃത്തുക്കളായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച ജന്മാഷ്ടമിയോടനുബന്ധിച്ച് രാത്രി 10 മണിയോടെ പെൺകുട്ടികൾ അടുത്തുള്ള ക്ഷേത്രത്തിൽ പോയിരുന്നു. പിന്നീട് ഇവരെ രണ്ട് ഷാളുകൾ കൂട്ടിക്കെട്ടി മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇളയ പെൺകുട്ടിയുടെ വസ്ത്രത്തിൽ നിന്ന് ഒരും സിംകാ‌ർഡ് ലഭിച്ചിരുന്നു. അന്വേഷണത്തിൽ അത് ദീപക്കിന്റെയെന്ന് തെളിഞ്ഞു. പെൺകുട്ടികൾ ഈ സിം കാർഡ് ഉപയോഗിച്ച് മണിക്കൂറുകളോളം പ്രതികളുമായി സംസാരിച്ചിരുന്നു. പിന്നീട് സിം നീക്കം ചെയ്ത് കോൾ ലിസ്റ്റ് ഡിലീറ്റ് ചെയ്തിരുന്നുവെന്നും പൊലീസ് പറഞ്ഞു.

ദീപകും പവനും കുട്ടികളെ ഉപദ്രവിക്കുമായിരുന്നെന്ന് പെൺകുട്ടിയുടെ പിതാവ് പരാതിയിൽ ആരോപിച്ചിട്ടുണ്ട്. പോസ്റ്റ്മോർ‌ട്ടത്തിൽ പെൺകുട്ടികളുടേത് ആത്മഹത്യയാണെന്ന് സ്ഥിരീകരിച്ചിരുന്നു. രണ്ട് പെൺകുട്ടികളുടെ ശരീരത്തിൽ പരിക്കുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിൽ വ്യാപകമായ പ്രതിഷേധവും ഉയർന്നിരുന്നു.