kerala

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ പുതിയ തീരുമാനത്തില്‍ ആശ്വാസം സാധാരണക്കാരന്. ഫ്രണ്ട് യാര്‍ഡില്‍ ഇളവ് പ്രഖ്യാപിച്ചതോടെ നഗര മേഖലകളില്‍ ഒരു വീടെന്ന സാധാരണക്കാരന്റെ സ്വപ്‌നം യാഥാര്‍ത്ഥ്യമാകുകന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങളെത്തുക. വലിയ വില നല്‍കേണ്ട നഗരങ്ങളിലെ ഭൂമിയില്‍ കുറഞ്ഞ അളവില്‍ ഭൂമി വാങ്ങി ചെറിയ വീട് നിര്‍മ്മിക്കുകയെന്നതാണ് സാധാരണക്കാര്‍ ലക്ഷ്യമിടുക. എന്നാല്‍ പ്രധാന റോഡില്‍ നിന്ന് പാലിക്കേണ്ട ദൂരത്തില്‍ കുറവ് വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതാണ് സാധാരണക്കാരന് ഗുണകരമാകുന്നത്.

നഗരങ്ങളില്‍ ചെറിയ അളവില്‍ ഭൂമിയുള്ളവര്‍ക്ക് അത് വില്‍പ്പന നടത്തുകയെന്നത് വലിയ പ്രതിസന്ധിയായിരുന്നു. എന്നാല്‍ പുതിയ സാഹചര്യത്തില്‍ വില്‍പ്പനയ്ക്ക് വയ്ക്കുന്ന ഭൂമി വാങ്ങാനും അവിടെ വീട് നിര്‍മിച്ച് താമസിക്കാനും കൂടുതല്‍ ആളുകള്‍ താത്പര്യപ്പെടുമെന്നതാണ് സാധാരണക്കാരനുണ്ടാകുന്ന നേട്ടം.കോര്‍പ്പറേഷന്‍,മുന്‍സിപ്പല്‍ പ്രദേശത്ത് രണ്ടു സെന്റ് വരെയുള്ള ഭൂമിയില്‍ നിര്‍മ്മിക്കുന്ന 100ചതുരശ്ര മീറ്റര്‍ വരെയുള്ള വീടുകള്‍ക്ക് ഫ്രണ്ട് യാര്‍ഡില്‍ ഇളവ് നല്‍കിക്കൊണ്ടാണ് സര്‍ക്കാര്‍ തീരുമാനം.

മുന്നില്‍ 3മീറ്റര്‍ വരെയുള്ള വഴിയാണെങ്കില്‍ ഫ്രണ്ട് യാര്‍ഡ് സെറ്റ് ബാക്ക് ഒരു മീറ്ററായി കുറച്ച് ചട്ട ഭേദഗതിവരുത്താനാണ് തീരുമാനം. താമസിക്കാന്‍ വേറെ ഭൂമിയില്ലാത്ത കുടുംബങ്ങള്‍ക്കാണ് നിബന്ധനകള്‍ക്കു വിധേയമായി ഇളവ് അനുവദിക്കുക. തിരുവനന്തപുരം കോര്‍പ്പറേഷന്‍ അദാലത്തില്‍ പരാതിയുമായി എത്തിയ നേമം സ്വദേശികളായ നാഗരാജന്റെയും കെ.മണിയമ്മയുടെയും പരാതി തീര്‍പ്പാക്കിക്കൊണ്ടാണ് മന്ത്രി എം.ബി. രാജേഷ് തീരുമാനമെടുത്തത്.

നഗരങ്ങളിലെ ചെറിയ പ്ലോട്ടുകളില്‍ ചെറിയ വീട് നിര്‍മ്മിച്ച് ഇനിയും വീട് നമ്പര്‍ ലഭിക്കാത്ത ആയിരക്കണക്കിന് ആളുകള്‍ക്ക് ചട്ടഭേദഗതി ഗുണകരമാകുമെന്ന് മന്ത്രി പറഞ്ഞു.നിലവില്‍ വലിയ പ്ലോട്ടുകള്‍ക്ക് 2 മീറ്ററും, 3 സെന്റില്‍ താഴെയുള്ള പ്ലോട്ടുകള്‍ക്ക് 1.8 മീറ്ററുമായിരുന്നു നിലവില്‍ റോഡില്‍ നിന്നുള്ള ഫ്രണ്ട് സെറ്റ്ബാക്ക് നിശ്ചയിച്ചിരുന്നത്. കെട്ടിടനിര്‍മ്മാണ ചട്ടം 2019 റൂള്‍ 26(4), 28(3) ഭേദഗതി വരുത്തി ഇളവ് നല്‍കാനാണ് അദാലത്തില്‍ തീരുമാനമെടുത്തത്.