ടെൽ അവീവ്: പോളിയോ വാക്സിൻ നൽകുന്നതിനായി ഭാഗിക വെടിനിറുത്തലിന് ഇസ്രയേൽ തയ്യാറായെന്ന് ലോകാരോഗ്യ സംഘടന. നാളെ മുതൽ സെപ്തംബർ 3 വരെയായിരിക്കും വെടിനിറുത്തലുണ്ടാവുക. ക്യാമ്പയിന്റെ ഭാഗമായി 1.2 ദശലക്ഷം വാക്‌സിൻ ഡോസുകൾ ഇതിനകം ഗാസയിൽ എത്തിച്ചെന്ന് അധികൃതർ അറിയിച്ചു. ആറര ലക്ഷം കുട്ടികൾക്കാണ് വാക്സിൻ നൽകുക. ഏഴായിരത്തോളം ആരോഗ്യ പ്രവർത്തകരെ നിയോഗിച്ച് വാക്സിൻ വിതരണം ചെയ്യാനാണ് ശ്രമം.
വാക്സിനേഷൻ കൃത്യമായി നടക്കാത്തതിനാൽ ഗാസയിൽ രോഗങ്ങൾ പടർന്നു പിടിക്കാൻ സാദ്ധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിരുന്നു. തുടർന്ന് വെടിനിറുത്തലിനായി ഇസ്രയേലുമായി നടത്തിയ ചർച്ചയിൽ തീരുമാനിക്കുകയായിരുന്നു. ആദ്യം മദ്ധ്യ ഗാസ, തുടർന്നു തെക്കൻ ഗാസയിലും വടക്കൻ ഗാസയിലും മൂന്നു ദിവസം രാവിലെ 6 മുതൽ ഉച്ചകഴിഞ്ഞ് 3 വരെയാണു വെടിനിറുത്തൽ. ഗാസയിൽ മേഖല തിരിച്ചാവും വെടിനിറുത്തലെന്ന് ഗസയിലെ പ്രതിനിധി റിക്ക് പീപെർകോൺ അറിയിച്ചു. പത്ത് വയസ്സിൽ താഴെയുള്ള ഏകദേശം 6.40 ലക്ഷം കുട്ടികൾക്ക് വാക്സിൻ നൽകാനാണ് ലക്ഷ്യമിടുന്നതെന്നും സംഘടന അറിയിച്ചു. ഞായറാഴ്ചക്കുള്ളിൽ വാക്സിൻ നൽകുന്നതിന് ആവശ്യമായ സജ്ജീകരണങ്ങൾ ഗാസയിലെത്തിക്കുമെന്നും റിക്ക് പീപെർകോൺ പറഞ്ഞു. 25 വർഷത്തിന് ശേഷമാണ് കഴിഞ്ഞ ദിവസം ഗാസയിൽ പോളിയോ റിപ്പോർട്ട് ചെയ്യപ്പെട്ടത്. പല രാജ്യങ്ങളും നിർമാർജ്ജനം ചെയ്ത പോളിയോ വീണ്ടും ഉണ്ടായതിൽ സംഘടന ആശങ്ക പ്രകടിപ്പിച്ചിരുന്നു. അടിയന്തരമായി കുട്ടികൾക്ക് പോളിയോ വാക്സിൻ നൽകണമെന്നും ഡബ്ല്യു.എച്ച്.ഒ ആവശ്യപ്പെട്ടു.
ഹമാസ് നേതാവ്
കൊല്ലപ്പെട്ടു
ഇസ്രയേൽ ആക്രമണം കടുപ്പിച്ച വെസ്റ്റ്ബാങ്കിൽ ഇന്നലെ പാലസ്തീൻ സായുധ ഗ്രൂപ്പായ ഹമാസിന്റെ തലവനെയും രണ്ട് തീവ്രവാദികളേയും കൊന്നതായി സൈന്യം അറിയിച്ചു. മൂന്ന് ദിവസമായി ഇവിടെ ഓപ്പറേഷൻ തുടരുകയാണ്. ജെനിന് തെക്ക് കിഴക്കുള്ള സബാബ്‌ദെ പട്ടണത്തിന് സമീപം ഒറ്റരാത്രികൊണ്ട് മൂന്ന് പേർ കൊല്ലപ്പെട്ടതായി പാലസ്തീൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. നഗരത്തിലെ അഭയാർത്ഥി ക്യാമ്പുകളിലെ കെട്ടിടങ്ങൾക്ക് കേടുപാടുകൾ വരുത്തിയതിനെ തുടർന്ന് ഇസ്രയേൽ സൈന്യം തുൽക്കറിൽ നിന്ന് പിൻവാങ്ങിയതായും പാലസ്തീൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ ഇസ്രയേൽ വെസ്റ്റ്ബാങ്കിൽ നടത്തിയ ആക്രമണത്തിൽ 19 പേർ കൊല്ലപ്പെട്ടു. ഒരേസമയം നാല് നഗരങ്ങളിലാണ് ഇസ്രയേൽ ആക്രമണം നടത്തിയത്. ജനവാസ മേഖലകളിൽ ഇസ്രയേൽ കൂട്ടക്കുരുതി നടത്തുകയാണെന്ന് പലസ്തീൻ ആരോപിച്ചു. എന്നാൽ തീവ്രവാദ വിരുദ്ധ ഓപ്പറേഷനാണെന്നാണ് തങ്ങൾ നടത്തിയതെന്നാണ് ഇസ്രയേലിന്‍റെ വിശദീകരണം.
യു.എൻ കണക്കുകൾ പ്രകാരം 128 പാലസ്തീനികളാണ് വെസ്റ്റ് ബാങ്കിൽ ഒക്ടോബർ 7നു ശേഷം കൊല്ലപ്പെട്ടത്. ഇതിൽ 26 കുട്ടികളും ഉൾപ്പെടുമെന്ന് യു.എൻ വിശദമാക്കിയിട്ടുണ്ട്. 2023 ഒക്ടോബർ 7ന് തുടങ്ങിയ ഇസ്രയേൽ ആക്രമണം 10 മാസം പിന്നിടുമ്പോൾ ഗാസയിൽ 40,476 പേർക്ക് മരണപ്പെട്ടു. 93,647 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്ന് കണക്കുകൾ പറയുന്നു. ഹമാസിന്റെ നിയന്ത്രണത്തിലുള്ള ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കി റിപ്പോർട്ട് പുറത്തിറക്കിയത്.