തൃശൂര്‍: ഗുരുവായൂര്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ പത്ത് ലക്ഷം രൂപയുടെ വഴിപാട് നടത്തി കര്‍ണാടക സ്വദേശി. കര്‍ണാടകയിലെ മൈസൂരുകാരനായ ഗോപാല്‍ എസ് പണ്ഡിറ്റാണ് വഴിപാട് നടത്തിയത്. ക്ഷേത്രത്തില്‍ ഇയാള്‍ പ്രതീകാത്മകമായി ആനയെ നടയിരുത്തുകയും ചെയ്തു. ഇന്ന് രാവിലെ ശീവേലിക്ക് ശേഷമായിരുന്നു നടയിരുത്തല്‍ ചടങ്ങ്.
ഗുരുവായൂര്‍ മേല്‍ശാന്തി പി.എസ് മധുസൂദനന്‍ നമ്പൂതിരി ചടങ്ങില്‍ മുഖ്യ കാര്‍മികനായി. വഴിപാടിനുള്ള പണം അടച്ചതിന് ശേഷം ക്ഷേത്രത്തിലെ കൊമ്പനാനയായ ജൂനിയര്‍ വിഷ്ണുവിനെയാണ് നടയ്ക്കിരുത്തിയത്.
ക്ഷേത്രം ഊരാളനും ദേവസ്വം ഭരണസമിതി അംഗവുമായ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട് , ക്ഷേത്രം അസി. മാനേജര്‍ സി ആര്‍ ലെജുമോള്‍, അസി.മാനേജര്‍ (ജീവ ധനം) ഇ സുന്ദര രാജ്, പാരമ്പര്യവകാശികളായ മാദേമ്പാട്ട് ചന്ദ്രശേഖരന്‍ നമ്പ്യാര്‍, കിഴക്കേ കണ്ടിയൂര്‍ പട്ടം വാസുദേവന്‍ നമ്പീശന്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി.
വഴിപാട് നേര്‍ന്ന ഗോപാല്‍ എസ് പണ്ഡിറ്റിന്റെ കുടുംബാംഗങ്ങളും ഭക്തജനങ്ങളും ചടങ്ങില്‍ സന്നിഹിതരായിരുന്നു.