mukesh

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ ലൈംഗിക ആരോപണം നേരിടുന്ന നടനും കൊല്ലം എംഎല്‍എയുമായ എം. മുകേഷ് കൊച്ചിയിലെത്തി. എംഎല്‍എ ബോര്‍ഡ് നീക്കം ചെയ്ത കാറിലാണ് അദ്ദേഹം തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് യാത്ര ചെയ്തത്. യാത്രയിലുടനീളം പൊലീസിന്റെ സുരക്ഷയും ഉണ്ടായിരുന്നു എംഎല്‍എക്ക്. ലൈംഗിക പീഡനക്കേസുമായി ബന്ധപ്പെട്ട കൂടുതല്‍ നിയമനടപടികള്‍ സ്വീകരിക്കുന്നതിനും ഇക്കാര്യം അഭിഭാഷകനുമായി ചര്‍ച്ച ചെയ്യുന്നതിനുമാണ് അദ്ദേഹം കൊച്ചിയിലെത്തിയത്.

എറണാകുളത്തെ സ്വന്തം ഫ്‌ളാറ്റിലേക്കും പോകാതെയാണ് മുകേഷ് അഭിഭാഷകന്‍ ജിയോ പോളിനെ സന്ദര്‍ശിച്ചത്. കഴിഞ്ഞ ദിവസം മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി മുകേഷിന് വേണ്ടി കോടതിയില്‍ ഹാജരായതും ജിയോ പോള്‍ ആയിരുന്നു. മുകേഷിനെതിരെ ആരോപണം ഉന്നയിച്ച നടി ബ്ലാക്ക്‌മെയില്‍ ചെയ്തിരുന്നുവെന്നും ഇതിന്റെ തെളിവുകള്‍ തന്റെ കൈവശമുണ്ടെന്നും എംഎല്‍എ മുമ്പ് പറഞ്ഞിരുന്നു. പണം ആവശ്യപ്പെട്ടിട്ടും നല്‍കാത്തതിലെ പ്രതികാരമാണ് ആരോപണത്തിന് പിന്നിലെന്നാണ് മുകേഷ് മുമ്പ് പ്രതികരിച്ചത്.

പൊലീസ് ബലാത്സംഗ കേസ് എടുത്തതോടെ മുകേഷ് രാജിവെക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ സംഘടനകള്‍ രംഗത്തുണ്ട്. മുകേഷ് ഏതുതരത്തിലുള്ള അന്വേഷണവുമായി സഹകരിക്കാനും പൂര്‍ണമായും തയ്യാറാണ്. നാളെ വേണമെങ്കില്‍ നാളെത്തന്നെ അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകാനും മൊഴി നല്‍കാനും, ചോദ്യം ചെയ്യലിന് ഹാജരാകാനും മുകേഷ് തയ്യാറാണെന്നും നേരത്തെ മുകേഷിന്റെ അഭിഭാഷകന്‍ ജിയോ പോള്‍ പറഞ്ഞിരുന്നു.

അതേസമയം, സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് തിരുവനന്തപുരത്ത് ചേര്‍ന്നിരുന്നു. മുകേഷ് രാജിവെക്കേണ്ടതില്ലെന്ന നിലപാടായിരുന്നു സിപിഎമ്മിന്. ഈ വിഷയം ചര്‍ച്ച ചെയ്തിട്ടില്ലെന്നാണ് പാര്‍ട്ടി സെക്രട്ടറി എം.വി ഗോവിന്ദന്‍ പ്രതികരിച്ചത്. അതേസമയം എംഎല്‍എ സ്ഥാനത്ത് നിന്ന് മുകേഷ് മാറി നില്‍ക്കണമെന്ന ആവശ്യമാണ് സിപിഐ ഉന്നയിക്കുന്നത്. ഇക്കാര്യം ഉള്‍പ്പെടെ ചര്‍ച്ച ചെയ്യാന്‍ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.