വാഷിംഗ്ടൺ: ട്രംപിന്റേത് അമേരിക്കയെ വിഭജിക്കുന്ന അജൻഡയെന്ന് യു.എസ് വൈസ് പ്രസിഡന്റും ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയുമായ കമല ഹാരിസ്. അദ്ദേഹത്തിന്റെ യാഥാർത്ഥ്യം രാജ്യത്തെ ജനങ്ങൾ തിരിച്ചറിയുന്നുണ്ട്. തിരഞ്ഞെടുപ്പിൽ അതിന്റെ പ്രതിഫലനം ഉണ്ടാകും. പ്രസിഡൻഷ്യൽ ക്യാമ്പയ്നിന്റെ ഭാഗമായി ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. അമേരിക്കയുടെ പൈതൃകവും ശക്തിയും ഇല്ലാതാക്കുന്ന അജൻഡയാണ് റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥി ട്രംപിനുള്ളത്. രാജ്യത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടതിന് ശേഷമാണ് ട്രംപ് അധികാരത്തിൽ നിന്നിറങ്ങിയത്. ഇതിൽ നിന്നും അമേരിക്കയെ രക്ഷിക്കാൻ ജോ ബൈഡന്റെ നേതൃത്വത്തിലുള്ള സർക്കാർ മുൻഗണന നൽകിയെന്നും കമല പറഞ്ഞു.
അതേസമയം, ഗാസയിൽ ഇസ്രയേൽ തുടരുന്ന ആക്രമണങ്ങളിൽ ഒരു നിലപാട് മാറ്റവുമില്ല. ഇസ്രയേലിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ട്. നിരപരാധികളായ പാലസ്തീനികൾ കൊല്ലപ്പെടുന്നതിൽ ആശങ്കയുണ്ട്. യുദ്ധം അവസാനിക്കണം. വെടിനിറുത്തൽ കരാർ പ്രാബല്യത്തിലാകണം. ബന്ദികളെ മോചിപ്പിക്കണമെന്നും കമല പറഞ്ഞു. കുടിയേറ്റ വിഷയത്തിലും കമല പ്രതികരിച്ചു. യു.എസിന് നിയമങ്ങളുണ്ടെന്നും. അത് പിന്തുടരുകയും പ്രാബല്യത്തിലാക്കുകയും വേണമെന്നും അനധികൃതമായി അതിർത്തി കടന്ന് ആളുകളെത്തുന്നത് പ്രത്യാഘാതമുണ്ടാക്കുമെന്നും അവർ പറഞ്ഞു.
രാഷ്ട്രീയ നേട്ടത്തിനായി കമല കറുത്ത വർഗക്കാരിയായി സ്വയം മാറുന്നുവെന്ന ട്രംപിന്റെ വംശീയാധിക്ഷേപ പരാമർശത്തോട് കമല പ്രതികരിച്ചത് ഇങ്ങനെയായിരുന്നു അടുത്ത ചോദ്യം ചോദിക്കൂ എന്നായിരുന്നു. ലിംഗം, വംശം ഇതൊന്നുമല്ല തന്നെ സ്ഥാനാർത്ഥിത്വത്തിന് അർഹയാക്കിയതെന്ന തിരിച്ചറിവ് അമേരിക്കൻ ജനങ്ങൾക്കുണ്ടെന്ന് അവർ പറഞ്ഞു.
അതേസമയം, ഗാസയിൽ ഇസ്രയേൽ തുടരുന്ന ആക്രമണങ്ങളിൽ ഒരു നിലപാട് മാറ്റവുമില്ല. ഇസ്രയേലിന് സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ട്. നിരപരാധികളായ പാലസ്തീനികൾ കൊല്ലപ്പെടുന്നതിൽ ആശങ്കയുണ്ട്. യുദ്ധം അവസാനിക്കണം. വെടിനിറുത്തൽ കരാർ പ്രാബല്യത്തിലാകണം. ബന്ദികളെ മോചിപ്പിക്കണമെന്നും കമല പറഞ്ഞു.
ഉറച്ച് നിലപാടില്ല
തന്റെ ഡെമോക്രാറ്റിക് എതിരാളി നിലപാടിൽ ഉറച്ച് നിൽക്കാത്തവരാണെന്നും തിരഞ്ഞെടുപ്പ് ആയുധമാക്കുന്ന മാർക്സിസ്റ്റിനെ പ്രസിഡന്റാക്കാൻ അമേരിക്ക അനുവദിക്കില്ലെന്നുമായിരുന്നു കമലയുടെ അഭിമുഖത്തോടുള്ള ട്രംപിന്റെ പ്രതികരണം. കഴിഞ്ഞ ദിവസം ട്രംപ് കമല ഹാരിസിനെതിരെ നടത്തിയ അശ്ലീല പരാമർശം വിവാദമായിട്ടുണ്ട്. രാഷ്ട്രീയത്തിൽ ഉയരുന്നതിനായി കമല മുൻ സാൻഫ്രാൻസിസ്കോ മേയർ വില്ലി ബ്രൗണിന്റെ ലൈംഗികാവശ്യങ്ങൾക്ക് വഴങ്ങിയെന്ന ആരോപണമാണ് സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് ഉയർത്തിയത്.